പാലക്കാട്: നെന്മാറ ഇരട്ട കൊലപാതകക്കേസില്‍ പ്രതി ചെന്താമരയുമായി ഇന്ന് തെളിവെടുപ്പ് നടത്തും. ജനരോഷം കണക്കിലെടുത്ത് പ്രദേശത്ത് കനത്തസുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൊലപാതകം നടന്ന പോത്തുണ്ടിയിലും ചെന്താമരയുടെ വീട്ടിലുമെത്തിച്ചുമാണ് തെളിവെടുപ്പ് നടത്തുന്നത്. പോത്തുണ്ടിയിൽ മാത്രം നൂറോളം പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. നേരത്തെ പ്രതിയുടെ സുരക്ഷ കണക്കിലെടുത്ത് ആലത്തൂരിലെ ജയിലില്‍നിന്ന് വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലേക്ക് മാറ്റിയിരുന്നു.
ജനുവരി 27നാണ് അയല്‍വാസികളായ സുധാകരനെയും അമ്മ ലക്ഷ്മിയെയും ചെന്താമര ക്രൂരമായി വെട്ടിക്കൊലപ്പെടുത്തുന്നത്. സുധാകരന്‍റെ ഭാര്യ സജിതയെ കൊന്ന കേസില്‍ ജയിലില്‍നിന്ന് ഇടക്കാല ജാമ്യത്തില്‍ പുറത്തിറങ്ങിയാണ് വീണ്ടും കുടുംബത്തിലെ രണ്ടുപേരെ കൊലപ്പെടുത്തിയത്. ഇവരെ കൊലപ്പെടുത്താന്‍ ചെന്താരമര നേരത്തെ മുന്‍കൂട്ടി പദ്ധതിയിട്ടിരുന്നു. ഇനിയും തന്‍റെ പട്ടികയില്‍ മൂന്നുപേര്‍ കൂടിയുണ്ടെന്ന് പിടികൂടിയതിന് പിന്നാലെ ഇയാള്‍ ആക്രോശിച്ചിരുന്നു.
ചെന്താമരയെ രണ്ട് ദിവസത്തേക്കാണ് പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഇന്നും നാളെയുമായി (ഫെബ്രുവരി 4, 5) തെളിവെടുപ്പ് പൂർത്തിയാക്കാനാണ് പോലീസിന്‍റെ തീരുമാനം. ചെന്താമര മനസ്താപമില്ലാത്ത കുറ്റവാളിയാണെന്ന് പോലീസിന്‍റെ റിമാന്‍ഡ് റിപ്പോര്‍ട്ടിൽ പറയുന്നു. കൊലപാതകം നടത്താന്‍ ചെന്താമര ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ കൊടുവാള്‍ വാങ്ങിയിരുന്നു.