ആലപ്പുഴ: പേവിഷബാധയേറ്റു ചികിത്സയിലായിരുന്ന ചാരുംമൂട് സ്വദേശിയായ ഒൻപതു വയസുകാരൻ മരിച്ചു. ചാരുംമൂട് സ്മിതാ നിവാസിൽ ശ്രാവിൺ ഡി കൃഷ്ണയാണ് മരിച്ചത്. ഫെബ്രുവരി ആറിനാണ് പനി ബാധിച്ചതിനെ തുടർന്നു നൂറനാട്ടെ ആശുപത്രിയിൽ ചികിത്സ തേടിയത്. എന്നാൽ അടുത്ത ദിവസങ്ങളിൽ ആരോഗ്യം മോശമാകുകയും കുട്ടിക്ക് പേ വിഷബാധയുടെ ലക്ഷണങ്ങൾ കാണുകയും ചെയ്തു. തുടർന്നാണ് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്.
ഒരാഴ്ച മുൻപു വീടിനു സമീപത്തുകൂടി കുട്ടി സൈക്കിളിൽ പോകുമ്പോൾ തെരുവുനായ ആക്രമിക്കുകയായിരുന്നു. നായ സൈക്കിളിന്റെ ടയറിൽ കടിക്കുകയും ചെയ്തിരുന്നു. കുട്ടി താഴെ വീണപ്പോൾ തുടയിൽ ചെറിയ പോറലുണ്ടായി. ഇതിനിടെ നായയുടെ നഖം കുട്ടിയുടെ കാലിൽ കൊണ്ടതായാണു നിഗമനം. ഇതിനിടയിലാണു പേവിഷബാധയേറ്റതെന്നാണു കണക്കുകൂട്ടൽ. സുഹൃത്തുക്കളാണ് കുട്ടിയെ തെരുവ് നായ ആക്രമിച്ച വിവരം വീട്ടുകാരോട് പറഞ്ഞത്.
കാര്യമായി പരുക്കേൽക്കാത്തതിനാൽ നായ ആക്രമിക്കാൻ ശ്രമിച്ച കാര്യം കുട്ടി വീട്ടിൽ പറഞ്ഞിരുന്നില്ല. കുട്ടിക്കു പേവിഷബാധയുടെ ലക്ഷണം കണ്ടതോടെ വീടുമായി സഹകരിച്ചവർക്കും കുട്ടി പഠിക്കുന്ന സ്കൂളിലെ വിദ്യാർഥികൾക്കും ആരോഗ്യ വകുപ്പ് അധികൃതർ പേവിഷ പ്രതിരോധ കുത്തിവയ്പു നൽകി.
അധ്യാപകന്റെ പീഡനം: അടൂരിലെ അഗ്നിവീര്‍ വിദ്യാര്‍ത്ഥിനിയായ 19കാരി തൂങ്ങിമരിച്ചു, വിമുക്ത ഭടനെതിരെ അന്വേഷണം ആരംഭിച്ചു