വാഷിങ്ടൺ: തന്റെ നാല് കുട്ടികളെ കാറിൽ ഇരുത്തി ഒരു മണിക്കൂറോളം സെക്സ് ഷോപ്പിൽ സമയം ചെലവഴിച്ച 38വയസുകാരൻ അറസ്റ്റിൽ. കാറിൽ എയർ കണ്ടീഷനിംഗ് സിസ്റ്റം പോലും ഓൺ ചെയ്യാതെയാണ് കൊടും ചൂടിൽ ഇയാൾ കുട്ടികളെ കാറിലിരുത്തിയതെന്ന് ഫീനിക്സ് പൊലീസ് പറഞ്ഞു. വ്യാഴാഴ്ച വൈകുന്നേരം താപനില 125 ഫാരൻഹീറ്റ് (ഏകദേശം 51.6 ഡിഗ്രി സെൽഷ്യസ്) വരെ എത്തിയിരുന്ന സമയത്താണ് കുട്ടികളോട് ഈ ക്രൂരകൃത്യമെന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. അസെൻസിയോ ലാർഗോ എന്നയാളാണ് പൊലീസിന്റെ പിടിയിലായത്.
രണ്ട് മുതൽ ഏഴ് വയസ് വരെ പ്രായമുള്ള കുട്ടികളാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. കാർ ഓഫായിരുന്നുവെന്നും, വിൻഡോ മുഴുവനും ക്ലോസ്ഡ് ആയിരുന്നുവെന്നും പൊലീസ് പറഞ്ഞു. 24th സ്ട്രീറ്റിനും മാഡിസൺ സ്ട്രീറ്റിനും സമീപമുള്ള ഒരു വ്യാപാര സ്ഥാപനത്തിന്റെ പാർക്കിംഗിലാണ് സംഭവം. കുട്ടികൾ കുടുങ്ങിക്കിടക്കുന്നതായി തോന്നിയ പൊലീസ് വാഹനത്തിനകത്ത് കയറി കുട്ടികളെ രക്ഷിക്കുകയായിരുന്നുവെന്നും ഫീനിക്സ് പൊലീസ് പറഞ്ഞു.
2, 3, 4, 7 വയസ് പ്രായമുള്ള കുട്ടികളാണ് വാഹനത്തിലുണ്ടായിരുന്നത്. കുട്ടികൾ അമിതമായി വിയർക്കുന്നതും, കുട്ടികളുടെ ശരീരത്തിൽ സൂര്യാഘാതമേൽക്കുന്നതും കണ്ടാണ് കുട്ടികളെ രക്ഷപ്പെടുത്തിയത്. രക്ഷാപ്രവർത്തനത്തിന് ശേഷം കുട്ടികളെ എയർ കണ്ടീഷൻ ചെയ്ത പൊലീസ് എസ്‌യുവിയിൽ മാറ്റി വെള്ളം നൽകിയെന്നും പൊലീസ് സാർജന്റ് റോബ് ഷെറർ പറഞ്ഞു. അതേ സമയം, അസെൻസിയോ ലാർഗോയുടെ ശരീരത്തിൽ മദ്യത്തിന്റെ സാനിധ്യവും കണ്ടെത്തിയിട്ടുണ്ട്.