കൊൽക്കത്ത: മനുഷ്യക്കടത്ത് സംഘത്തിൽ നിന്ന് 56 യുവതികളെ രക്ഷപ്പെടുത്തിയതായി റെയിൽവേ സംരക്ഷണ സേന. സംഘത്തിലുൾപ്പെട്ട രണ്ടുപേർ ബെംഗളൂരുവിൽ ജോലി വാഗ്ദാനം ചെയ്താണ് യുവതികളെ ട്രെയിൻ മാർഗം കടത്താൻശ്രമിച്ചത്. എന്നാൽ യുവതികൾ ടിക്കറ്റില്ലാതെ കൂട്ടത്തോടെ യാത്ര ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ട ജൽപൈഗുരി-പട്ന ക്യാപിറ്റൽ എക്സ്പ്രസിലെ ജീവനക്കാരുടെ ഇടപെടലാണ് മനുഷ്യക്കടത്ത് സംഘത്തെ പിടികൂടാൻ സഹായിച്ചത്. സംഭവത്തിൽ ഒരു പുരുഷനെയും സ്ത്രീയെയും അറസ്റ്റ് ചെയ്തു.
ഒരു പുരുഷനും സ്ത്രീയുമാണ് യുവതികളെ ജോലി വാഗ്ദാനം ചെയ്ത് കൂടെക്കൂട്ടിയത്. യുവതികൾക്ക് ബെംഗളൂരുവിൽ ജോലി വാഗ്ദാനം ചെയ്തശേഷം എന്തിനാണ് ബിഹാറിലേക്ക് കൊണ്ടുപോകുന്നതെന്ന അധികൃതരുടെ ചോദ്യത്തിന് കൃത്യമായ മറുപടി നൽകാൻ ഇരുവർക്കുമായില്ല. മാത്രമല്ല ബെംഗളൂരുവിലെ ജോലി സംബന്ധമായ രേഖകൾ ഹാജരാക്കാനോ, യാത്രയുടെ കാരണം വിശദീകരിക്കാനോ കഴിഞ്ഞില്ല. ഇതോടെ, ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തു. തുടർന്നു യുവതികളെ വീടുകളിലേക്കു മടക്കി അയച്ചു. മനുഷ്യക്കടത്താണെന്ന് മനസിലായതോടെ റെയിൽവേ സംരക്ഷണ സേനയും പൊലീസും സംയുക്തമായാണ് കേസ് അന്വേഷിക്കുന്നത്.
അതേസമയം ബംഗാളിലെ ജൽപൈഗുരി, കൂച്ച് ബെഹാർ, അലിപുർദുവാർ ജില്ലകളിൽ നിന്നുള്ള 18നും 31നും ഇടയിൽ പ്രായമുള്ള യുവതികളാണ് മനുഷ്യക്കടത്തു സംഘത്തിന്റെ വലയിൽ വീണത്. യുവതികളിൽ ആർക്കും ടിക്കറ്റ് ഉണ്ടായിരുന്നില്ല. കയ്യിൽ കോച്ചിന്റെയും ബെർത്തിന്റെയും നമ്പരുകളാണ് പതിച്ചിരുന്നത്. ബെംഗളൂരുവിലെ ഒരു കമ്പനിയിൽ ജോലി വാഗ്ദാനം ചെയ്താണ് കൂട്ടിക്കൊണ്ടു വന്നതെന്ന് സ്ത്രീകൾ റെയിൽവേ ഉദ്യോഗസ്ഥരോട് പറഞ്ഞു.