ചിക്കമംഗളൂരു: ഭാര്യയുമായി രണ്ട് വർഷമായി പിരിഞ്ഞു താമസിക്കുന്ന യുവാവ് മകൾ അമ്മയെ തിരക്കിയെന്ന കാരണത്താൽ മകൾ ഉൾപ്പെടെ മൂന്നു പേരെ കൊലപ്പെടുത്തി സ്വയം ജീവനൊടുക്കി. കർണാടകയിലെ ചിക്കമംഗളൂരുവിലാണ് സംഭവം. 7 വയസുകാരിയായ മകൾ, 50കാരിയായ ഭാര്യാമാതാവ്, 26കാരിയായ ഭാര്യയുടെ സഹോദരന്റെ ഭാര്യ എന്നിവരെയാണ് 40കാരൻ കൊലപ്പെടുത്തിയത്.
40 കാരനുമായി കലഹം പതിവായതിനെ തുടർന്ന് രണ്ട് വർഷം മുൻപാണ് ഇയാളുടെ ഭാര്യ മംഗളൂരുവിലേക്ക് താമസം മാറ്റിയത്. ഇതിന് പിന്നാലെ 40കാരൻ ഭാര്യ വീട്ടുകാരുമായി സ്ഥിരം കലഹം പതിവായിരുന്നു. ചൊവ്വാഴ്ച മകൾ സ്കൂളിൽ നിന്ന് തിരികെ എത്തിയപ്പോൾ മകൾ അമ്മ തിരികെ വരാത്തതിനേക്കുറിച്ച് ചോദിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണു പൊലീസ് വിശദമാക്കുന്നത്. ഇതിന് പിന്നാലെ ഭാര്യയുടെ വീട്ടിലേക്ക് എത്തിയ ഇയാൾ ബന്ധുക്കളെയും മകളേയും വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു.
വെടിവയ്പിൽ ഭാര്യയുടെ സഹോദരനും പരുക്കേറ്റെങ്കിലും ഇയാളുടെ പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോർട്ടുകൾ വിശദമാക്കുന്നത്. ജീവനൊടുക്കുന്നതിന് മുൻപായി ഭാര്യയെ രൂക്ഷമായി വിമർശിച്ച് കൊണ്ടും ഹൃദയം തകർന്ന അവസ്ഥയിലാണ് താനുള്ളതെന്നും വിശദമാക്കുന്ന സെൽഫി വീഡിയോയും എടുത്ത ശേഷമാണ് ഇയാൾ ജീവനൊടുക്കിയതെന്നാണ് പോലീസ് പറയുന്നത്.