ലാഗോസ്: നൈജീരിയയിലെ നൈജർ സംസ്ഥാനത്ത് കത്തോലിക്കാസഭ നടത്തുന്ന സ്കൂളിൽനിന്ന് തട്ടിക്കൊണ്ടുപോയ 303 വിദ്യാർഥികളിൽ 50 പേർ രക്ഷപ്പെട്ടതായി റിപ്പോർട്ട്. ഇവർ ഇപ്പോൾ ബന്ധുക്കളുടെ അടുക്കൽ എത്തിയതായി എപി റിപ്പോർട്ട് ചെയ്യുന്നു. 253 വിദ്യാർഥികളും 12 അധ്യാപകരും ഇപ്പോഴും തടവിലുണ്ട്. ഇവർ എവിടെയാണ് എന്നത് അവ്യക്തമായിത്തുടരുന്നു.
തിങ്കളാഴ്ച അയൽസംസ്ഥാനമായ കെബ്ബിയിലെ സെക്കൻഡറി സ്കൂളിൽനിന്ന് 25 പെൺകുട്ടികളെ സായുധസംഘം തട്ടിക്കൊണ്ടുപോയിരുന്നു. ഇവരിൽ ചിലർ രക്ഷപ്പെട്ടു. രണ്ടു തട്ടിക്കൊണ്ടുപോകലുകൾക്കും പിന്നിൽ ഏതുസംഘമാണെന്ന് വ്യക്തമല്ല. സംഭവങ്ങളുടെ പശ്ചാത്തലത്തിൽ നൈജറിനും കെബ്ബിക്കും അടുത്തുള്ള കാറ്റ്സിന, പ്ലാറ്റൂ എന്നീ സംസ്ഥാനങ്ങളിലെ എല്ലാ സ്കൂളുകളും തത്കാലത്തേക്കു പൂട്ടാൻ ഉത്തരവിട്ടു. നൈജറിലെ മിക്ക സ്കൂളുകളും അടച്ചു.
പ്രതിസന്ധി കൈകാര്യംചെയ്യാനായി ജി-20 ഉച്ചകോടിയുൾപ്പെടെ എല്ലാ അന്താരാഷ്ട്രപരിപാടികളും പ്രസിഡന്റ് ബോല ടിനുബു റദ്ദാക്കി. നൈജീരിയയിൽ ക്രിസ്ത്യാനികൾ പീഡനമനുഭവിക്കുകയാണെന്നും ടിനുബു സർക്കാർ അതിന് അറുതിവരുത്തിയില്ലെങ്കിൽ സൈനികനടപടിയുണ്ടാകുമെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഭീഷണിപ്പെടുത്തിയിരിക്കെയാണ് ഈ സംഭവങ്ങൾ.

















































