ന്യൂഡൽഹി: അമേരിക്കയ്ക്കും യുകെയ്ക്കും പിന്നാലെ അനധികൃത കുടിയേറ്റക്കാർക്ക് എതിരേ നിലപാട് കടുപ്പിച്ച് ഇന്ത്യയും. മതിയായ രേഖകളില്ലാതെ രാജ്യത്ത് തുടരുന്നവർക്ക് കർശന ശിക്ഷയും പിഴയും വ്യവസ്ഥ ചെയ്യുന്ന ഇമിഗ്രേഷൻ ആൻഡ് ഫോറിനേഴ്‌സ് ബിൽ 2025 ലോക്‌സഭയിൽ ഈ സമ്മേളനകാലത്ത് അവതരിപ്പിക്കും. ഫോറിനേഴ്‌സ് ആക്ട് 1946, പാസ്‌പോർട്ട് ആക്ട് 1920, രജിസ്‌ട്രേഷൻ ഓഫ് ഫോറിനേഴ്‌സ് ആക്ട് 1939, ഇമിഗ്രേഷൻ ആക്ട് 2000 എന്നിവയ്ക്ക് പകരമായാണ് പുതിയ ബിൽ ഒരുങ്ങുന്നത്.
പാസ്‌പോർട്ടോ, വിസയോ കൂടാതെ ഇന്ത്യയിൽ പ്രവേശിക്കുന്ന വിദേശികൾക്ക് അഞ്ചുവർഷം വരെ തടവും അഞ്ചു ലക്ഷം രൂപ വരെ പിഴയും പുതിയ ബിൽ വ്യവസ്ഥ ചെയ്യുന്നു. വ്യാജ പാസ്‌പോർട്ടിന് ശിക്ഷാപരിധി രണ്ടുവർഷത്തിൽ നിന്ന് ഏഴ് വർഷമാക്കി ഉയർത്തിയേക്കും. ഒന്നു മുതൽ പത്തുലക്ഷം രൂപ വരെയായിരിക്കും ഇവർക്ക് ലഭിക്കുന്ന പിഴ. നിലവിൽ ഇന്ത്യയിൽ വ്യാജ പാസ്‌പോർട്ടുമായി പ്രവേശിച്ചാൽ 50,000 രൂപ പിഴയും എട്ടുവർഷം വരെ തടവുമാണ് ലഭിക്കുന്ന ഏറ്റവും ഉയർന്ന ശിക്ഷ.
കൂടാതെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സർവകലാശാലകളിലും പഠിക്കാനെത്തുന്ന വിദേശ വിദ്യാർഥികളുടെ വിവരങ്ങൾ രജിസ്‌ട്രേഷൻ ഓഫീസറുമായി പങ്കുവയ്ക്കണമെന്നും പുതിയ ബിൽ നിഷ്‌കർഷിക്കുന്നു. വിദേശികൾക്ക് താമസമൊരുക്കുന്ന എല്ലാ സ്ഥാപനങ്ങൾക്കും ഇത് ബാധകമാണ്. വിസ കാലാവധി കഴിഞ്ഞ് തുടരുകയാണെങ്കിലോ വിസ മാർഗനിർദേശങ്ങൾ ലംഘിക്കുകയാണെങ്കിലോ മൂന്ന് വർഷം വരെ തടവും മൂന്ന് ലക്ഷം രൂപ വരെ പിഴയോ ലഭിക്കാം.
മതിയായ രേഖകളില്ലാതെ വിദേശികളെ സഞ്ചാരത്തിന് സഹായിക്കുന്ന കരിയേഴ്‌സിന് അഞ്ചുലക്ഷം രൂപ വരെ പിഴ ലഭിക്കാം. പിഴ അടച്ചില്ലെങ്കിൽ വിദേശി സഞ്ചരിച്ച വാഹനം പിടിച്ചെടുക്കാനുള്ള അധികാരവും പുതിയ ബിൽ നൽകുന്നു.