പാലക്കാട്: പനയമ്പാടത്ത് നാലു കുരുന്നുകളുടെ ജീവനെടുത്ത നിരത്തിൽ ഇതുവരെയുണ്ടായിട്ടുള്ളത് 55 അപകടങ്ങൾ. എന്നാൽ യാഥൊരുവിധ നടപടികളും ഇതുവരെയുണ്ടായിട്ടില്ലെന്ന് നാട്ടുകാർ. റോഡ് നിർമാണത്തിലെ അശാസ്ത്രീയതയാണ് അപകട കാരണം. മഴ പെയ്താൽ ഇവിടെ അപകടം ഉറപ്പാണെന്നു സമീപവാസികൾ പറഞ്ഞു. കഴിഞ്ഞ ഒക്ടോബർ അവസാനം ഈ നിരത്തിൽ പൊലിഞ്ഞത് അഞ്ചു ജീവനുകൾ.
അധികൃതരോട് നിരവധി തവണ പരാതി അറിയിച്ചിട്ടും നടപടിയുണ്ടാവാത്ത സാഹചര്യത്തിൽ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. തുടർ അപകടങ്ങൾക്ക് പരിഹാരം വേണമെന്ന് പറഞ്ഞാണ് നാട്ടുകാർ സ്ഥലത്ത് കുത്തിയിരുന്ന് പ്രതിഷേധിക്കുന്നത്. എന്നാൽ പരിഹാരം നൽകാമെന്ന പൊലീസിൻ്റെ വാക്കുകളൊന്നും നാട്ടുകാർ മുഖവിലക്കെടുക്കാതെ പ്രതിഷേധം തുടരുകയാണ്. എന്നാൽ ഇവിടം ബ്ലാക് സ്പോട്ടാണെന്നു അറിയില്ലെന്നു ഗതാഗത മന്ത്രി പ്രതികരിച്ചു.
ഇവിടം ബ്ലാക്ക് സ്‌പോട്ട് ആണോയെന്ന് പരിശോധിക്കും. ആണെങ്കിൽ അതു പരിഹരിക്കാനുള്ള നടപടികൾ സ്വീകരിക്കും. അതുപോലെ രണ്ടു മാസത്തിനുള്ളിൽ കേരളത്തിലെ അപകട മേഖലകൾ തിരിച്ചറിയാനുള്ള മൊബൈൽ ആപ് വികസിപ്പിക്കുമെന്നും മന്ത്രി. ആറു ഭാഷകളിൽ ഫ്രീയായി എല്ലാവർക്കും കൈകാര്യം ചെയ്യാൻ കഴിയുന്ന വിധമായിരിക്കുമിതിന്റെ ഘടനയെന്നും മന്ത്രി പറഞ്ഞു.
ചെറിയൊരു വളവോടു കൂടിയുള്ള സ്ഥലമായതിനാൽ അപകടം ഇവിടെ പതിവാണ്. അതു പരിഹരിക്കാൻ റോട്ടിൽ ചെറിയൊരു ഗ്രിപ്പ് നൽകിയിട്ടുണ്ടെങ്കിലും അതുകൊണ്ട് കാര്യമില്ല. നാളിതുവരെ 55 അപകടങ്ങൾ ഇവിടെ നടന്നിട്ടുണ്ട്. പലപ്പോഴും ജനപ്രതിനിധികൾ നിയമസഭയിലെ ശ്രദ്ധ ക്ഷണിക്കലിൽ ഇക്കാര്യങ്ങൾ അറിയിച്ചിട്ടുണ്ടെങ്കിലും ഇതുവരെ വേണ്ട നടപടികളെടുത്തിട്ടില്ല.
2021ൽ വിഷുവിന് ഇവിടെ 2 പേർ മരിച്ചിരുന്നു. ഇറക്കവും വളവുമാണ് റോഡിന്റെ ഈ ഭാഗത്തുള്ളത്. അപകടം സ്ഥിരമായപ്പോൾ ഇവിടെ റോഡിൻ്റെ വീതി കൂട്ടിയെങ്കിലും അപകടങ്ങൾക്ക് കുറവൊന്നും ഉണ്ടായിട്ടില്ല. വിദ്യാർഥിനികളുടെ മരണത്തോടെ നാട്ടുകാരുടെ പ്രതിഷേധം ശക്തമാക്കി. പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. നാട്ടുകാരുമായി സംസാരിക്കാൻ ശ്രമിച്ചെങ്കിലും വൻ ജനരോഷമുയർന്നതിനാൽ കഴിഞ്ഞില്ല. നിലവിൽ എംഎൽഎ സ്ഥലത്ത് തുടരുകയാണ്.
പാതയോരത്തുകൂടി നടന്നുപോവുകയായിരുന്ന വിദ്യാർഥിനികൾക്കിടയിലേക്ക് സിമെന്റ് ലോറി മറിഞ്ഞ് നാലു മരണം, അപകടത്തിൽപ്പെട്ടത് കരിമ്പ ഹയർസെക്കൻഡറി സ്കൂളിലെ എട്ടാം വിദ്യാർഥിനികൾ
സിമെന്റ്ലോറി വിദ്യാർഥിനികൾക്കിടയിലേക്ക് മറിഞ്ഞ് ഇർഫാന, മിത, റിദ, ആയിഷ എന്നിവരാണ് മരിച്ചത്. റോഡിലൂടെ നടക്കുകയായിരുന്ന വിദ്യാർത്ഥികൾക്ക് ഇടയിലേക്കാണ് ലോറി പാഞ്ഞുകയറിയത്. ഇന്ന് വൈകിട്ട് നാലോടെയാണ് അപകടമുണ്ടായത്. സിമൻ്റ് ലോറി ഉയർത്തിയിട്ടുണ്ട്. മരിച്ച വിദ്യാർഥിനികളുടെ മൃതദേഹങ്ങൾ ഇൻക്വസ്റ്റ്, പോസ്റ്റുമോർട്ടം നടപടികൾക്കായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
ക്രിസ്തുമസ് പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന കരിമ്പ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിനികളാണ് അപകടത്തിൽപ്പെട്ടത്. സ്കൂളിന് സമീപത്ത് വച്ചാണ് ദാരുണാപകടം ഉണ്ടായത്. ക്രെയിൻ ഉപയോഗിച്ച് ലോറി ഉയർത്തി.