ന്യൂഡല്‍ഹി: ഓരോ ഇന്ത്യന്‍ ദമ്പതികള്‍ക്കും മൂന്ന് കുട്ടികള്‍ വേണമെന്ന ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്റെ പ്രസ്താവനയ്‌ക്കെതിരെ എഐഎംഐഎം പ്രസിഡന്റും എംപിയുമായ അസദുദ്ദീന്‍ ഒവൈസി രംഗത്തെത്തി. ആളുകളുടെ വ്യക്തിപരമായ കാര്യങ്ങളില്‍ ഇത്തരത്തിലുള്ള ഇടപെടല്‍ നടത്താന്‍ അദ്ദേഹം ആരാണെന്നും അതു പാടില്ലെന്നും അദ്ദേഹം പറഞ്ഞു.
എന്‍ഡിറ്റിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഒവൈസി ഈ പ്രസ്താവന നടത്തിയത്. മൂന്ന് കുട്ടികള്‍ വേണമെന്ന മോഹന്‍ ഭാഗവതിന്റെ പ്രസ്താവനയെക്കുറിച്ച് ചോദിച്ചപ്പോള്‍, ഇന്ത്യയുടെ ജനസംഖ്യാപരമായ സാധ്യതകള്‍ ‘പൂര്‍ണ്ണമായും പാഴാക്കിയതുകൊണ്ടാണ്’ അദ്ദേഹം അങ്ങനെ പറഞ്ഞതെന്ന് ഒവൈസി പറഞ്ഞു. 2019-ലെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ ജനസംഖ്യാ നിയന്ത്രണം വേണമെന്ന് പ്രധാനമന്ത്രി പറഞ്ഞത് നമ്മള്‍ മറക്കരുത്. 2024-ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ രാജസ്ഥാനില്‍ വെച്ച് മുസ്ലിങ്ങള്‍ കൂടുതല്‍ കുട്ടികള്‍ക്ക് ജന്മം നല്‍കുന്നുവെന്ന് അദ്ദേഹം പറഞ്ഞതും നമ്മള്‍ മറക്കരുത്. ഇപ്പോള്‍ പെട്ടെന്ന് മോഹന്‍ ഭാഗവത് കൂടുതല്‍ കുട്ടികള്‍ വേണമെന്ന് പറയുന്നു,’ ഒവൈസി പറഞ്ഞു.
ഇന്ത്യയിലെ 65% ആളുകളും 35 വയസ്സില്‍ താഴെയുള്ളവരാണ്. എന്നാല്‍ ഇവര്‍ക്ക് തൊഴിലോ, വിദ്യാഭ്യാസ പരിശീലനമോ നല്‍കുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മോഹന്‍ ഭാഗവതും പരാജയപ്പെട്ടുവെന്ന് അദ്ദേഹം ആരോപിച്ചു. എന്തുകൊണ്ടാണ് മൂന്ന് കുട്ടികള്‍ വേണമെന്ന് അദ്ദേഹം പറയുന്നതെന്നും ചോദിച്ചു. ഇന്ത്യയിലെ തൊഴിലില്ലായ്മ പരിഹരിക്കാന്‍ പ്രധാനമന്ത്രി മോദി പറഞ്ഞത് പക്കോട കട തുടങ്ങാനോ അഴുക്കുചാലില്‍ നിന്ന് ഗ്യാസെടുക്കാനോ ഒക്കെയാണെന്നും പറഞ്ഞു.
‘ആളുകളുടെ ജീവിതത്തില്‍ ഇടപെടാന്‍ നിങ്ങള്‍ ആരാണ്? ഒരു സ്ത്രീക്ക് തന്റെ കുടുംബത്തോടും ഭര്‍ത്താവിനോടും ചേര്‍ന്ന് എത്ര കുട്ടികള്‍ വേണമെന്ന് തീരുമാനിക്കാന്‍ അവകാശമുണ്ട്. എന്തിനാണ് അവരെ സമ്മര്‍ദ്ദത്തിലാക്കാന്‍ ശ്രമിക്കുന്നത്? ആര്‍എസ്എസ് ആളുകള്‍ വിവാഹം കഴിക്കാറില്ല. അവരില്‍ പലരും ബ്രഹ്മചാരികളായിട്ടാണ് ജീവിക്കുന്നത്. നിങ്ങളുടെ ജീവിതരീതിയെക്കുറിച്ച് ഞങ്ങള്‍ അഭിപ്രായം പറയുന്നില്ല. നിങ്ങള്‍ ചെയ്യാത്ത കാര്യങ്ങളെക്കുറിച്ച് എന്തിനാണ് അഭിപ്രായം പറയുന്നത്?’ അദ്ദേഹം ചോദിച്ചു.
















































