തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തെ അക്ഷരാർഥത്തിൽ നടുക്കിയ കൂട്ടക്കൊലയുടെ കാരണം തേടുകയാണ് പോലീസ്. തിങ്കളാഴ്ചയാണ് അഫാൻ എന്ന 23-കാരൻ സ്വന്തം സഹോദരനേയും പ്രായമായ ഉമ്മൂമ്മയേയും കാമുകിയേയും അടക്കം അഞ്ചുപേരെ ക്രൂരമായി കൊലപ്പെടുത്തിയത്. പിതാവിന്റെ കടബാധ്യത പരിഹരിക്കാനാണ് കൊലപാതകമെന്നാണ് പ്രതി പോലീസിന് നൽകിയിരിക്കുന്ന മൊഴി. എന്നാൽ ഇക്കാര്യം പോലീസിനു വിശ്വാസയോഗ്യമല്ല. അഫാൻ എന്തിന് പിതാവിന്റെ സാമ്പത്തിക ബാധ്യത ഏറ്റെടുക്കണമെന്നാണ് പോലീസിനെ കുഴയ്ക്കുന്ന ചോദ്യം.
പിതാവിന്റെ കടബാധ്യത പരിഹരിക്കാൻ ഒരു മാർഗവും കണ്ടില്ല. ബന്ധുക്കളെ സമീപിച്ചപ്പോൾ അവരും സഹായിച്ചില്ല. അതിലുള്ള പ്രതികാരമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് അഫാൻ പോലീസിന് കഴിഞ്ഞ ദിവസം നൽകിയ മൊഴി. ഇതിന് ശേഷം പോലീസ് പ്രതിയെ ഔദ്യോഗികമായി ചോദ്യം ചെയ്തില്ല. വിവരങ്ങൾ ചോദിക്കുമ്പോഴൊക്കെ ഇക്കാര്യം തന്നെയാണ് പറഞ്ഞിരുന്നത്.
ഇളയസഹോദരൻ അഫ്‌സാനൊപ്പം, അഫാനെ പരിശോധനകൾക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചപ്പോൾ പ്രതി, വെഞ്ഞാറമൂട്ടിലെ ഒരു സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ നിന്ന്, ആഭരണം തരാം എന്ന് പറഞ്ഞ് പണയം വക്കുന്നതിന് മുമ്പ് തന്നെ കടമായി പണം വാങ്ങിയിരുന്നുവെന്ന് തെളിഞ്ഞിട്ടുണ്ട്. ഉച്ചയ്ക്ക് ആഭരണം തരാം എന്ന് പറഞ്ഞായിരുന്നു പണം വാങ്ങിയത്. മൊഴി പ്രകാരം, വീട്ടിൽ നിന്ന് ഇറങ്ങിയ അഫാൻ നേരെ സ്വർണ്ണപ്പണയ സ്ഥാപനത്തിലാണ് എത്തുന്നത്. ഉരുപ്പടി പിന്നെ കൊണ്ടുവരാം കുറച്ച് പണം വേണമെന്നാവശ്യപ്പെടുകയുമായിരുന്നു. നേരത്തെ പരിചയമുള്ളതിനാലാകണം, അവിടെ നിന്ന് പണം നൽകുകയും ചെയ്തു. എന്നാൽ എത്ര പണം വാങ്ങി എന്ന കാര്യം അറിയേണ്ടതുണ്ട്.
ഈ പണം ഉപയോഗിച്ച് വെഞ്ഞാറമൂടിൽ നിന്ന് ഒരു ചുറ്റിക വാങ്ങി. ഈ ചുറ്റികയുമായാണ് ഉമ്മൂമ്മ സൽമാ ബീവിയെ തലക്കടിച്ചു കൊലപ്പെടുത്തുന്നത്. അവിടെ നിന്ന് മാല കൈക്കലാക്കി. ആ മാലയുമായി വെഞ്ഞാറമൂട് തിരിച്ചെത്തിയ ശേഷം പണമിടപാട് സ്ഥാപനത്തിൽ മാല ഏൽപ്പിക്കുന്നു. പിന്നീട് പ്രതി പിതാവിന്റെ സഹോദരന്റെ വീട്ടിലേക്ക് പോകുന്നു. ഇവിടെവച്ച് പിതാവിന്റെ സഹോദരനേയും ഭാര്യയേയും കൊലപ്പെടുത്തുന്നു. ശേഷം വീട്ടിലേക്ക് തിരിച്ചെത്തി ഉമ്മയെ ആക്രമിച്ചു. പെൺസുഹൃത്തിനെ സ്വന്തം വീട്ടിലേക്ക് വിളിച്ചു വരുത്തി കൊലപ്പെടുത്തി. ശേഷം പുറത്ത് കളിച്ചു കൊണ്ടിരുന്ന സഹോദരനെ കൊണ്ടുപോയി കുഴിമന്തി വാങ്ങി നൽകിയ ശേഷം കൊലപ്പെടുത്തുന്നു. എല്ലാം കഴിഞ്ഞ ശേഷം ഓട്ടോറിക്ഷയിൽ പ്രതി പോലീസ് സ്റ്റേഷനിലെത്തി എന്നാണ് മൊഴിയിൽ പറയുന്നത്.
എന്നാൽ ഈ മൊഴിയിൽ ഒരുപാട് വൈരുദ്ധ്യങ്ങൾ മൊഴിയിലുണ്ടെന്നാണ് പോലീസ് പറയുന്നത്. ഉമ്മൂമ്മയെ കൊലപ്പെടുത്തിയതിന് ശേഷം പ്രതിയുടെ ഫോണിലേക്ക് കൊല്ലപ്പെട്ട പിതാവിന്റെ സഹോദരന്റെ ഫോൺ വന്നിട്ടുണ്ട്. പോലീസ് അനുമാനിക്കുന്നത്, ഉമ്മൂമ്മയെ കൊലപ്പെടുത്തുന്നതിന് മുമ്പ് സ്വന്തം വീട്ടിൽ സ്വന്തം ഉമ്മയ്ക്ക് നേരെ അതിക്രമം കാണിച്ചിരിക്കാം എന്നാണ് കരുതുന്നത്. കഴുത്തിൽ ഷാൾ മുറുക്കി മുഖം ഭിത്തിയിൽ ഇടിപ്പിച്ച് ബോധരഹിതയാക്കി മുറിയിൽ പൂട്ടിയിട്ട ശേഷമാണ് പ്രതി ആദ്യ കൊലപാതകത്തിനായി പുറപ്പെടുന്നതെന്ന് പോലീസ് സംശയിക്കുന്നു. ഇതിൽ സ്ഥിരീകരണം ആവശ്യമാണ്. കടം വാങ്ങിയ പണത്തിലാണ് ചുറ്റിക വാങ്ങിയത് എന്ന കാര്യത്തിൽ പ്രതി ഉറച്ചു നിൽക്കുന്നുണ്ട്. പിന്നീട് ഉമ്മൂമ്മയെ കൊലപ്പെടുത്തിയ ശേഷം സ്വർണം സ്ഥാപനത്തിൽ ഏൽപ്പിക്കുകയായിരുന്നു എന്നാണ് പ്രതി മൊഴിയിൽ പറയുന്നത്.
പിതാവിന് കടബാധ്യതയുണ്ട്. ആ ബാധ്യതയുമായി ബന്ധപ്പെട്ട് കുടുംബങ്ങൾ സഹായിക്കുന്നില്ലെന്ന പരാതി ഉണ്ട്. അതിനിടെ പെൺകുട്ടിയെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നു. അതിന് കുടുംബത്തിൽ നിന്ന് പ്രത്യേകമായി പണം ആവശ്യപ്പെട്ടിരുന്നു. ഇതും പോലീസ് അന്വേഷിക്കുന്നുണ്ട്. പ്രതി ലഹരി ഉപയോഗിക്കുന്നുണ്ടോ എന്ന കാര്യത്തിലും വ്യക്തത വരേണ്ടതുണ്ട്. താൻ ലഹരിക്കടിമയല്ലെന്നാണ് പ്രതി പറയുന്നത്. എന്നാൽ ബന്ധുക്കളിൽ ചിലർ പറയുന്നതനുസരിച്ച് പ്രതി ലഹരി ഉപയോഗിക്കുന്നുണ്ടെന്നാണ് പറയുന്നത്. ഇയാൾ ഒറ്റയ്‌ക്കെത്തിയാണ് കൃത്യം ചെയ്തത് എന്ന കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. അപ്പോഴും കുടുംബത്തെ കൊലപ്പെടുത്താൻ തീരുമാനിച്ചയാൾ എന്തിനു പെൺസുഹൃത്തിനെ വിളിച്ചുവരുത്തി കൊലപ്പെടുത്തിയെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല.