ജറുസലെം: ഗാസയിലെ ഒരു വൃദ്ധനായ പലസ്തീന്‍കാരനെയും അദ്ദേഹത്തിന്‍റെ ഭാര്യയെയും ഇസ്രായേൽ സൈന്യം ക്രൂരമായി കൊലപ്പെടുത്തിയതായി ഇസ്രായേലി വാർത്താ വെബ്‌സൈറ്റായ ഹാമാകോം നടത്തിയ അന്വേഷണ റിപ്പോര്‍ട്ട്. പേര് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും 80 വയസ്സിനു മുകളിൽ പ്രായമുള്ളതായി കരുതപ്പെടുന്ന പലസ്തീൻകാരനോടാണ് ഈ ക്രൂരത. തെരച്ചിൽ നടത്തിയില്ലെങ്കിൽ സ്ഫോടകവസ്തുക്കൾ പൊട്ടിത്തെറിപ്പിക്കുകയും തല പൊട്ടിച്ച് കളയുകയും ചെയ്യുമെന്ന് ഇസ്രായേൽ സൈന്യം ഭീഷണിപ്പെടുത്തി.
കഴിഞ്ഞ വർഷമാണ് റിപ്പോര്‍ട്ടിന് ആധാരമായ സംഭവം. മെയ് മാസത്തിൽ ഗാസ സിറ്റിയിലെ സെയ്തൂൺ പരിസരത്തുള്ള 80 വയസുള്ള പലസ്തീൻ ദമ്പതികളുടെ വീടിന് സമീപം നിരവധി വ്യത്യസ്ത ബ്രിഗേഡുകളിൽ നിന്നുള്ള ഇസ്രായേലി സൈനികർ തടിച്ചുകൂടിയപ്പോഴാണ് ക്രൂരത നടന്നതെന്ന് ഹാമാകോം റിപ്പോർട്ട് ചെയ്തു. ഹമാസുമായും മറ്റ് പലസ്തീൻ പ്രസ്ഥാനങ്ങളുമായും തീവ്രമായ പോരാട്ടത്തിൽ ഏർപ്പെട്ട സമയമായിരുന്നു അത്. നഹൽ ബ്രിഗേഡ്, കാർമെലി ബ്രിഗേഡ്, മൾട്ടിഡൈമൻഷണൽ യൂണിറ്റ് എന്നിവ ചേർന്ന്, നടക്കാൻ വടി ഉപയോഗിച്ചിരുന്ന വൃദ്ധനായ പലസ്തീൻകാരനെ മനുഷ്യകവചമായി ഉപയോഗിക്കാൻ തീരുമാനിച്ചതായി ഹാമാകോം റിപ്പോര്‍ട്ട് പറഞ്ഞു.
പലസ്തീൻകാരനായ വൃദ്ധന്‍റെ കഴുത്തിൽ സ്ഫോടകവസ്തുക്കൾ വച്ചതിനുശേഷം അവര്‍ ഇങ്ങനെ പറഞ്ഞു, “നമ്മൾ ആഗ്രഹിക്കുന്ന രീതിയിൽ പോയില്ലെങ്കിൽ, അയാൾ എന്തെങ്കിലും തെറ്റ് ചെയ്താലും ഇല്ലെങ്കിലും, അയാളുടെ പിന്നിലുള്ളയാൾ കയർ വലിക്കുമെന്നും അയാളുടെ തല ശരീരത്തിൽ നിന്ന് വേർപെടും” ഇത്തരത്തില്‍ അവര്‍ പറഞ്ഞതായി ഒരു ഇസ്രായേലി സൈനികൻ ഹാമാകോമിനോട് പറഞ്ഞു. ഹമാസ് ഉപയോഗിക്കുന്നതായി ആരോപിക്കപ്പെടുന്ന വീടുകളിലും തുരങ്കത്തിലും വൃദ്ധനായ ഫലസ്തീനിയെ നിർബന്ധിച്ച് കയറ്റിയ ശേഷം, സൈനികർ അദ്ദേഹത്തോടും ഭാര്യയോടും പ്രദേശം വിട്ട് അൽ-മവാസിയിലേക്ക് പോകാൻ ഉത്തരവിട്ടു. എന്നാൽ, ദമ്പതികളെ പോകാൻ അനുവദിച്ചതിന് 100 മീറ്ററിനുള്ളിൽ ഇരുവരെയും വെടിവച്ചു കൊല്ലുകയായിരുന്നെന്ന് മറ്റൊരു സൈനികന്‍ പറഞ്ഞതായി ഹാമാകോം പറഞ്ഞു.