മലപ്പുറം: അയ്യപ്പ സംഗമത്തിന് പകരം സനാതന ധര്‍മ്മ സംഗമം നടത്തി ജയ് ശ്രീറാം എന്ന് വിളിച്ചാലും ഇവിടത്തെ ഹിന്ദു വിശ്വാസികള്‍ പിണറായി വിജയനെ വിശ്വസിക്കില്ലെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി. മുസ്ലിം പ്രീണനം കൊണ്ട് അകന്നുപൊയ്‌ക്കൊണ്ടിരിക്കുന്ന ഹിന്ദുക്കളെ പാര്‍ട്ടിയില്‍ നിലനിര്‍ത്താനുള്ള അവസാന അടവാണ് പിണറായിയുടെ അയ്യപ്പസംഗമമെന്നും പറഞ്ഞു.
ഭൂരിപക്ഷം ഹിന്ദുക്കളും സിപിഐഎം വിട്ടുകൊണ്ടിരിക്കുകയാണ്. അത് മനസിലാക്കിയാണ് പിണറായി വിജയന്‍ ആഗോള അയ്യപ്പ സംഗമവുമായി മുന്നോട്ടുവന്നിരിക്കുന്നത്. ശബരിമല ആചാരങ്ങള്‍ക്ക് എതിരെ പിണറായി വിജയന്‍ നിന്ദ്യമായ പ്രവര്‍ത്തികളാണ് നടത്തിയത്. അയ്യപ്പ സംഗമം ഹിന്ദു വിശ്വാസികളെ വിഡ്ഢികളാക്കാനുള്ള പിണറായി വിജയന്റെ വ്യാമോഹമാണെന്ന് പറഞ്ഞു.
ഇനി ശരണമയ്യപ്പാ എന്ന് പിണറായി വിളിച്ചിട്ടും കാര്യമില്ല. രഹ്ന ഫാത്തിമയേയും ബിന്ദു അമ്മിണിയേയും പോലെയുള്ളവരെ ശബരിമലയില്‍ കയറ്റി എല്‍ഡിഎഫ് സര്‍ക്കാര്‍ ഹിന്ദു വിശ്വാസികളെ അപമാനിക്കുകയാണ് ചെയ്തതെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. ‘മിസ്റ്റര്‍ പിണറായി, ദൈവനിഷേധികളായ നിങ്ങള്‍ക്ക് ഇതിലൊക്കെ എന്ത് കാര്യം’ എന്നും അബ്ദുള്ളക്കുട്ടി ചോദിച്ചു.
നേരത്തേ ആഗോള അയ്യപ്പ സംഗമത്തിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളില്‍ പ്രതികരണവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ രംഗത്തെത്തി. സിപിഐഎം വര്‍ഗീയവാദികള്‍ക്കൊപ്പമല്ല. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വിശ്വാസികള്‍ക്കൊപ്പമാണ്. ആഗോള അയ്യപ്പ സംഗമം തീരുമാനിച്ചത് ദേവസ്വം ബോര്‍ഡാണെന്നും അതിന് രാജ്യത്തിന് നല്ല അംഗീകാരം ലഭിച്ചിട്ടുണ്ടെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.
മുഖ്യമന്ത്രി മുഖ്യരക്ഷാധികാരിയുള്ള സംഘാടകസമിതിയാണ് ആഗോള അയ്യപ്പ സംഗമത്തിന് ഉള്ളത്. പൂര്‍ണ്ണമായും സ്പോണ്‍സര്‍ഷിപ്പിലൂടെ ആണ് പണം കണ്ടെത്തുന്നതെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് പറഞ്ഞിരുന്നു. 3,000 പേരെയാണ് സംഗമത്തില്‍ പ്രതീക്ഷിക്കുന്നത്. ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളില്‍ നിന്ന് 750 പേരും കേരളത്തില്‍ നിന്ന് 800 പേരും പങ്കെടുക്കും. തമിഴ്നാട്ടില്‍ നിന്ന് 500 പേരും വിദേശത്തുനിന്ന് 500 പേര്‍ പങ്കെടുക്കും. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് 200 പേരും പങ്കെടുക്കുമെന്നും പറഞ്ഞു.