തഞ്ചാവൂർ: വിവാഹാഭ്യർഥന നിരസിച്ച വൈരാഗ്യത്തിൽ അധ്യാപികയെ ക്ലാസിൽ കയറി കുത്തിക്കൊലപ്പെടുത്തി. തഞ്ചാവൂർ മല്ലിപ്പട്ടണം സ്വദേശി രമണിയാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മല്ലിപ്പട്ടണം സ്വദേശി മഥൻ (30) നെ പോലീസ്കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബുധനാഴ്ച രാവിലെയായിരുന്നു സംഭവം.
മല്ലിപ്പട്ടണത്തെ സർക്കാർ ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപികയാണ് രമണി. നാലുമാസം മുമ്പാണ് യുവതി സ്കൂളിൽ അധ്യാപികയായി ജോലിയിൽ പ്രവേശിക്കുന്നത്. ഈ നാലുമാസത്തിനിടെ നിരവധി തവണ മഥൻ രമണിയോട് വിവാഹാഭ്യർഥന നടത്തിയിരുന്നു. കൂട്ടുകാരുടെ ഒപ്പമെത്തി ഇവരെ ശല്യം ചെയ്യുന്നതും പതിവായിരുന്നു. ഇതിനിടെ, മഥന്റെ കുടുംബം രമണിയുടെ വീട്ടിലെത്തി വിവാഹാലോചന നടത്തിയതായും റിപ്പോർട്ടുകളുണ്ട്. ഈ ആലോചനയും ഇവർ നിരസിച്ചതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചത്.
ബുധനാഴ്ച ക്ലാസെടുക്കുന്നതിനിടെ ക്ലാസിലേക്ക് കയറിവന്ന അക്രമി വിദ്യാർഥികളുടെ മുന്നിൽവച്ച് രമണിയെ കുത്തുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ യുവതിയെ ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരണപ്പട്ടു. വിവാഹാഭ്യർഥന നിരസിച്ചതിനാണ് കൊലപാതകത്തിനു കാരണമെന്ന് പോലീസ് പറഞ്ഞു.
അധ്യാപികയെ ആക്രമിച്ച ശേഷം രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ സ്കൂൾ അധികൃതർ പിടിച്ചുവച്ച് പോലീസിന് കൈമാറി.സംഭവത്തിൽ പ്രതികരിച്ച് തമിഴ്നാട് വിദ്യാഭ്യാസമന്ത്രി അൻബിൽ മഹേഷ് രംഗത്തെത്തി. ‘അധ്യാപികമാർക്കെതിരായ അക്രമം വെച്ചുപൊറുപ്പിക്കാനാവില്ല. അക്രമിക്കെതിരേ കടുത്ത നിയമ നടപടിയുണ്ടാകും’, മന്ത്രി എക്സിൽ കുറിച്ചു.