ബെംഗളൂരു: വ്യാജ സ്ത്രീധന പീഡന ആരോപണത്തിൽ ആത്മഹത്യ ചെയ്ത ബെംഗളൂരുവിൽ ഐടി ജീവനക്കാരനായ അതുൽ സുഭാഷിന്റെ വീട്ടുകാർ ഭാര്യയ്ക്കും ബന്ധുക്കൾക്കുമെതിരെ ഗുരുതര ആരോപണവുമായി രംഗത്ത്. യുവാവിന്റെ മരണശേഷം ഭാര്യയും ബന്ധുക്കളും അറസ്റ്റിലായതിനു പിന്നാലെയാണ് കൂടുതൽ ആരോപണങ്ങളുമായി യുവാവിന്റെ പിതാവ് രംഗത്തെത്തിയത്.
അതുലിന്റെ ഭാര്യ നികിത സിംഘാനിയയും അമ്മയും തന്റെ മകനെ ഒരു എടിഎമ്മായി ഉപയോഗിക്കുകയായിരുന്നുവെന്ന് അതുലിന്റെ പിതാവ് പവൻ മോദി ആജ് തക്കിനോട് പറഞ്ഞു. അതുലും നികിതയും തമ്മിലുള്ള പരിഹരിക്കപ്പെടാത്ത ദാമ്പത്യ തർക്കമാണ് മകൻ്റെ മരണത്തിലേക്ക് നയിച്ചതെന്ന് പിതാവ് പറയുന്നു.
വിവാഹമോചനം വേണമെന്ന് അതുൽ ആവശ്യപ്പെട്ടപ്പോൾ പകരം നികിത 20 ലക്ഷം രൂപ ആവശ്യപ്പെട്ട് ഒത്തുതീർപ്പ് നിർദ്ദേശിച്ചതായി അദ്ദേഹം വെളിപ്പെടുത്തി. സ്വന്തം കൈപ്പടയിൽ എഴുതിയ സ്ത്രീധന സാധനങ്ങളുടെ ലിസ്റ്റും നിഖിത തന്നിരുന്നതായും ആ ലിസ്റ്റ് തൻ്റെ കൈവശം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
നികിതയുടെ അമ്മ അതുലിനെ ആത്മഹത്യയെക്കുറിച്ച് ആലോചിക്കാൻ പ്രേരിപ്പിക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ നടത്തിയെന്നും മോദി ആരോപിച്ചു. പേരക്കുട്ടിയുടെ ജന്മദിനത്തിൽ പോലും അവനെ കാണാൻ അനുവദിച്ചില്ലെന്നും അതുൽ നൽകിയ സമ്മാനങ്ങൾ നിരസിച്ചത് അവനെ തകർത്തെന്നും അദ്ദേഹം പറഞ്ഞു.
ആദ്യം ഒത്തുതീർപ്പിന് സമ്മതിച്ചെങ്കിലും നികിതയുടെ ഉദ്ദേശ്യങ്ങളെക്കുറിച്ച് അതുൽ സംശയം പ്രകടിപ്പിച്ചിരുന്നതായും പവൻ പറഞ്ഞു. പണം നൽകിയാലും വിവാഹമോചനം നൽകില്ലെന്ന് അതുൽ വിശ്വസിച്ചു, നിയമപരമായ കേസുകൾ തുടരാമെന്ന് തീരുമാനിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഭാര്യയും ഭാര്യാവീട്ടുകാരും മാനസികമായി പീഡിപ്പിച്ചെന്ന് വ്യക്തമാക്കി സാമൂഹിക മാധ്യമത്തിൽ വീഡിയോ പങ്കുവച്ചതിന് ശേഷമായിരുന്നു അതുൽ സുഭാഷ് ജീവനൊടുക്കിയത്.
ഭാര്യയ്ക്കും ഭാര്യയുടെ ബന്ധുക്കൾക്കുമെതിരെ 24 പേജുള്ള ആത്മഹത്യാ കുറിപ്പും എഴുതിവച്ചിരുന്നു. കർണാടകയിലെ മറാത്തഹള്ളി സ്വദേശിയായ അതുൽ സുഭാഷ് ഉത്തർപ്രദേശ് സ്വദേശിയായ ഭാര്യയുമായി പിരിഞ്ഞ് ഒറ്റയ്ക്കാണ് കഴിഞ്ഞിരുന്നത്. സ്വകാര്യ കമ്പനിയിലെ എക്സിക്യൂട്ടിവ് എഡിറ്ററായിരുന്ന യുവാവിനെതിരെ ഭാര്യ നൽകിയ കേസുകൾ പിൻവലിക്കാനായി മൂന്നു കോടി രൂപയും കുട്ടിയെ സന്ദർശിക്കാനുള്ള അനുമതി ലഭിക്കാനായി വൻതുകയും ഭാര്യയുടെ കുടുംബം ആവശ്യപ്പെട്ടിരുന്നതായാണ് ആരോപണം.
കുട്ടിയെ സന്ദർശിക്കുന്നതിനുള്ള അനുമതി ലഭിക്കാനായി 30 ലക്ഷം രൂപ ഭാര്യയുടെ കുടുംബം അതുലിനോട് ആവശ്യപ്പെട്ടിരുന്നതായും പറയുന്നു. ഭാര്യക്കും മകനും ചെലവിനായി പ്രതിമാസം രണ്ടു ലക്ഷം രൂപ ഭാര്യ ആവശ്യപ്പെട്ടിരുന്നതായും ആരോപണമുണ്ട്. 24 പേജുള്ള ആത്മഹത്യാ കുറിപ്പിന്റെ നാലു പേജ് സ്വന്തം കൈപ്പടയിലെഴുതിയതാണ്. ബാക്കി 20 പേജ് ടൈപ്പ് ചെയ്ത് പ്രിന്റെടുത്തതാണ്. പരിചയക്കാരായ നിരവധി പേർക്ക് അതുൽ ഇ-മെയിൽ വഴി ആത്മഹത്യാ കുറിപ്പ് അയച്ചുകൊടുത്തിരുന്നു.
കൂടാതെ താൻ ഭാഗമായ എൻജിഒയുടെ വാട്ട്സ്ആപ്പ് ഗ്രൂപ്പിലും അതുൽ കുറിപ്പ് പോസ്റ്റ് ചെയ്തിരുന്നു. സംഭവത്തിൽ ആത്മഹത്യാ പ്രേരണകുറ്റം ചുമത്തി നികിത സിംഘാനിയ, അമ്മ നിഷ, സഹോദരൻ അനുരാഗ് എന്നിവരെ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.