ന്യൂഡല്‍ഹി: ഇന്ത്യയെ തങ്ങള്‍ക്ക് നഷ്ടമായതായി വിശ്വസിക്കുന്നില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതില്‍ തനിക്ക് നിരാശയുണ്ടെന്നും എന്നാല്‍ ഇന്ത്യയും റഷ്യയും തങ്ങളെ വിട്ട് ചൈനയ്ക്ക് പിന്നാലെ പോയതായി കരുതുന്നില്ലെന്നും പറഞ്ഞു. ടിയാന്‍ജിനില്‍ നടന്ന ഷാങ്ഹായ് കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ മീറ്റില്‍ ഇന്ത്യ, റഷ്യ, ചൈന എന്നീ രാജ്യങ്ങളുടെ നേതാക്കള്‍ ഒരുമിച്ച് നിന്നതിന് പിന്നാലെയാണ് വൈറ്റ്ഹൗസില്‍ മാധ്യമങ്ങളെ കണ്ടപ്പോള്‍ ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇന്ത്യ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതില്‍ തനിക്ക് നിരാശയുണ്ടെന്ന് ട്രംപ് പറഞ്ഞു. ഇന്ത്യയ്ക്ക് മേല്‍ 50 ശതമാനം തീരുവ ചുമത്തിയതിനെക്കുറിച്ചും അദ്ദേഹം സൂചിപ്പിച്ചു. നേരത്തെ ട്രൂത്ത് സോഷ്യലില്‍ ‘ ചൈനയ്ക്ക് നല്‍കി ഇന്ത്യയെ അമേരിക്ക നഷ്ടപ്പെടുത്തിയതിന് ആരെയാണ് കുറ്റപ്പെടുത്തേണ്ടത്?’ എന്ന ചോദ്യത്തിന് മറുപടിയായി അങ്ങനെ സംഭവിച്ചതായി ഞാന്‍ കരുതുന്നില്ല എന്നായിരുന്നു ട്രംപിന്റെ മറുപടി. ”റഷ്യയില്‍ നിന്ന് ഇന്ത്യ ഇത്രയധികം എണ്ണ വാങ്ങുന്നതില്‍ എനിക്ക് വലിയ നിരാശയുണ്ട്. ഞാന്‍ അവരെ അത് അറിയിച്ചിട്ടുണ്ട്. ഞങ്ങള്‍ ഇന്ത്യയ്ക്ക് മേല്‍ വലിയ നികുതി ചുമത്തി- 50 ശതമാനം, വളരെ ഉയര്‍ന്ന നികുതി. നിങ്ങള്‍ക്കറിയാവുന്നതുപോലെ, ഞാന്‍ മോദിയുമായി വളരെ നല്ല ബന്ധം പുലര്‍ത്തുന്നുണ്ട്. അദ്ദേഹം ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ഇവിടെ ഉണ്ടായിരുന്നു. ഞങ്ങള്‍ റോസ് ഗാര്‍ഡനില്‍ പോയി പത്രസമ്മേളനം നടത്തി.” യുഎസ് പ്രസിഡന്റ് പറഞ്ഞു.
നേരത്തേ ‘നമ്മള്‍ ഇരുണ്ട ചൈനയ്ക്ക് ഇന്ത്യയെയും റഷ്യയെയും നഷ്ടപ്പെടുത്തിയെന്ന് തോന്നുന്നു. അവര്‍ക്ക് ഒരുമിച്ച് ഒരു നീണ്ടതും സമൃദ്ധവുമായ ഭാവി ഉണ്ടാകട്ടെ.’ എന്നായിരുന്നു ഡൊണാള്‍ഡ് ട്രംപ് തന്റെ മുന്‍ പോസ്റ്റില്‍ കുറിച്ചത്. നേരത്തെ, ട്രംപിന്റെ വ്യാപാര ഉപദേഷ്ടാവ് പീറ്റര്‍ നവാരോ ഇന്ത്യ റഷ്യന്‍ എണ്ണയില്‍ നിന്ന് ലാഭം നേടുന്നുവെന്ന് വീണ്ടും ആരോപിച്ചിരുന്നു. ഇന്ത്യയുടെ താരിഫുകള്‍ ‘അമേരിക്കക്കാരുടെ ജോലികള്‍ക്ക് നഷ്ടമുണ്ടാക്കി’ എന്നും അദ്ദേഹം ആരോപിച്ചു. വൈറ്റ് ഹൗസ് സാമ്പത്തിക ഉപദേഷ്ടാവ് കെവിന്‍ ഹാസെറ്റ് വെള്ളിയാഴ്ച പറഞ്ഞത്. ഇന്ത്യ റഷ്യന്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്നത് തുടരുന്നതില്‍ ട്രംപിനും വ്യാപാര സംഘത്തിനും ‘നിരാശയുണ്ട്’ എന്നാണ്.