ന്യൂഡൽഹി: ദക്ഷിണാഫ്രിക്കയ്‍ക്കെതിരായ നാലാം ട്വന്റി20യിൽ മലയാളി താരം സഞ്ജുവിന്റെ ഇന്നിങ്സ് എടുത്തുപറഞ്ഞ് മുൻ ദക്ഷിണാഫ്രിക്കൻ താരം എബി ഡിവില്ലിയേഴ്സ്. മത്സരത്തിൽ തിലക് വർമ കളിയിൽ കേമനായെങ്കിലും, അന്നത്തെ മത്സരമെടുത്തു നോക്കിയാൽ മികച്ച ഇന്നിങ്സും സെഞ്ചറിയും സഞ്ജു സാംസണിന്റേതായിരുന്നു. തിലക് വർമയുടെ സെഞ്ചറി മോശമാണെന്നല്ല, കുറച്ചുകൂടി നിയന്ത്രണത്തോടെയും ബാറ്റ് കൃത്യമായി മിഡിൽ ചെയ്തും കളിച്ചത് സഞ്ജുവാണെന്നും ഡിവില്ലിയേഴ്സ്. യുട്യൂബ് ചാനലിലെ ലൈവ് വീഡിയോയിലൂടെയായിരുന്നു ഡിവില്ലിയേഴ്സിന്റെ പ്രതികരണം.
‘‘നമുക്ക്ഇന്ത്യ– ദക്ഷിണാഫ്രിക്ക നാലാം ട്വന്റി20 മത്സരത്തിലെ സഞ്ജു സാംസണിന്റെയും തിലക് വർമയുടെയും സെഞ്ചറി നേട്ടങ്ങളെക്കുറിച്ച് സംസാരിക്കാം. കളിയിൽ തിലക് വർമ 47 പന്തിൽ 120 റൺസോടെയും സഞ്ജു 56 പന്തിൽ 109 റൺസോടെയും പുറത്താകാതെ നിന്നു. ഇനി ഞാൻ പറയാൻ പോകുന്ന കാര്യത്തിന്റെ പേരിൽ എന്നെ ദയവായി ക്രൂശിക്കരുത്. ഈ മത്സരത്തിൽ തിലക് വർമയേക്കാൾ മികച്ച പ്രകടനം സഞ്ജുവിന്റേതായിരുന്നു എന്ന് എനിക്കു തോന്നി.
‘‘തിലക് വർമ ഞാൻ ഏറെ ഇഷ്ടപ്പെടുന്ന താരം തന്നെയാണ്. വളരെ മികച്ച ബാറ്റർ. അതിലൊരു സംശയവുമില്ല അടുത്ത 5–10 വർഷത്തേക്ക് ഇന്ത്യയുടെ ഏറ്റവും മികച്ച താരങ്ങളിലൊരാളാകുമെന്ന് ഈ ഇന്നിങ്സിലൂടെ തിലക് അടയാളപ്പെടുത്തിക്കഴിഞ്ഞു. മുംബൈ ഇന്ത്യൻസിനായി ഐപിഎലിൽ കളിക്കുന്ന സമയം മുതൽ എനിക്ക് തിലകിനെ അറിയാം. ചിന്നസ്വാമി സ്റ്റേഡിയത്തിൽ ആർസിബിക്കെതിരെ കളിക്കുമ്പോൾ അദ്ദേഹത്തിന്റെ ബാറ്റിങ് ലൈവായി കണ്ടിട്ടുമുണ്ട്. ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി താരമെന്ന് ഉറപ്പിച്ച് പറയാൻ സാധിക്കും.
‘‘എന്നാൽ, കഴിഞ്ഞ സെഞ്ചറി അദ്ദേഹത്തിന്റെ ഏറ്റവും മികച്ച ഇന്നിങ്സാണെന്ന് ഞാൻ കരുതുന്നില്ല. കേൾക്കുമ്പോൾ നിങ്ങൾക്ക് തമാശയായി തോന്നിയേക്കാം. ഈ കളിയിൽ തിലക് പന്തുകൾ കൃത്യമായി മിഡിൽ ചെയ്യാനാകാതെ ബുദ്ധിമുട്ടുകയായിരുന്നു. എന്നിട്ടും സെഞ്ചറി നേടി. അതാണ് ക്രിക്കറ്റിന്റെയും സ്പോർട്സിന്റെയും ഭംഗി. ഏറ്റവും ഒടുവിൽ എല്ലാവരും നോക്കുന്നത് സ്കോർ ബോർഡിൽ തെളിയുന്ന അക്കങ്ങളിലേക്കു തന്നെയാണ്. 47 പന്തിൽ 120 റൺസടിച്ച ആ ഇന്നിങ്സിന്റെ മഹത്വം ആർക്കും കുറച്ചു കാട്ടാനുമാകില്ല. സെഞ്ചൂറിയനിൽ നേടിയ സെഞ്ചറിയുടെ ആത്മവിശ്വാസം വാണ്ടറേഴ്സിലെ മത്സരത്തിലും തിലക് വർമയ്ക്ക് തുണയായി. ആ ആത്മവിശ്വാസത്തിന്റെ ബലത്തിലാണ് അദ്ദേഹം ആ ഇന്നിങ്സ് കളിച്ചത്. മികച്ച താരങ്ങൾക്ക് മറ്റു സാഹചര്യങ്ങൾ പ്രശ്നമല്ല.
‘‘എന്നാൽ പിഴവുകൾ തീരെ കുറഞ്ഞ ഇന്നിങ്സായിരുന്നു സഞ്ജുവിന്റേത്. എന്നത്തേയും പോലെ വളരെ നിയന്ത്രണമുള്ള കളി, പന്തുകൾ കൃത്യമായി മിഡിൽ ചെയ്ത ഇന്നിങ്സ്. സഞ്ജു മികച്ച ഫോമിൽ കളിക്കുന്നതു കാണുമ്പോൾ വളരെ സന്തോഷമുണ്ട്. ഈ പരമ്പരയിൽത്തന്നെ രണ്ടാമത്തെ സെഞ്ചറി കുറിക്കാനും സഞ്ജുവിനു കഴിഞ്ഞു. ഒരു ട്വന്റി20 പരമ്പരയിൽത്തന്നെ രണ്ടു സെഞ്ചറികൾ വല്ലപ്പോഴും മാത്രം സംഭവിക്കുന്ന ഒന്നാണ്. ഇന്ത്യയുടെ യുവ ബാറ്റർമാർക്ക് അഭിനന്ദനങ്ങൾ. അവരുടെ ബാറ്റിങ് നിരയുടെ ആഴം ശ്രദ്ധേയമാണ്.’’ – ഡിവില്ലിയേഴ്സ് പറഞ്ഞു.
Sanju Samson century was much better than Tilak Varma. Tilak was very edgy and not timing well where as Sanju was flawless
AB Devilliers pic.twitter.com/9Uh7WShme5
— BRUTU #AUG21 ❤️ (@Brutu24) November 18, 2024