പാലക്കാട്: പകുതി വില തട്ടിപ്പിന് ഇരയായ വീട്ടമ്മ മന്ത്രി ഇടപെട്ട് എങ്ങനെയെങ്കിലും പണം തിരികെ വാങ്ങിത്തരണമെന്ന് ആവശ്യപ്പെട്ടപ്പോൾ കയർത്ത് മന്ത്രി കെ കൃഷ്ണൻകുട്ടി. മന്ത്രിയുടെ ഓഫീസിൽ വച്ചാണ് തങ്ങൾ പകുതി വിലയ്ക്ക് സ്‌കൂട്ടർ വാഗ്ദാനം ചെയ്തവർക്ക് പണം നൽകിയതെന്നും മന്ത്രി ഇടപെട്ട് പണം തിരികെ വാങ്ങിതരണമെന്നും ചാനലിലൂടെ ആവശ്യപ്പെട്ട പരാതിക്കാരിയോടാണ് മന്ത്രി കയർത്തത്. നിങ്ങൾ അതിമോഹം വന്നിട്ടല്ലേ ഇതൊക്കെ ചെയ്തതെന്ന് മന്ത്രി പരാതിക്കാരിയോട് പരിഹസിച്ചു ചോദിച്ചു. റിപ്പോർട്ടർ ചാനൽ ലൈവിൽ പരാതിക്കാരി വിവരങ്ങൾ പറഞ്ഞപ്പോഴാണ് ആ സമയം ലൈനിലുണ്ടായിരുന്ന മന്ത്രി വീട്ടമ്മയോട് ഇങ്ങനെ പ്രതികരിച്ചത്.
തങ്ങൾ കടം വാങ്ങിയ പണമാണെന്നും മന്ത്രി ഇടപെട്ട് പണം തിരികെ വാങ്ങിത്തരണമെന്ന് പറഞ്ഞപ്പോൾ, ‘നിങ്ങൾ പോലീസിൽ പരാതി പറയൂ. എന്നോട് പറഞ്ഞിട്ടല്ലല്ലോ ഇടപാട് നടത്തിയത്. അതിമോഹം കാരണമല്ലേ ഇതൊക്കെ ചെയ്തത്. അതൊന്നും പറയണ്ട. വെറുതെ കിട്ടുന്നുവെന്ന് പറഞ്ഞപ്പോൾ പോയതല്ലേ. പോലീസിൽ പരാതി നൽകിയിട്ടുണ്ട്’, എന്നാണ് മന്ത്രി പറഞ്ഞത്. കൂടാതെ തന്റെ ഓഫീസിൽ വച്ച് പണപിരിവ് നടത്തിയിട്ടുണ്ടോയെന്ന് അറിയില്ലെന്നും മന്ത്രി പറഞ്ഞു.
ചിറ്റൂർ മണ്ഡലത്തിലെ പണം നഷ്ടമായ വീട്ടമ്മമാരാണ് ജെഡിഎസ് പഞ്ചായത്ത് അംഗമായ പ്രീതി രാജന് മന്ത്രിയുടെ ഓഫീസിൽ വച്ചാണ് പണം കൈമാറിയതെന്ന് ആരോപിച്ചത്. സീഡ് സൊസൈറ്റിയുടെ ചിറ്റൂർ കോർഡിനേറ്ററാണ് പ്രീതി രാജൻ. സർക്കാർ പദ്ധതിയെന്ന പേരിലാണ് പണപ്പിരിവ് നടത്തിയതെന്നും തട്ടിപ്പിൽ മന്ത്രിയുടെ പിഎയ്ക്കും പങ്കുണ്ടെന്നും പരാതിക്കാർ ആരോപിച്ചിരുന്നു. എന്നാൽ ഇതും മന്ത്രി നിഷേധിച്ചു. തന്റെ ഇങ്ങനെയൊന്നും ചെയ്യില്ലെന്നും മന്ത്രി പ്രതികരിച്ചു.