ബോളിവുഡ് ഗ്ലാമറസ് താരം മമത കുൽക്കർണി സന്യാസം സ്വീകരിക്കാൻ തീരുമാനിച്ച വിവരവും അതുകഴിഞ്ഞുള്ള സംഭവങ്ങളുംം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. മഹാകുംഭമേളയിൽ പങ്കെടുക്കാനെത്തിയ നടി തന്നെയാണ് വിവരം സാമൂഹിക മാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്. ഇപ്പോഴിതാ, താൻ 90-കളിൽ അഭിനയിച്ച ഒരു ഐറ്റം ഗാനത്തേയും വിവാദമായ അർധനഗ്ന ഫോട്ടോഷൂട്ടിനെക്കുറിച്ചും തുറന്നുപറയുകയാണ് മമത.
താൻ അന്ന് ഒമ്പതാം ക്ലാസിൽ പഠിക്കുകയായിരുന്നു. സ്റ്റാർഡസ്റ്റുകാർ എനിക്ക് ഡെമി മൂറിന്റെ ഒരു ചിത്രം കാണിച്ചുതന്നു. അത് അശ്ലീലമായി തോന്നിയിരുന്നില്ല. അന്നത്തെ കാലത്ത് ബോളിവുഡിൽ കയറുന്നതിന് ചിലർ എന്തുംചെയ്യുന്ന കാലമാണ്. എനിക്ക് ലൈംഗികതയെ കുറിച്ച് ഒന്നും അറിയായിരുന്നില്ല. അവർ പറഞ്ഞപോലെ ഞാൻ ചെയ്തു. നിങ്ങൾ ലൈംഗികതയെ കുറിച്ച് അറിവില്ലെങ്കിൽ നഗ്നതയെ ഒരിക്കലും അശ്ലീലവുമായി ബന്ധപ്പെടുത്തില്ല- അവർ പറഞ്ഞു.
അതോടൊപ്പം സണ്ണി ഡിയോളിനൊപ്പം ഒരു ഐറ്റം ഗാനത്തിൽ അഭിനയിച്ചതിനെക്കുറിച്ചും മമത വെളിപ്പെടുത്തി. ”അത് ചെയ്യണമെന്ന് സംവിധായകൻ രാജ് കുമാർ സന്തോഷി അഭ്യർഥിച്ചു. നായിക മീനാക്ഷി ശേഷാദ്രി വിവാഹിതയായതിനാൽ സിനിമ ഏറ്റെടുക്കുന്നതിന് ആളെ കിട്ടാനില്ലായിരുന്നു. ഏഴ് വർഷത്തോളം ചിത്രം പുറത്തിറക്കാൻ സാധിക്കാതെ മുടങ്ങി. ഒരു സ്റ്റേജ് ഷോ ചെയ്യുന്നതുപോലെ ആ ഡാൻസ് നമ്പർ ചെയ്തു”, മമത കൂട്ടിച്ചേർത്തു.
തൊണ്ണൂറുകളിൽ ബോളിവുഡിൽ നിറഞ്ഞു നിന്ന താരമാണ് മമത കുൽകർണി. രണ്ടായിരത്തിന്റെ തുടക്കം വരെ ബോളിവുഡിൽ സജീവമായിരുന്നു. മലയാള ചിത്രം ചന്ദാമാമയിലും വേഷമിട്ടിട്ടുണ്ട്. വിവാഹത്തോടെ സിനിമകളിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. 2016-ൽ താനെയിൽ നിന്നും ലഹരിമരുന്ന് പിടികൂടിയ സംഭവത്തിൽ മമത കുൽകർണിയും ഭർത്താവും അറസ്റ്റിലായതോടെയാണ് താരം വീണ്ടും വാർത്തകളിൽ ഇടംപിടിച്ചത്. 2000 കോടിയുടെ ലഹരിമരുന്ന് കേസിലാണ് ഇവരെ അന്ന് അറസ്റ്റ് ചെയ്തത്. പിന്നീട് ഇവർക്കെതിരായ കേസ് റദ്ദ് ചെയ്യുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് മഹാകുംഭമേളയിൽ പങ്കെടുക്കാനെത്തിയ നടി സന്യാസം സ്വീകരിച്ചത്.