വളാഞ്ചേരി: മലപ്പുറത്ത് ലഹരിസംഘത്തിന് എയ്‍ഡ്സ് സ്ഥിരീകരിച്ചത് ആരോഗ്യ വകുപ്പ് ജയിലിൽ നടത്തിയ പരിശോധനയിലെന്നു സൂചന. കഴിഞ്ഞ ഡിസംബറിലാണ് എയ്‍ഡ്സ് കൺട്രോൾ സൊസൈറ്റി ജയിലിൽ പരിശോധന നടത്തിയത്. ഈ പരിശോധനയിലാണു ലഹരി സംഘത്തിൽപെട്ടൊരാൾക്ക് എയ്ഡ്സ് സ്ഥിരീകരിച്ചത്. പിന്നാലെ ഇയാളുടെ സുഹൃത്തിനെ ആരോഗ്യ വകുപ്പു വിളിച്ചുവരുത്തി ഇയാളെയും പരിശോധിക്കുകയായിരുന്നു. പരിശോധനയിൽ ആ സുഹൃത്തിനും എച്ച്ഐവി സ്ഥിരീകരിച്ചു.
എച്ച്ഐവി ബാധിച്ച 2 പേരും ലഹരി സംഘത്തിൽപെട്ടവരാണെന്നറിഞ്ഞതോടെ ഇവരുമായി ബന്ധമുള്ള മറ്റു 10 പേരിലും ആരോഗ്യവകുപ്പ് പരിശോധന നടത്തി. ഇതിൽ 5 പേർക്ക് രോഗം സ്ഥിരീകരിച്ചു. 5 പേരുടെ പരിശോധന ഫലം നെഗറ്റീവായിരുന്നു. കൂടെയുള്ളവർക്ക് എയ്ഡ്സ് ബാധിച്ചതോടെ ഇവരുമായി ബന്ധമുള്ള മറ്റു 3 പേർ സ്വന്തം നിലയ്ക്ക് പരിശോധന നടത്തുകയായിരുന്നു. പരിശോധനയിൽ ഇവർക്കും രോഗം സ്ഥിരീകരിച്ചു.
അതേസമയം വളാഞ്ചേരിയിലെ ലഹരി വിതരണ കേന്ദ്രവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചവർക്കാണു രോഗം സ്ഥിരീകരിച്ചത്. 10 പേരാണ് രോഗബാധിതർ. ഇതിൽ 6 പേർ ഇതര സംസ്ഥാന തൊഴിലാളികളാണ്. ബാക്കി 4 പേർ മലയാളികളാണ്. എല്ലാ 2 മാസം കൂടുമ്പോഴും എയ്ഡ്സ് കൺട്രോൾ സൊസൈറ്റി ജയിലിൽ പരിശോധന നടത്താറുണ്ട്. രോഗം സ്ഥിരീകരിച്ചവരെല്ലാം യുവാക്കളാണ്. രോഗബാധിതർ ഒരേ സൂചി ഉപയോഗിച്ച് ലഹരി മരുന്ന് ഉപയോഗിച്ചെന്നാണ് അധികൃതർ പറയുന്നത്. സൂചി ഉപയോഗിച്ചു ലഹരി കുത്തിവയ്ക്കുന്നവർക്കിടയിൽ എയ്‌ഡ്‌സ് ബാധ കൂടുന്നതായാണ് ആരോഗ്യ വകുപ്പിന്റെ ഇതുവരെയുള്ള കണ്ടെത്തൽ.