ന്യൂഡല്‍ഹി: ജപ്പാനില്‍ സന്ദര്‍ശനം നടത്തിയതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി വാര്‍ഷിക ഷാങ്ഹായ് കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ശനിയാഴ്ച ചൈനയിലെ ടിയാന്‍ജിനില്‍ എത്തി. ഏഴ് വര്‍ഷത്തിന് ശേഷമാണ് മോദി ചൈന സന്ദര്‍ശിക്കാന്‍ എത്തുന്നത്. ചൈനയുടെ വ്യവസായ, വിവരസാങ്കേതിക മന്ത്രി ലീ ലെഷെങ്, ടിയാന്‍ജിന്‍ ഗവണ്‍മെന്റ് ഡയറക്ടര്‍ യു യുന്‍ലിന്‍, ചൈനീസ് അംബാസഡര്‍ ഷു ഫെയ്ഹോങ് എന്നിവര്‍ ചേര്‍ന്ന് പ്രധാനമന്ത്രിയെ സ്വീകരിച്ചു.
ആഗസ്റ്റ് 31-നും സെപ്റ്റംബര്‍ 1-നുമാണ് ഉച്ചകോടി. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിന്റെ ക്ഷണപ്രകാരമാണ് മോദി ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ എത്തിയത്. സന്ദര്‍ശന വേളയില്‍, ഉച്ചകോടിയുടെ ഭാഗമായി അദ്ദേഹം പ്രസിഡന്റ് ഷി ജിന്‍പിങ്, റഷ്യന്‍ പ്രസിഡന്റ് പുടിന്‍ എന്നിവരുമായും മറ്റ് നേതാക്കളുമായും കൂടിക്കാഴ്ച നടത്തും. വാഷിംഗ്ടണ്‍ ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം താരിഫ് ചുമത്തിയതിനെ തുടര്‍ന്ന് ഇന്ത്യ-യുഎസ് ബന്ധത്തില്‍ അടുത്തിടെയുണ്ടായ അസ്വാരസ്യങ്ങളുടെ പശ്ചാത്തലത്തില്‍ ഈ ഉച്ചകോടിക്ക് കൂടുതല്‍ പ്രാധാന്യമുണ്ട്.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് എല്ലാ രാജ്യങ്ങള്‍ക്കും മേല്‍ ചുമത്തിയ താരിഫുകള്‍ കാരണം ആഗോള സാമ്പത്തിക രംഗം കലുഷിതമായിരിക്കുകയാണ്. ജപ്പാനിലെ സന്ദര്‍ശനം പൂര്‍ത്തിയാക്കിയതിന് ശേഷമാണ് മോദി ചൈനയില്‍ എത്തുന്നത്. യുഎസ് ഏര്‍പ്പെടുത്തിയ 50 ശതമാനം താരിഫ്, റഷ്യന്‍ ക്രൂഡ് ഓയില്‍ വാങ്ങിയതിനുള്ള 25 ശതമാനം അധിക താരിഫ് എന്നിവ പ്രാബല്യത്തില്‍ വന്ന സാഹചര്യത്തില്‍ ഈ സന്ദര്‍ശനത്തിന് ഇന്ത്യയെ സംബന്ധിച്ചിടത്തോളം സന്ദര്‍ശനം വളരെ നിര്‍ണായകമാണ്. ഇന്ത്യ-ചൈന ബന്ധങ്ങളില്‍ അടുത്തിടെയുണ്ടായ മാറ്റങ്ങള്‍ കണക്കിലെടുക്കുമ്പോള്‍, ഇന്ത്യാ – ചൈന ഉഭയകക്ഷി കൂടിക്കാഴ്ചയ്ക്ക് വലിയ പ്രധാന്യമുണ്ട്.