തിരുവനന്തപുരം: ബാലരാമപുരത്ത് ദേവേന്ദുവെന്ന രണ്ടു വയസുകാരിയെ കൊലപ്പെടുത്തിയ കേസിൽ തനിക്ക് പങ്കില്ലെന്ന് ജോത്സ്യൻ ശംഖുമുഖം ദേവീദാസൻ. ജ്യോതിഷവുമായി ബന്ധപ്പെട്ട് ശ്രീതുവിന് ഒരു മാർഗനിർദേശവും താൻ നൽകിയിട്ടില്ലെന്നും ശ്രീതു തല മുണ്ഡനം ചെയ്തത് തന്റെ നിർദേശ പ്രകാരം അല്ലെന്നും ശംഖുമുഖം ദേവീദാസൻ പറഞ്ഞു.
മാത്രമല്ല വാഹനവും വീടും വാങ്ങി നൽകാമെന്ന് പറഞ്ഞ് 36 ലക്ഷം രൂപ വാങ്ങിയിട്ടുണ്ടോയെന്ന് പോലീസ് ചോദിച്ചു. ഇക്കാര്യം ഞാൻ നിഷേധിച്ചു. തെളിവുകൾ ഉണ്ടെങ്കിൽ നടപടിയെടുക്കാമെന്നും പറഞ്ഞു. ഫോണിൽ ഭീഷണിപ്പെടുത്തി എന്നതാണ് എനിക്കെതിരെയുള്ള മറ്റൊരു ആരോപണം. തെളിവുകൾ പരിശോധിക്കാനായി ഫോണുകൾ പോലീസിന് നൽകിയിട്ടുണ്ട്. അവർക്ക് പരിശോധിച്ചാൽ കാര്യങ്ങൾ മനസിലാകും. 36 ലക്ഷം ഞാൻ തട്ടിയെന്ന് അവർ പരാതി കൊടുത്തതിന്റെ കാരണം എനിക്ക് അറിയില്ല. ബ്ലാക്ക് മെയിൽ ആയിരുന്നോ ഉദ്ദേശമെന്ന സംശയം പോലീസിനോട് പറഞ്ഞിട്ടുണ്ട്.
ചോദ്യം ചെയ്യാൻ വരാമെന്ന് അറിയിച്ചിട്ടും പോലീസ് ബലമായി പിടിച്ചു കൊണ്ടു പോയി. മാധ്യമങ്ങൾക്ക് മുമ്പിൽ കള്ളനായി പോലീസ് തന്നെ ചിത്രീകരിച്ചു. ഹരികുമാർ എന്റെയടുത്ത് ജോലി ചെയ്തിരുന്നപ്പോൾ അവന്റെ ശമ്പളം വാങ്ങാൻ അമ്മയും സഹോദരിയും മാസത്തിലൊരിക്കൽ വരുമായിരുന്നു. മൂന്ന് മാസം അയാൾ എന്റെയടുത്ത് ജോലി ചെയ്തു. പിന്നീട് അയാളെ ഞാൻ ജോലിയിൽ നിന്ന് പറഞ്ഞുവിട്ടു.
തന്റെ പേരിൽ ചിലർ ജ്യോതിഷത്തെ അടച്ചാക്ഷേപിക്കുകയാണ്. മാധ്യമങ്ങൾ എനിക്കെതിരെ വ്യക്തിഹത്യ നടത്തി. കുറ്റക്കാരനല്ല എന്നറിഞ്ഞിട്ടും മാധ്യമങ്ങൾ വേട്ടയാടുന്നു. ഇനിയും വ്യക്തിഹത്യ തുടർന്നാൽ മാധ്യമപ്രവർത്തകർക്കെതിരെ നടപടി സ്വീകരിക്കുമെന്നും ദേവീദാസൻ പറഞ്ഞു. കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബവുമായി തനിക്ക് അടുത്ത ബന്ധമൊന്നുമില്ലെന്ന് ദേവീദാസൻ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.