ന്യൂഡല്‍ഹി: ചരക്ക് സേവന നികുതിയില്‍ വരുത്തിയ പുതിയ മാറ്റത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വാതന്ത്ര്യാനന്തരമുള്ള ഏറ്റവും വലിയ പരിഷ്‌കരണമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഇത് ഇടത്തരക്കാരുടെ പോക്കറ്റില്‍ കൂടുതല്‍ പണമെത്തിക്കുമെന്നും പല ഉത്പന്നങ്ങളുടെയും നികുതി കുറയ്ക്കുമെന്നും റൊട്ടി, ജീവന്‍രക്ഷാ മരുന്നുകള്‍ തുടങ്ങിയ അവശ്യവസ്തുക്കളുടെ നികുതി പൂര്‍ണ്ണമായും ഒഴിവാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിലവിലുള്ള നാല് നികുതി സ്ലാബുകള്‍ക്ക് പകരം രണ്ട് സ്ലാബുകള്‍ സെപ്റ്റംബര്‍ 22-ന് നിലവില്‍ വരും. ‘നവരാത്രിയുടെ ആദ്യ ദിവസം മുതല്‍ ആളുകള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ഇത്തവണത്തെ ധന്‍തേരാസ് കൂടുതല്‍ ഊര്‍ജ്ജസ്വലമാകും. സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും വലിയ പരിഷ്‌കാരമാണിത്,’ പ്രധാനമന്ത്രി മോദി പറഞ്ഞു. ഡല്‍ഹിയിലെ ഒരു പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുമ്പോഴാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. അടുത്ത തലമുറ ജിഎസ്ടി പരിഷ്‌കാരങ്ങളുടെ ‘ഡബിള്‍ ധമാക്ക’ ദീപാവലിക്കും ഛത്ത് പൂജയ്ക്കും മുമ്പ് ചെങ്കോട്ടയില്‍ നിന്ന് താന്‍ വാഗ്ദാനം ചെയ്തിരുന്നു എന്നും പ്രധാനമന്ത്രി മോദി പറഞ്ഞു.
ലളിതമായ നികുതി സമ്പ്രദായം, പൗരന്മാരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തല്‍, ഉപഭോഗത്തിനും വളര്‍ച്ചയ്ക്കും ഉത്തേജനം നല്‍കല്‍, ബിസിനസ്സ് ചെയ്യുന്നതിലെ എളുപ്പം വഴി നിക്ഷേപങ്ങളെയും തൊഴിലവസരങ്ങളെയും പ്രോത്സാഹിപ്പിക്കല്‍, വികസിത ഇന്ത്യയ്ക്കായി സഹകരണ ഫെഡറലിസം ശക്തിപ്പെടുത്തല്‍ എന്നിവ ഉള്‍പ്പെടുന്ന ‘പഞ്ചരത്‌ന’ (അഞ്ച് രത്‌നങ്ങള്‍) ജിഎസ്ടി പരിഷ്‌കാരങ്ങള്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥക്ക് നല്‍കിയെന്ന് അദ്ദേഹം പറഞ്ഞു.
കേന്ദ്രത്തില്‍ അധികാരത്തിലിരുന്നപ്പോള്‍ ദൈനംദിന ആവശ്യവസ്തുക്കള്‍, ഭക്ഷണം, മരുന്ന് എന്നിവ ഉള്‍പ്പെടെ എല്ലാത്തിനും നികുതി ചുമത്തിയിരുന്ന പ്രതിപക്ഷമായ കോണ്‍ഗ്രസിനെ അദ്ദേഹം വിമര്‍ശിക്കുകയും ചെയ്തു. ജിഎസ്ടി കൗണ്‍സില്‍ ഇന്നലെ പ്രഖ്യാപിച്ച ജിഎസ്ടി യുക്തിസഹകരണം, ഭക്ഷണം, മരുന്നുകള്‍, അവശ്യവസ്തുക്കള്‍, കാര്‍ഷികോത്പന്നങ്ങള്‍, ഹരിത ഊര്‍ജ്ജം, ചെറിയ കാറുകള്‍, ബൈക്കുകള്‍ എന്നിവയുള്‍പ്പെടെ നിരവധി ഉത്പന്നങ്ങളുടെ നികുതി കുറച്ചു. കൂടാതെ, ലൈഫ്, മെഡിക്കല്‍ ഇന്‍ഷുറന്‍സ്, ജീവന്‍രക്ഷാ മരുന്നുകള്‍, പാല്‍ ഉത്പന്നങ്ങള്‍, റൊട്ടി തുടങ്ങിയ ഭക്ഷ്യവസ്തുക്കള്‍ എന്നിവയെ നികുതി വിമുക്തമാക്കി.