ഒരു പൂ ചോദിച്ച് ചെന്നവർക്ക് ഒരു പൂക്കാലം തന്നെ നൽകി ഗായകൻ ഉദിത് നാരായൺ. ലൈവ് ഷോയ്ക്കിടെ സെൽഫിയെടുക്കാനെത്തിയ സ്ത്രീകളെ തിരിച്ചു ചുംബിക്കുകയായിരുന്നു ഗായകൻ. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെ സംഭവം വിവാദമായി. ഗായകനെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള ചർച്ചകളും സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചുതുടങ്ങി.
വേദിയിൽ പാടുന്നതിനിടെയാണ് സ്ത്രീകൾ സെൽഫിയെടുക്കാനായി ഉദിത് നാരായണന് സമീപമെത്തുന്നത്. സെൽഫിയെടുക്കാനെത്തിയ സ്ത്രീകൾക്കെല്ലാം ഉദിത് നാരായൺ ചുംബനം നൽകുന്നതാണ് ദൃശ്യങ്ങളിലുള്ളത്. സെൽഫി പകർത്താനെത്തിയ സ്ത്രീ ഫോട്ടൊയെടുത്തശേഷം ഗായകന്റെ കവിളിൽ ചുംബനം നൽകാൻ ശ്രമിച്ചെങ്കിലും ഇവരുടെ ചുണ്ടുകളിലാണ് ഉദിത് നാരായൺ തിരികെ ചുംബനം നൽകിയത്.
സെൽഫിയെടുക്കാനെത്തിയ ഒരു സ്ത്രീ ഗായകനൊപ്പം ഫോട്ടോയെടുത്തശേഷം ചുംബനത്തിനും ആലിംഗനം ചെയ്യാനും ശ്രമിക്കുന്നതാണ് ദൃശ്യങ്ങളിൽ ആദ്യമുള്ളത്. ഈ സ്ത്രീക്ക് ഗായകൻ കവിളിൽ ചുംബനം നൽകി. തൊട്ടുപിന്നാലെ ഫോട്ടോയെടുക്കാനെത്തിയ മറ്റുസ്ത്രീകളെയും ഗായകൻ ചുംബിച്ചു. ഈ സമയം ഒരു പുരുഷനും ഗായകന്റെ സെൽഫി പകർത്താൻ ശ്രമിച്ചെങ്കിലും ഇയാളെ ഉദിത് നാരായൺ ആലുവ മണപ്പുറത്ത് കണ്ട പരിചയം പോലും കാണിച്ചില്ല. തുടർന്ന് മറ്റൊരു സ്ത്രീ കൂടി ഉദിതിനൊപ്പം സെൽഫി പകർത്താൻ ശ്രമിച്ചു. ഇവരെ ആദ്യം സുരക്ഷാ ഉദ്യോഗസ്ഥർ വേദിക്ക് സമീപത്തേക്ക് കടത്തിവിട്ടില്ല. എന്നാൽ, ഇവരെ തന്റെ അടുത്തേക്ക് കടത്തിവിടാൻ ആംഗ്യത്തിലൂടെ ഉദിത് നിർദേശിക്കുകയായിരുന്നു.
വീഡിയോ പുറത്തുവന്നതോടെ എക്‌സ് ഉൾപ്പെടെയുള്ള സാമൂഹിക മാധ്യമങ്ങളിൽ ഗായകനെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള ചൂടേറിയ ചർച്ചകളാണ് നടക്കുന്നത്. ഇത് എഐ വീഡിയോ ആയിരിക്കണേ എന്നായിരുന്നു ഒരാൾ പങ്കുവെച്ച കമന്റ്. അങ്ങേയറ്റം വെറുപ്പുളവാക്കുന്ന പെരുമാറ്റമാണെന്ന് മറ്റൊരാളും അഭിപ്രായപ്പെട്ടു. അതേസമയം, ഗായകൻ ചെയ്തതിൽ തെറ്റൊന്നും ഇല്ലെന്നും അഭിപ്രായമുയർന്നു. സ്ത്രീകളെ ആരും നിർബന്ധിച്ചില്ലല്ലോ എന്നും അവർ സ്വമേധയാ വന്ന് ചുംബനം വാങ്ങിയതല്ലേ എന്നുമായിരുന്നു ഇവരുടെ ചോദ്യം. എന്നാൽ സംഭവത്തിൽ ഗായകൻ ഇതുവരെ പ്രതികരിക്കാൻ തയാറായിട്ടില്ല.
View this post on Instagram