ടെൽ അവീവ്: യുദ്ധം അവസാനിച്ചാൽ ഹമാസ് ഇനി ഒരിക്കലും പലസ്തീൻ ഭരിക്കില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. ഗാസയിൽ സന്ദർശനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇസ്രയേൽ സൈന്യത്തിന്റെ കരയിലെ പ്രവർത്തനങ്ങളുടെ നേരിട്ടുള്ള വിവരങ്ങൾ അറിയാനാണ് നെതന്യാഹു ഗാസ സന്ദർശിച്ചത്. പ്രതിരോധമന്ത്രിയും കരസേനാ മേധാവിയും അദ്ദേഹത്തെ അനുഗമിച്ചു.
ഗാസയിൽ കാണാതായ 101 ഇസ്രയേൽ ബന്ദികൾക്കായുള്ള തിരച്ചിൽ തുടരും. ബന്ധികളെ തിരിച്ചെത്തിക്കുന്ന ഓരോരുത്തർക്കും 5 മില്യൻ ഡോളർ വീതം പാരിതോഷികം നൽകുമെന്നും നെതന്യാഹു. ഞങ്ങളെ ബന്ദികളാക്കിയവരോട് ഒരു കാര്യം എനിക്ക് പറയാൻ ആഗ്രഹമുണ്ട്: ഞങ്ങളുടെ ബന്ദികളെ ഉപദ്രവിക്കാൻ ധൈര്യപ്പെടുന്നവർ വലിയ വില നൽകേണ്ടിവരും. ഞങ്ങൾ നിങ്ങളെ പിന്തുടരും, വേട്ടയാടി പിടിച്ച് ഇല്ലാതാക്കും, തിരഞ്ഞെടുപ്പ് നിങ്ങളുടേതാണ്, പക്ഷേ ഫലം ഞങ്ങൾ എല്ലാവരേയും തിരികെ കൊണ്ടുവരും, നെതന്യാഹു മുന്നറിയിപ്പ് നൽകി.
ചൊവ്വാഴ്ചയാണ് നെതന്യാഹു ഗാസ സന്ദർശനം നടത്തിയത്. അദ്ദേഹത്തിൻ്റെ ചീഫ് ഓഫ് സ്റ്റാഫ്, സാച്ചി ബ്രാവർമാൻ, സൈനിക സെക്രട്ടറി മേജർ ജനറൽ റോമൻ ഗോഫ്മാൻ, നാഷണൽ സെക്യൂരിറ്റി കൗൺസിൽ ഡെപ്യൂട്ടി ഡയറക്ടർ ഗിൽ റീച്ച്, വക്താവ് ഒമർ ദോസ്ത്രി എന്നിവരും അദ്ദേഹത്തോടൊപ്പം ചേർന്നു.
യുദ്ധക്കുപ്പായം ധരിച്ച് ബാലിസ്റ്റിക് ഹെൽമറ്റും വച്ചാണ് നെതന്യാഹു ഗാസയിൽ എത്തിയത്. ഗാസയിലെ ഒരു കടൽത്തീരത്ത് അദ്ദേഹം നിൽക്കുകയും ഹമാസ് ഇനി മടങ്ങിവരില്ല എന്ന് പറയുകയും ചെയ്യുന്ന ഒരു വീഡിയോ പുറത്തുവന്നിട്ടുണ്ട്. ഹമാസിനെ ഉന്മൂലനം ചെയ്യുമെന്നും ഇസ്രയേൽ സായുധസേന ഹമാസിന്റെ സൈനിക ശേഷി പൂർണമായും നശിപ്പിച്ചെന്നും നെതന്യാഹു കൂട്ടിച്ചേർത്തു.