ന്യൂഡൽഹി: മുംബൈ ഭീകരാക്രമണത്തിന്റെ ആസൂത്രകനായ തഹാവൂർ റാണയെ ഇന്ത്യയിലെത്തിച്ചത് ഭീകരത്താവളങ്ങളെക്കുറിച്ചുള്ള നിർണായക വിവരശേഖരണത്തിനു ഗുണം ചെയ്തതായി അന്വേഷണ ഏജൻസികൾ.
എൻഐഎ കസ്റ്റഡിയിലുള്ള പാക്ക് വംശജനായ റാണ പാക് സൈന്യത്തിൽ ഡോക്ടറായിരുന്നു. 1990 ൽ കാനഡയിലേക്ക് കുടിയേറിയിട്ടും ലഷ്‌കറെ തയിബ, ഹർക്കത്തുൽ ജിഹാദി ഇസ്‌ലാമി, ഐഎസ്ഐഎസ് സംഘടനകളുമായി ഇയാൾ അടുത്ത ബന്ധം പുലർത്തിയിരുന്നു.
മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്മാരിലൊരാളായ ഭീകരൻ ഡേവിഡ് കോൾമാൻ ഹെഡ്‌ലിയുടെ അടുത്ത അനുയായിയായ റാണയ്ക്ക് അന്ന് ആക്രമണത്തിൽ പങ്കുവഹിച്ച ഐഎസ്ഐയിലെ മേജർ ഇക്ബാലുമായി നേരിട്ടു ബന്ധമുണ്ടായിരുന്നു. റാണയെ ചോദ്യം ചെയ്യുന്നതിലൂടെ പാക്കിസ്ഥാനിലെ ഭീകരപ്രവർത്തനങ്ങളെക്കുറിച്ച് നിർണായക തെളിവുകൾ അന്വേഷണ ഏജൻസികൾക്ക് ലഭിച്ചിട്ടുണ്ട്.