ന്യൂഡല്‍ഹി: ഇപ്പോഴും ലോകത്തെ ഏറ്റവും ജനപ്രിയ നേതാവായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിലയിരുത്തുമ്പോഴും അദ്ദേഹത്തിന്റെ സര്‍ക്കാരിന്റെ പ്രകടനം കഴിഞ്ഞ ആറ് മാസത്തിനിടെ അത്ര മെച്ചമല്ലെന്ന് ഇന്ത്യയിലെ ജനങ്ങള്‍. ഓഗസ്റ്റ് 2025-ലെ ‘മൂഡ് ഓഫ് ദ നേഷന്‍’ സര്‍വേ പ്രകാരം, പ്രധാനമന്ത്രി നരേന്ദ്ര മോദി ഏറ്റവും ജനപ്രിയനായ നേതാവാണെങ്കിലും ജനപ്രീതിയില്‍ 10 ശതമാനം ഇടിവ് രേഖപ്പെടുത്തി.
ഫെബ്രുവരി 2025-ല്‍ നടന്ന സര്‍വേയില്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനത്തെ 62% പേര്‍ ‘നല്ലത്’ എന്ന് വിലയിരുത്തിയിരുന്ന സ്ഥാനത്ത്, ഇപ്പോഴത് 58% ആയി കുറഞ്ഞു. ഈ ചെറിയ കുറവുണ്ടായിട്ടും, 11 വര്‍ഷത്തെ ഭരണത്തിന് ശേഷവും പ്രധാനമന്ത്രി മോദിക്ക് പൊതുജനങ്ങളുടെ ഇടയില്‍ ഇപ്പോഴും ശക്തമായ പിന്തുണയുണ്ടെന്ന് ഇത് സൂചിപ്പിക്കുന്നു.
മോദിയുടെ മൂന്നാം ടേമിലെ ഇതുവരെയുള്ള പ്രകടനം ‘മികച്ചതാണെന്ന്’ 34.2% പേരും, ‘നല്ലതാണെന്ന്’ 23.8% പേരും അഭിപ്രായപ്പെട്ടു. എന്നാല്‍, ഫെബ്രുവരിയിലെ മുന്‍ സര്‍വേയില്‍ ഇത് 36.1% ആയിരുന്നു, ഇത് അദ്ദേഹത്തിന്റെ ജനപ്രീതിയില്‍ ഒരു കുറവ് വന്നിട്ടുണ്ട് എന്ന് സൂചിപ്പിക്കുന്നു. 12.7% പേര്‍ മോദിയുടെ പ്രകടനം ശരാശരിയാണെന്ന് വിലയിരുത്തിയപ്പോള്‍, 12.6% പേര്‍ ‘മോശമെന്നും 13.8% പേര്‍ ‘വളരെ മോശമെന്നും പറഞ്ഞു.
വര്‍ഷങ്ങളായുള്ള മോദിയുടെ പ്രകടനം വിലയിരുത്തുമ്പോള്‍, ഓഗസ്റ്റ് 2025-ല്‍ ഇത് 58% ആയിരുന്നു. ഫെബ്രുവരി 2025-ലെ സര്‍വേയില്‍ ഇത് 61.8% ആയിരുന്നത് ഇത്തവണ കുറഞ്ഞു. അതേസമയം ഓഗസ്റ്റ് 2025-ലെ സര്‍വേയില്‍ 26.4% ആളുകള്‍ മോദിയുടെ പ്രകടനം ‘മോശവും’, ‘വളരെ മോശവു’മായി വിലയിരുത്തി. രാഹുല്‍ഗാന്ധി വോട്ടുമോഷണ വിവാദം ഉയര്‍ത്തിയതിന് ശേഷമാണ് ഈ ട്രെന്റ് ഉണ്ടായിരിക്കുന്നത്്.