പാലക്കാട്: 5 കിലോ കഞ്ചാവുമായി വീട്ടമ്മ അറസ്റ്റിൽ, പോലീസ് നടത്തിയ റെയ്‌ഡിലാണ് ചില്ലറ വിൽപ്പനയ്ക്കായി എത്തിച്ചതെന്ന് കരുതുന്ന കഞ്ചാവ് പിടികൂടിയത്. തെങ്കര സ്വദേശി ഭാനുമതിയുടെ വീട്ടിൽ നിന്നാണ് പോലീസ് കഞ്ചാവ് കണ്ടെത്തിയത്. പോലീസ് വരുന്ന വിവരമറിഞ്ഞ് ഭാനുമതി വീട്ടിൽ നിന്നും ഇറങ്ങി ഓടുകയായിരുന്നു. ഭാനുമതിയുടെ വീട്ടിലെത്തിയാണ് ഇടപാടുകാർ കഞ്ചാവ് വാങ്ങിയിരുന്നതെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയതെന്ന് പോലീസ് പറഞ്ഞു.
അതേസമയം ഭാനുമതിയും മകളുമാണ് ഈ വീട്ടിൽ താമസിക്കുന്നത്. നേരത്തെ ഭർത്താവ് ഇവരെ ഉപേക്ഷിച്ച് പോയിരുന്നു. വീട്ടിൽ വാറ്റ് ചാരായം വിറ്റാണ് നേരത്തെ ഭാനുമതി ജീവിച്ചിരുന്നത്. പിന്നീട് കഞ്ചാവ് വിൽപ്പനയിലേക്ക് തിരിയുകയായിരുന്നു. 25 വർഷത്തോളമായി ഇവർ ലഹരി കച്ചവടം നടത്തുന്നുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.
വീട്ടിലെത്തുന്ന ആവശ്യക്കാർക്ക് ചെറു പൊതികളിൽ കഞ്ചാവ് നൽകി വരുകയായിരുന്നു. വിൽപ്പന സംബന്ധിച്ച് നാട്ടുകാരാണ് പോലീസിൽ വിവരം നൽകിയത്. പരിശോധനയ്ക്കായി പോലീസ് എത്തുന്നതറിഞ്ഞ് വീട്ടിൽ നിന്നും ഓടി രക്ഷപ്പെട്ട ഭാനുമതി സമീപത്ത് തന്നെയുള്ള പൊന്തക്കാട്ടിൽ ഒളിക്കുകയായിരുന്നു. ഭാനുമതിയെ തിരഞ്ഞ പോലീസ് മണിക്കൂറുകൾക്കുള്ളിൽ തന്നെ പ്രതിയെ കസ്റ്റഡിയിലെടുത്തു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വൈദ്യ പരിശോധനകളടക്കം പൂർത്തിയാക്കി കോടതിയിൽ ഹാജരാക്കാനാണ് പോലീസ് നീക്കം.