കൊച്ചി: മാസമെത്താതെയുള്ള ജനനം, ജനിച്ചുവീണപ്പോൾ മുതൽ അമ്മിഞ്ഞപ്പാലിന്റെ രുചിയറിഞ്ഞിട്ടില്ല, പിറന്നുവീണ് 23 ദിവസമായിട്ടും നിയോനേറ്റൽ ഐസിയുവിൽ ഓക്സിജൻ മാസ്ക് ധരിച്ചുള്ള ജീവിതം. ‘ബേബി ഓഫ് രഞ്ജിത’യെന്ന് ഹോസ്പിറ്റൽ രജിസ്റ്ററിലുള്ള കൈക്കുഞ്ഞിന്റെ ജീവിതം നാളെയെങ്ങയായിരിക്കുമെന്ന ആശങ്കയാണ് കഴിഞ്ഞ 23 ദിവസമായി കുഞ്ഞിനെ പരിചരിക്കുന്നവർക്ക്.
കോട്ടയത്തെ ഫിഷ് ഫാമിൽ ജോലി ചെയ്തിരുന്ന ജാർഖണ്ഡ് സ്വദേശികളായ ദമ്പതികളാണ് മംഗളേശ്വറും രഞ്ജിതയും. പ്രസവത്തിനായി നാട്ടിലേക്കു പോകുന്ന സമയത്തു ട്രെയിനിൽ വച്ചു രഞ്ജിതയ്ക്ക് അസ്വസ്ഥതകളുണ്ടായി. തുടർന്ന് എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജനുവരി 29ന് രഞ്ജിത ഒരു പെൺകുഞ്ഞിനു ജന്മം നൽകി. 28 ആഴ്ചയെത്തിയതേയുണ്ടായിരുന്നുള്ളു.
ഗൂഗിള്‍ പേ ഉപയോഗിച്ച് ബില്‍ പേയ്മെന്‍റുകള്‍ നടത്തുന്നുണ്ടോ? ‘കണ്‍വീനിയന്‍സ് ഫീസ്’ ഏര്‍പ്പെടുത്തി
മാസം തികയാതെ ഉണ്ടായതിനെ തുടർന്നു ഹോസ്പിറ്റൽ അധികൃതർ വിദഗ്ധ ചികിത്സയ്ക്കായി കുഞ്ഞിനെ ലൂർദ് ആശുപത്രിയിലെ എൻഐസിയുവിലേക്കു മാറ്റി. അമ്മ ജനറൽ ആശുപത്രിയിൽ ചികിത്സയിൽ തുടർന്നു. അച്ഛൻ രണ്ടിടത്തും മാറി മാറി നിന്നു. ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്ന് അമ്മയെ 31ന് ആശുപത്രിയിൽ നിന്നു ഡിസ്ചാർജ് ചെയ്തു.
എന്നാൽ അന്നുവരെ മകളെ ഒരു നോക്കു കാണാനായി ആശുപത്രി വരാന്തയിലെത്തുമായിരുന്ന അച്ഛനെ പിന്നീട് കണ്ടിട്ടില്ല. ആരോടും പറയാതെ മംഗളേശ്വറും രഞ്ജിതയും നാട്ടിലേക്കു മടങ്ങി. ആശുപത്രി അധികൃതർ തങ്ങൾക്ക് ഹോസ്പിറ്റൽ രേഖകളിൽ നിന്നുകിട്ടിയ ഫോൺ നമ്പറിൽ ബന്ധപ്പെട്ടെങ്കിലും ജാർഖണ്ഡിൽ എത്തിയെന്ന എസ്എംഎസ് സന്ദേശം മാത്രമായിരുന്നു മറുപടി. പിന്നീട് ഇതുവരേയും ഫോണിൽ വിളിച്ചിട്ട് കിട്ടിയിട്ടില്ല.
അതേസമയം നിയോനേറ്റൽ ഐസിയുവിൽ കഴിയുന്ന കൈക്കുഞ്ഞ് കണ്ണുതുറന്നു ലോകം കാണും മുൻപേ തന്നെയുപേക്ഷിച്ച് അച്ഛനുമമ്മയും നാട്ടിലേക്കു മടങ്ങിയതറിയാതെ ജീവിതത്തിലേക്കു തിരിച്ചുവരാനുള്ള പോരാട്ടത്തിലാണ്. ആശുപത്രിയിലെ ശിശുരോഗ വിഭാഗം സീനിയർ കൺസൽറ്റന്റ് ഡോ. റോജോ ജോയിയുടെ നേതൃത്വത്തിലുള്ള ചികിത്സയിലൂടെ ആരോഗ്യനില മെച്ചപ്പെട്ടു. എങ്കിലും ഇനിയും ഒരു മാസം എൻഐസിയുവിൽ തുടരേണ്ടി വരും.
സംഭവത്തിൽ പേലീസിനു വിവരം കൈമാറിയെങ്കിലും ശിശുക്ഷേമ സമിതിയെ അറിയിക്കാനായിരുന്നു സ്റ്റേഷനിൽ നിന്നുള്ള നിർദേശം. ആരോഗ്യസ്ഥിതി മെച്ചപ്പെട്ട ശേഷം കുഞ്ഞിനെ ഏറ്റെടുക്കാമെന്നു ശിശുക്ഷേമ സമിതി ആശുപത്രി അധികൃതരെ അറിയിച്ചിട്ടുണ്ട്. അതിനു മുൻപ് ഉപേക്ഷിച്ചുപോയ അച്ഛനമ്മമാർ കുരുന്നിനെ കൂടെക്കൂട്ടാൻ തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് ആശുപത്രി അധികൃതർ.