കൊച്ചി: പോലീസിൻറെ അന്യായമായ റിക്കവറി അവസാനിപ്പിക്കണമെന്നതടക്കം നിരവധി ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ സ്വർണ്ണ വ്യാപാരികൾ സെക്രട്ടറിയേറ്റ് ധർണ്ണ നടത്തുന്നു. 25ന് രാവിലെ 10.30 ന് ധർണ രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുമെന്ന് സംസ്ഥാന പ്രസിഡൻറ് ഡോ.ബി.ഗോവിന്ദൻ ജനറൽ സെക്രട്ടറി അഡ്വ.എസ്. അബ്ദുൽ നാസർ ട്രഷറർ സി.വി. കൃഷ്ണദാസ് എന്നിവർ അറിയിച്ചു.
മോഷ്ടാവിന്റെ മൊഴിയുടെ പേരിൽ റിക്കവറി നടത്താമെന്ന നിയമം ദുരുപയോഗം ചെയ്ത് സ്വർണ്ണ വ്യാപാരികളെ അന്യായമായി കേസിൽ കുടുക്കുകയാണ്. ഒരു കേസിൽ പല കടകളിൽ നിന്നായി പതിന്മടങ്ങ് സ്വർണ്ണമാണ് റിക്കവറി നടത്തുന്നത്. നിരവധി സ്വർണ വ്യാപാരികളാണ് റിക്കവറി കേസുകളിൽ കുടുങ്ങി ആത്മഹത്യ ചെയ്തിട്ടുള്ളതും, കടകൾ അടച്ചുപൂട്ടി പോയിട്ടുള്ളതും.
റിക്കവറി കേസിൽ പാലിക്കപ്പെടേണ്ട മാനദണ്ഡങ്ങൾ സംസ്ഥാന പോലീസ് മേധാവി സർക്കുലർ ആയി ഇറക്കിയിട്ടുണ്ട്. മാത്രമല്ല ഹൈക്കോടതി പോലീസ് മേധാവിയുടെ സർക്കുലർ നടപ്പാക്കണം എന്നും ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. പോലീസ് റിക്കവറിക്ക് വരുമ്പോൾ കടയുടെ സമീപത്തുള്ള പൊതുപ്രവർത്തകന്റെയും അസോസിയേഷൻ പ്രതിനിധികളുടെയും സാന്നിധ്യത്തിൽ ആയിരിക്കണം റിക്കവറി നടത്തേണ്ടതെന്ന മാനദണ്ഡങ്ങൾ ഒരിക്കലും പാലിക്കപ്പെടുന്നില്ല. പലപ്പോഴും സ്വർണ്ണ വ്യാപാരിയെ കസ്റ്റഡിയിലെടുത്ത് ബന്ദിയാക്കിയാണ് റിക്കവറി നടത്തുന്നത്.
റിക്കവറി കേസിന്റെ അവസാനത്തെ ഇരയാണ് ഫെബ്രുവരി 7ന് പോലീസ് കസ്റ്റഡിയിൽ ഇരിക്കെ മരണപ്പെട്ട ആലപ്പുഴ ജില്ലയിലെ മുഹമ്മ രാജി ജ്വല്ലറി ഉടമ രാധാകൃഷ്ണൻ. ഫെബ്രുവരി 6ന് കടുത്തുരുത്തി പോലീസ് ജ്വല്ലറിയിൽ എത്തിയാണ് രാധാകൃഷ്ണനെ കസ്റ്റഡിയിൽ എടുക്കുന്നത്. കട അടയ്ക്കാൻ അദ്ദേഹത്തെ അനുവദിച്ചില്ല. കസ്റ്റഡിയിൽ എടുത്ത വിവരം തൊട്ടടുത്ത മൊബൈൽ റിപ്പയറിങ് ഷോപ്പ് നടത്തുന്ന മകനെയോ, രാധാകൃഷ്ണന്റെ ഭാര്യയോ പോലീസ് അറിയിച്ചിട്ടില്ല. വെളുപ്പിന് 3മണിക്ക് ശേഷമാണ് മകനെ വിളിച്ച് അറസ്റ്റ് ചെയ്ത വിവരം അറിയിക്കുന്നത്. കടുത്തുരുത്തി പോലീസ് സ്റ്റേഷനിലെത്തിയ മകൻ രതീഷിന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സർക്കിൾ ഇൻസ്പെക്ടർ കാണാൻ അനുമതി നൽകിയത്.
വലിയതോതിൽ മർദ്ദനമേറ്റുന്നുവെന്ന് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ മകൻ പറയുന്നുണ്ട്. 7ന് വൈകിട്ട് 4മണിയോടെ മോഷ്ടാവിനെയും, വ്യാപാരിയെയും ഒരുമിച്ച് മുഹമ്മയിലെ ജുവലറിയിൽ എത്തിച്ച് സ്വർണം റിക്കവറി ആവശ്യപ്പെടുകയായിരുന്നു. അവിടെ വച്ചും പോലീസ് രാധാകൃഷ്ണനെ മർദ്ദിച്ച് ചവിട്ടി താഴെ ഇട്ടതായി പരാതിയിൽ പറയുന്നുണ്ട്. പോലീസ് മർദ്ദനത്തിലും തുടർന്നുണ്ടായ സംഭവത്തിലും ആണ് സ്വർണ്ണ വ്യാപാരി മരണപ്പെട്ടത്.
സംഭവത്തിൽ ഉൾപ്പെട്ട പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും, രാധാകൃഷ്ണന്റെ കുടുംബത്തിന് 25 ലക്ഷം രൂപ സഹായ ധനം അനുവദിക്കണമെന്നും ആവശ്യപ്പെടുന്നു. ഓരോ വർഷവും കിലോ കണക്കിന് സ്വർണം റിക്കവറി നടത്തുന്നു. റിക്കവറി നടത്തുന്ന സ്വർണ്ണത്തിൻറെ ചെറിയൊരു അംശം മാത്രമാണ് കോടതികളിൽ തൊണ്ടിമുതലായി ഹാജരാക്കുന്നത്. റിക്കവറി നടത്തുന്നതനുസരിച്ചുള്ള കേസുകൾ കേരളത്തിലെ പോലീസ് സ്റ്റേഷനുകൾ ഉണ്ടോയെന്ന് അസോസിയേഷൻ സംശയിക്കുന്നു. ഒരു മോഷണക്കേസിൽ നിരവധി സ്വർണ വ്യാപാരികളിൽ നിന്നും റിക്കവറി നടത്തുന്നു. ഒരേ മോഷ്ടാവിനെ ഉപയോഗിച്ച് പല സ്റ്റേഷനുകളിൽ നിന്നും റിക്കവറി നടത്തുന്നവരും ഉണ്ട്. കഴിഞ്ഞ 10 വർഷത്തെ പോലീസിൻറെ സ്വർണ റിക്കവറിയെക്കുറിച്ച് അന്വേഷിക്കണമെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോ. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.എസ്. അബ്ദുൽ നാസർ ആവശ്യപ്പെട്ടു.