യുഎസിൽ കൈക്കൂലി, തട്ടിപ്പ് കേസുകളിൽ ഗൗതം അദാനിക്കെതിരെ കുറ്റപത്രം; സൗരോർജ കരാറുകൾ ഉറപ്പാക്കാൻ ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകിയെന്നും ആരോപണം, അദാനി ഓഹരികളിൽ തകർച്ച

ഡൊണാൾഡ് ട്രംപിന്റെ വിജയത്തെ അഭിനന്ദിച്ച് കോടിക്കണക്കിന് ഡോളറിന്റെ നിക്ഷേപം വാഗ്ദാനം ചെയ്തതിന് പിന്നാലെ ഗൗതം അദാനിക്കെതിരെ കുറ്റപത്രം. യുഎസിൽ കൈക്കൂലി, തട്ടിപ്പ് കേസുകളിലാണ് അദാനിക്കെതിരെ കുറ്റപത്രം തയാറാക്കിയിരിക്കുന്നത്. അദാനി ഗ്രൂപ്പ് മേധാവി ഗൗതം അദാനി ഉൾപ്പടെയുള്ള ഏഴ് പേർക്കെതിരെയാണ് കുറ്റാരോപണം. റിപ്പോർട്ടുകൾ പുറത്തുവന്നതോടെ അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരികൾ 20 ശതമാനംവരെ തകർച്ച നേരിട്ടു. സൗരോർജ കരാറുകൾ ഉറപ്പാക്കാൻ ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകിയെന്നാണ് പ്രധാന ആരോപണം.

മാത്രമല്ല പവർ പ്ലാന്റ് പദ്ധതിയുമായി ബന്ധപ്പെട്ട മറ്റൊരു കമ്പനിയായ അസുർ പവർ ഗ്ലോബൽ ലിമിറ്റഡ് കോഴയിൽ ഒരു ഭാഗം നൽകാൻ സമ്മതിച്ചതായും സെക്യൂരിറ്റീസ് എസ്‌ക്‌ചേഞ്ച് കമ്മിഷൻ ആരോപിക്കുന്നു.

ഇതോടെ അദാനി എനർജി സൊലൂഷൻ 20 ശതമാനം തകർച്ച നേരിട്ടു. അദാനി ഗ്രീൻ 18 ശതമാനവും അദാനി ടോട്ടൽ ഗ്യാസ് 13 ശതമാനവും അദാനി പവർ 14 ശതമാനവും നഷ്ടത്തിലായി. അദാനി ഗ്രൂപ്പിന്റെ മറ്റ് ഓഹരികളും പത്ത് ശതമാനത്തിലേറെ ഇടിവ് നേരിട്ടു.

അദാനിക്കെതിരായ കുറ്റപത്രം ഇങ്ങനെ: യുഎസിലെ നിക്ഷേപകരെ കബളിപ്പിച്ചു, ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകി. യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് കമ്മിഷന്റെയാണ് കുറ്റാരോപണം. അദാനി, അദ്ദേഹത്തിന്റെ അനന്തരവൻ സാഗർ അദാനി, അദാനി ഗ്രീൻ എനർജിയുടെ എക്‌സിക്യുട്ടീവുകൾ, അസുർ പവർ ഗ്ലോബൽ ലിമിറ്റഡിന്റെ എക്‌സിക്യുട്ടീവ് ആയ സിറിൽ കബനീസ് എന്നിവർക്കെതിരെ തട്ടിപ്പിനും ഗൂഢാലോചനയ്ക്കും വഞ്ചനയ്ക്കുമാണ് കുറ്റം ചുമത്തിയിട്ടുള്ളത്. മൾട്ടി ബില്യൺ ഡോളർ പദ്ധതികൾ വാഗ്ദാനം ചെയ്ത് വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമായ പ്രസ്താവനകൾ നടത്തി യുഎസ് നിക്ഷേപകരെയും ആഗോള ധനകാര്യ സ്ഥാപനങ്ങളെയും കബളിപ്പിച്ചതായി ആരോപിക്കുന്നു.

അദാനി ​ഗ്രൂപ്പ് ഏകദേശം 265 മില്യൺ ഡോളർ (2237 കോടി രൂപ) കൈക്കൂലി നൽകിയതായി കുറ്റപത്രത്തിൽ പറയുന്നു. ഇരുപത് വർഷത്തിനുള്ളിൽ ഈ കരാറുകളിൽനിന്ന് 200 കോടി ഡോളർ ലാഭമുണ്ടാക്കുമെന്ന് പ്രതീക്ഷ നൽകി. അദാനിയെ പരാമർശിക്കാൻ ‘ന്യൂമെറെ യുണോ’, ‘ദി ബിഗ് മാൻ’ തുടങ്ങിയ കോഡുകളാണ് ഉപയോഗിച്ചിരുന്നതെന്നും പ്രോസിക്യൂട്ടർമാർ ആരോപിക്കുന്നു.

അദാനി ഗ്രീൻ എനർജിക്കായി മൂന്ന് ബില്യൺ ഡോളറിലധികം വായ്പയെടുക്കാൻ ഗൗതം അദാനി, സാഗർ അദാനി, വിനീത് ജെയ്ൻ എന്നിവർ വായ്പക്കാരിൽനിന്നും നിക്ഷേപകരിൽനിന്നും കൈക്കൂലിക്കാര്യം മറച്ചുവച്ചു. വിദേശ വ്യാപാര ഇടപാടുകളിലെ കൈക്കൂലിക്കെതിരായ ഫോറിൻ കറപ്റ്റ് പ്രാക്ടീസ് ആക്ടിന്റെ കീഴിലാണ് ആരോപണങ്ങൾ ഉന്നയിച്ചിട്ടുള്ളത്. സംഭവത്തിൽ ഗൗതം അദാനിക്കും സാഗർ അദാനിക്കുമെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. എന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകരണമൊന്നും ലഭിച്ചിട്ടില്ല.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7