പേരാവൂർ: പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടി ജീവനൊടുക്കിയ സംഭവത്തിൽ 24 കാരന്‍ അറസ്റ്റില്‍. മുരിങ്ങോടി കളക്കുടുമ്പ് ഉന്നതിയിലെ പി.വിഷ്ണുവിനെയാണ് പേരാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. വിഷ്ണുവുമായി പ്രണയത്തിലായിരുന്ന പ്ലസ്‌വൺ വിദ്യാർഥിനിയെ ഇയാൾ പീഡിപ്പിച്ചിരുന്നതായി കണ്ടെത്തിയതിനെത്തുടർന്നാണ് അറസ്റ്റ്. കഴിഞ്ഞ ജൂലായ് 27-നാണ് അടുപ്പിൽനിന്ന് തീപടർന്ന് പൊള്ളലേറ്റെന്ന് പറഞ്ഞ് പെൺകുട്ടിയെ ആസ്പത്രിയിൽ പ്രവേശിപ്പിച്ചത്.
പിന്നീട് വീട്ടുകാരുടെ മൊഴിയിൽനിന്ന് ലഭിച്ച സൂചനകളെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടി മണ്ണെണ്ണ ദേഹത്തൊഴിച്ച് തീകൊളുത്തിയതാണെന്ന് പോലീസ് കണ്ടെത്തിയത്.
യുവാവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തപ്പോൾ ഇയാൾ പെൺകുട്ടിയെ നിരന്തരം പീഡിപ്പിച്ചിരുന്നതായി സമ്മതിച്ചു. പോക്സോ ഉൾപ്പെടെ ചുമത്തിയാണ് അറസ്റ്റ്.














































