ഡമാസ്കസ്: സിറിയയിൽ വിമത സേന, തലസ്ഥാന നഗരമായ ഡമാസ്കസ് പിടിച്ചതോടെ 2011 മുതൽ ആംഭിച്ച ആഭ്യന്തര യുദ്ധത്തിന് അന്ത്യമാകുന്നു. ഇറാന്റെയും റഷ്യയുടെയും പിന്തുണയോടെ വിമതർക്കുമേൽ കടുത്ത ആക്രമണം നടത്തിയാണ് സിറിയ പിടിച്ചു നിന്നത്. പക്ഷേ, പലവട്ടം തിരിച്ചടി നൽകിയെങ്കിലും അവരെ പരാജയപ്പെടുത്താനോ ഇല്ലാതാക്കാനോ അസദിനു കഴിഞ്ഞില്ല. ഇന്ന് ഇറാനും റഷ്യയും അവരുടേതായ യുദ്ധമുഖങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചപ്പോൾ സിറിയയുടെ കാര്യത്തിൽ നടത്തിയ അവഗണന അസദിന്റെ ഭരണം അവസാനിപ്പിച്ചുവെന്നാണ് വിലയിരുത്തൽ. ഞായറാഴ്ച പുലർച്ചെ അജ്ഞാതമായൊരു സ്ഥലത്തേക്ക് അസദിനെയും വഹിച്ചുള്ള വിമാനം ഡമാസ്കസ് രാജ്യാന്തര വിമാനത്താവളത്തിൽനിന്നു പറന്നുയർന്നു. തലസ്ഥാന നഗരമായ ഡമാസ്കസ് പിടിച്ചെടുത്തതിനു പിന്നാലെ വിമതസേന ഹയാത്ത് തഹ്രീർ അൽ ഷംസ് (എച്ച്ടിഎസ്) രാജ്യം അസദ്–മുക്തമായെന്നു പ്രഖ്യാപിക്കുകയായിരുന്നു.
സുന്നി മുസ്ലിം വിഭാഗക്കാർക്കു ഭൂരിപക്ഷമുള്ള രാജ്യമാണ് സിറിയ. 2011ലെ അറബ് വിപ്ലവത്തിന്റെ കാലത്താണ് ഇവിടുത്തെ പ്രശ്നങ്ങൾ രൂക്ഷമായത്. അസദ് കുടുംബത്തിന്റെ അധികാരവാഴ്ച അവസാനിപ്പിക്കണമെന്നും രാജ്യത്ത് ജനാധിപത്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രക്ഷോഭം. സിറിയയുടെ കുറച്ചുസ്ഥലം വിമതസേനയുടെ നിയന്ത്രണത്തിലായപ്പോൾ ബാക്കിയുള്ളിടത്ത് അധികാരം ഉറപ്പിച്ചുനിർത്തുകയായിരുന്നു അസദ് ചെയ്തത്. 2018ൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അസദിനെ ‘മൃഗം’ എന്നു വിശേഷിപ്പിച്ചിരുന്നു. സ്വന്തം ജനതയ്ക്കുനേരെ രാസ ആക്രമണം നടത്തിയെന്ന് ആരോപിച്ചായിരുന്നു അത്. ആരോപണം അസദ് തള്ളിയെങ്കിലും രാജ്യാന്തര തലത്തിൽ നിരവധി ഉപരോധങ്ങൾ സിറിയയ്ക്കുമേൽ ഏർപ്പെടുത്തിയത് ശക്തമായിത്തന്നെ സമ്പദ്വ്യവസ്ഥയെ ബാധിച്ചു.
പിന്നീട് അറബ് രാജ്യങ്ങളുമായി ബന്ധം പുനഃസ്ഥാപിക്കാനായെങ്കിലും സിറിയയ്ക്കുണ്ടായ സാമ്പത്തിക ആഘാതം തിരിച്ചുപിടിക്കാൻ അസദിനായില്ല. വിമതസേന ഓരോ ഘട്ടത്തിലും മുന്നേറുമ്പോൾ അതു പ്രതിരോധിക്കാനാകാതെ സിറിയൻ സൈന്യം പിന്മാറി. ഒരാഴ്ചമുൻപ് അലെപ്പോ നഗരം വിമതസേനയുടെ നിയന്ത്രണത്തിലായതിനുശേഷം പരസ്യ പ്രസ്താവനകൾ നടത്താതെ അസദ് മൗനം പാലിച്ചതുതന്നെ പരാജയം മുൻകൂട്ടിക്കണ്ടുകൊണ്ടാണെന്ന വിലയിരുത്തലുണ്ടായിരുന്നു.
13 വർഷമായി ആഭ്യന്തര യുദ്ധം തുടരുന്ന വിമതർക്ക് ഏറെ നിർണായക ദിനമായിരുന്നു ഇന്ന്. 54 വർഷമായി സിറിയയിൽ അധികാരത്തിലിരിക്കുകയായിരുന്നു അസദ് കുടുംബം. 1970ൽ നടത്തിയ അട്ടിമറിയിലൂടെയാണ് ബഷാർ അൽ അസദിന്റെ പിതാവ് ഹഫിസ് അസദ് അധികാരത്തിലെത്തുന്നത്. 2000ൽ മരിക്കുന്നതുവരെ അദ്ദേഹമായിരുന്നു അധികാരത്തിൽ. പിതാവിന്റെ മരണത്തിന് ആഴ്ചകൾക്കുശേഷം ബഷാർ അൽ അസദിനെ നേതാവായി തിരഞ്ഞെടുത്തു. ഈ ഞായറാഴ്ച പുലർച്ചെ വിമാനത്തിൽ രാജ്യം വിടുന്നതുവരെ അദ്ദേഹം ആ സ്ഥാനത്തു തുടർന്നു.
ഭരണകൂടത്തിന്റെ പതനത്തിനു പിന്നാലെ അസദിന്റെ പിതാവിന്റെയും സഹോദരന്റെയും പ്രതിമകൾ ജനക്കൂട്ടം തകർത്തു. അസദിന്റെ ചിത്രംപതിച്ച ബിൽബോർഡുകൾ നിലത്തിട്ടു ചവിട്ടുകയും അഗ്നിക്കിരയാക്കുകയും ചെയ്തു. അസദ് ഭരണത്തിൽനിന്നു മുക്തി ലഭിച്ചതിന്റെ ആഹ്ലാദത്തില് ഡമാസ്കസിലെ നിരത്തുകളിൽ ജനക്കൂട്ടത്തിന്റെ ആഘോഷ പ്രകടനങ്ങൾ.
‘സ്വാതന്ത്ര്യം’ എന്നു ആവേശത്തോടെ ജനക്കൂട്ടം വിളിക്കുന്നതായും രാജ്യാന്തരമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അസദിനെതിരെ പ്രതിഷേധിച്ചവരെ അറസ്റ്റ് ചെയ്ത് പാർപ്പിച്ച ജയിലുകളും വിമതർ പിടിച്ചെടുത്തു തടവിലുള്ളവരെ മോചിപ്പിക്കുന്ന നടപടികളും തുടങ്ങി. കുപ്രസിദ്ധമായ സെഡ്നായ ജയിൽ വിമതർ പിടിച്ചെടുത്തു തടവുകാരെ മോചിപ്പിച്ചതായാണ് റിപ്പോർട്ടുകൾ.