മാനന്തവാടി: വയനാട്ടിൽ ജോലിക്കു പോകുന്നതിനിടെ കടുവാ ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടു. പഞ്ചരക്കൊല്ലിയിൽ ആദിവാസി യുവതി രാധയാണു കൊല്ലപ്പെട്ടത്. വനംവകുപ്പ് താത്ക്കാലിക വാച്ചറുടെ ഭാര്യയാണ് ഇവർ.
എസ്റ്റേറ്റ് തൊഴിലാളിയായ രാധ വെള്ളിയാഴ്ച രാവിലെ വനത്തോടു ചേർന്ന സ്വകാര്യ തോട്ടത്തിൽ കാപ്പി പറിക്കാൻ പോയപ്പോഴാണ് ആക്രമണം. രാധയെ കൊന്നശേഷം മൃതദേഹം വലിച്ചിഴച്ചുകൊണ്ടുപോയതായാണു വിവരം.
വനത്തിൽ പരിശോധന നടത്തുകയായിരുന്ന തണ്ടർബോൾട്ട് സംഘമാണു മൃതദേഹം കണ്ടെത്തിയത്. തുടർന്നു മറ്റുള്ളവരെ വിവരം അറിയിക്കുകയായിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. പുൽപള്ളിയിൽ കടുവയെ പിടികൂടി 10 ദിവസമാകുമ്പോഴാണ് വീണ്ടും കടുവയുടെ ആക്രമണം. കഴിഞ്ഞ ദിവസം മലപ്പുറത്ത് കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടെങ്കിലം ഈ വർഷം ആദ്യമാണ് വയനാട്ടിൽ വന്യമൃഗ ആക്രമണത്തിൽ മനുഷ്യജീവൻ നഷ്ടമാകുന്നത്.