കൊൽക്കത്ത: അമ്മൂമ്മയ്ക്കൊപ്പം കിടന്നുറങ്ങുകയായിരുന്ന നാലു വയസുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചു. ഹൂഗ്ലിയിലെ താരകേശ്വർ റെയിൽവേ സ്റ്റേഷനടുത്തുള്ള ഷെഡിൽ കൊതുകുവലയ്ക്കുള്ള കിടന്നുറങ്ങുകയായിരുന്ന കുട്ടിയെയാണ് പീഡിപ്പിച്ചത്. വല മുറിച്ചുമാറ്റിയാണു കുട്ടിയെ തട്ടിക്കൊണ്ടു പോയത്. മണിക്കൂറുകളുടെ തിരച്ചിലിനൊടുവിൽ കുട്ടിയെ റെയിൽവേ ലൈനിന് അടുത്തുള്ള ഓടയിൽനിന്ന് കണ്ടെത്തി. ചികിത്സയിലുള്ള കുട്ടിയുടെ ആരോഗ്യനില ഗുരുതരമാണ്.
അതേസമയം തെരുവിൽ കഴിയുന്നവരാണ് കുടുംബം. കൊതുകുവലയ്ക്കുള്ളിൽ കിടക്കുകയായിരുന്ന കുട്ടിയെയാണ് തട്ടിക്കൊണ്ടുപോയത്. ‘‘എന്റെ അടുത്താണ് അവൾ കിടന്നത്. പുലർച്ചെ നാലുമണിയോടെ ആരോ അവളെ എടുത്തു കൊണ്ടുപോകുകയായിരുന്നു. വല മുറിച്ചു മാറ്റിയാണ് കുട്ടിയെ കൊണ്ടുപോയത്. ഞങ്ങൾക്ക് വീടില്ല.’’–അമ്മൂമ്മ മാധ്യമങ്ങളോട് പറഞ്ഞു. പോലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. സംസ്ഥാനത്തെ ക്രമസമാധാന നില തകർന്നതായി പ്രതിപക്ഷം ആരോപിച്ചു.
















































