തിരുവനന്തപുരം: വെങ്ങാനൂരിൽ വിദ്യാർഥി ദുരൂഹ സാഹചര്യത്തിൽ വീടിനുള്ളിൽ മരിച്ചനിലയിൽ. ഒമ്പതാം ക്ലാസ് വിദ്യാർഥി അലോക്‌നാഥിനെയാണ് രാവിലെ കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടത്. രാവിലെ ആറുമണിയോടെ അമ്മയും സഹോദരിയുമാണ് കുട്ടിയെ കട്ടിലിൽ അനക്കമറ്റ നിലയിൽ കണ്ടത്. തുടർന്ന് വീട്ടിലുള്ള ജോലിക്കാരിയുടെ സഹായത്താൽ കുട്ടിയെ ഉടൻ തന്നെ വീട്ടുകാർ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ശരീരത്തിൽ നീലനിറവുമുണ്ടായിരുന്നുവെന്നാണ് വിവരം. കഴുത്തിൽ പാട് കാണുന്നുണ്ടെന്നും അബദ്ധവശാൽ ഷോക്കേറ്റതാകാമെന്നുമാണ് പോലീസ് പറയുന്നത്. കുട്ടിയുടെ മുറിയിൽ സാധനങ്ങൾ വലിച്ചുവാരിയിട്ട നിലയിലായിരുന്നു. അലോക്‌നാഥിന്റെ പിതാവ് ഗൾഫിലാണ്. അമ്മയ്ക്കും സഹോദരിക്കുമൊപ്പമാണ് അലോക്‌നാഥ് താമസിച്ചിരുന്നത്.
ഒരു തരത്തിലുള്ള പ്രശ്നങ്ങളും അലോകിന് ഉണ്ടായിരുന്നില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. കൂടാതെ കുട്ടിക്ക് ഇലക്ട്രിക് സാധനങ്ങളോട് പ്രത്യേക കമ്പമായിരുന്നെന്നും ബന്ധുക്കൾ പറയുന്നു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മാത്രമേ യഥാർഥ മരണകാരണം വ്യക്തമാകുകയുള്ളു. പോസ്റ്റ്‌മോർട്ടത്തിനായി മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റി.