തിരുവനന്തപുരം: കിളിയൂരിൽ മകൻ അച്ഛനെ കഴുത്തറുത്ത് കൊലപ്പെടുത്തിയത് ബ്ലാക് മാജിക്കിന്റെ ഭാഗമായല്ല മറിച്ച് സാത്താൻ സേവയ്ക്കു വേണ്ടിയുള്ളതെന്ന് പാരാസൈക്കോളജിസ്റ്റ് ഡോ. വി ജോർജ് മാത്യു. സാത്താനെ പ്രീതിപ്പെടുത്താനാണ് ജോസിനെ കൊലപ്പെടുത്തിയത്. ജോസിൻ്റെ കൊലപാതകം നന്തൻകോട് കൊലപാതകത്തോട് സാമ്യമുള്ളതാണ്. പ്രജിൻ്റെ മുറിയിൽ കണ്ടത് ബ്ലാക്ക് മാജിക്കിൻ്റെ വസ്തുക്കൾ അല്ലെന്നും ജോർജ് മാത്യു പറയുന്നു.
പ്രജിൻറെ റൂമിൽ നിന്ന് കണ്ടെത്തിയ വസ്തുക്കൾ സൂചിപ്പിക്കുന്നത് സാത്താൻ സേവയാണ് എന്നാണ്. വരച്ച ചിത്രങ്ങളും രൂപങ്ങളും ഇതുതന്നെയാണ് തെളിയിക്കുന്നത്. സിനിമാപഠനത്തിനായി കൊച്ചിയിലെത്തിയപ്പോൾ ലഭിച്ച ബന്ധങ്ങളാവാം ഇതിനു പിന്നിലെന്നും സംശയിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടാതെ ഈ കൊലയ്ക്ക്തിരുവനന്തപുരം നന്തൻകോട് കേഡൽ ജിൻസൺ രാജ മാതാപിതാക്കളടക്കം നാലുപേരെ കൊലപ്പെടുത്തിയ സംഭവവുമായി സാമ്യമുള്ളതാണെന്നും ജോർജ് മാത്യു ചൂണ്ടിക്കാണിച്ചു.
ഈ മാസം അഞ്ചിനാണ് മകൻ അച്ഛനെ അതിക്രൂരമായി കൊലപ്പെടുത്തിയത്. വെള്ളറട സ്വദേശി ജോസി(70)നെ മകൻ പ്രജിൻ (28) കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. കോവിഡിനെ തുടർന്നാണ് പ്രജിൻ ചൈനയിലെ മെഡിക്കൽ പഠനം പൂർത്തിയാക്കാതെ നാട്ടിൽ മടങ്ങിയെത്തിയത്. പിന്നീടാണ് അഭിനയ മോഹവുമായി പ്രജിൻ കൊച്ചിയിലെത്തിയത്. കൊച്ചിയിൽനിന്നും തിരികെ വന്നശേഷം മകനിൽ കാര്യമായ മാറ്റങ്ങൾ കണ്ടുതുടങ്ങിയെന്നാണ് അമ്മ കഴിഞ്ഞ ദിവസം പ്രതികരിച്ചത്. ജയിലിൽ നിന്നെറങ്ങിയാൽ ഏതുനിമിഷവും തന്നേയും കൊലപ്പെടുത്തുമെന്ന ആശങ്കയും അമ്മ പങ്കുവച്ചിരുന്നു.