പത്തനംതിട്ട: പത്തനംതിട്ടയിൽ കായികതാരമായ പെൺകുട്ടിയെ 60 ലധികം പേർ ലൈംഗിക പീഡനത്തിനു ഇരയാക്കിയെന്ന കേസിൽ പത്തുപേർ കൂടി പേലീസ് കസ്റ്റഡിയിൽ. ഇന്നലെ പെൺകുട്ടിയുടെ കാമുകനുൾപ്പെടെ അഞ്ചുപേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. ഇതിന് പിറകെയാണ് കൂടുതൽ പേർ അറസ്റ്റിലായത്. 62 പേർ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നും13 വയസ് മുതൽ ചൂഷണത്തിന് ഇരയായതായും പെൺകുട്ടി പൊലീസിന് മൊഴി നൽകിയിരുന്നു. ഇതിനിടെ കായിക താരമായ പെൺകുട്ടിയെ ചൂഷണം ചെയ്തവരിൽ പരിശീലകരും കായിക താരങ്ങളും സഹപാഠികളും ഉൾപ്പെടുന്നുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇതിൽ കൂടുതൽ അന്വേഷണങ്ങൾ നടക്കും.
കായികതാരം കൂടിയായ ദളിത് പെൺകുട്ടിയുടെ മൊഴിയിൽ പ്രതികൾക്കെതിരെ പട്ടികജാതി-പട്ടികവർഗ പീഡനനിരോധനവകുപ്പും ചുമത്തും. ആറ് സ്റ്റേഷൻ പരിധിയിൽപ്പെട്ട 64 പേർ പ്രതികളാവുമെന്നാണ് പ്രാഥമികനിഗമനം. ഇതിൽ 34 ആളുകളുടെ പേരുകൾ പെൺകുട്ടി എഴുതിവച്ചിട്ടുണ്ടായിരുന്നു. പ്രക്കാനം വലിയവട്ടം പുതുവൽതുണ്ടിയിൽ വീട്ടിൽ സുബിൻ (24), സന്ദീപ് ഭവനത്തിൽ എസ്. സന്ദീപ് (30), കുറ്റിയിൽ വീട്ടിൽ വി.കെ. വിനീത് (30), കൊച്ചുപറമ്പിൽ കെ. അനന്ദു (21), ചെമ്പില്ലാത്തറയിൽ വീട്ടിൽ സുധി (ശ്രീനി-24) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ റിമാൻഡുചെയ്തു. ഇതിൽ സുധി പോക്‌സോ കേസിൽ ജയിൽവാസം അനുഭവിക്കുകയാണ്. അച്ചു ആനന്ദ് എന്നയാൾക്കായി തിരച്ചിൽനടത്തുന്നതായും പോലീസ് പറഞ്ഞു. മറ്റുള്ളവരുടെ പേരുവിവരങ്ങളും കുട്ടിയിൽനിന്ന് അന്വേഷണ ഉദ്യോഗസ്ഥർ ശേഖരിച്ചിട്ടുണ്ട്. എല്ലാവരുടെയും പേരിൽ പോക്‌സോ ചുമത്തി.
ബാക്കിയുള്ള 30 ആളുകളുടെ ഫോൺനമ്പറുകളാണുള്ളത്. ഇതിൽ കുറേ നമ്പറുകളും കുട്ടി എഴുതിസൂക്ഷിച്ചിരുന്നു. ശേഷിക്കുന്നവ ഫോണിൽനിന്നാണ് പോലീസ് മനസിലാക്കിയത്. പ്രതികളിൽ മിക്കവരും 20-നും 30-നും ഇടയ്ക്കുള്ളവരാണ്. പ്രായപൂർത്തിയാകാത്തവരും ഉണ്ടെന്ന് സൂചനയുണ്ട്. 2019 മുതലാണ് പീഡനംതുടങ്ങിയത്. വിവാഹവാഗ്ദാനം നൽകിയാണ് പെൺകുട്ടിയെ കാമുകൻ ആദ്യം പീഡിപ്പിച്ചത്. പലയിടത്തും കൊണ്ടുപോയി ഉപദ്രവിച്ചെന്നാണ് മൊഴി.
രണ്ട് കൊല്ലമായുള്ള പീഡനവിവരങ്ങളാണ് സിഡബ്ല്യുസി വഴി പൊലീസിന് ലഭിച്ചത്. തുടർന്ന് ജില്ലാ പൊലീസ് മേധാവി പ്രത്യേക സംഘം രൂപീകരിച്ച് കേസ് അന്വേഷിക്കുകയായിരുന്നു. പെൺകുട്ടിയുടെ നഗ്‌നചിത്രവും വീഡിയോയുമെടുത്ത പ്രതി അത് സുഹൃത്തുക്കളെ കാണിച്ചു. തുടർന്ന് അവരും പീഡിപ്പിച്ചെന്നാണ് പ്രാഥമികവിവരം. പന്തളത്ത് കുടുംബശ്രീയുടെ കീഴിലുള്ള സ്‌നേഹിത ജെൻഡർ ഹെൽപ്പ് ഡെസ്‌കിലാണ് പീഡനവിവരം കുട്ടി ആദ്യം പറയുന്നത്. അവർ ജില്ലാ ശിശുക്ഷേമസമിതിയെ അറിയിച്ചു. അവർ വനിത- ശിശുക്ഷേമ വകുപ്പിന്റെ കീഴിലുള്ള കോന്നിയിലെ നിർഭയയിൽ എത്തിച്ചശേഷം സൈക്കോളജിസ്റ്റുവഴി വിശദാംശങ്ങൾ മനസിലാക്കുകയായിരുന്നു. തുടർന്ന് വിവരം ജില്ലാ പോലീസ് മേധാവിക്ക് കൈമാറി.