ഇസ്‌ലാമാബാദ് : മൂന്നു പതിറ്റാണ്ടോളം നീണ്ടുനിന്ന കാത്തിരിപ്പിനു ശേഷം ആതിഥ്യം വഹിക്കാന്‍ അവസരം ലഭിച്ച ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിന്, പാക്കിസ്ഥാനില്‍ ‘അകാല വിരാമം’! ഫൈനലിന് ഇനിയും നാലു ദിവസം ശേഷിക്കെയാണ്, പാക്ക് മണ്ണിലെ ടൂര്‍ണമെന്റിന് ഇന്ന് വിരാമമാകുന്നത്. അതിനു കാരണക്കാരായതാകട്ടെ, ബദ്ധവൈരികളായ ഇന്ത്യയും. ചാംപ്യന്‍സ് ട്രോഫി രണ്ടാം സെമിഫൈനലില്‍ ഇന്നു നടക്കുന്ന ന്യൂസീലന്‍ഡ് ദക്ഷിണാഫ്രിക്ക പോരാട്ടമാകും പാക്കിസ്ഥാന്‍ മണ്ണിലെ അവസാന മത്സരം.
ദുബായ് രാജ്യാന്തര സ്റ്റേഡിയത്തില്‍ നടന്ന ഒന്നാം സെമിയില്‍ കരുത്തരായ ഓസ്‌ട്രേലിയയെ വീഴ്ത്തി ഇന്ത്യ ഫൈനലില്‍ കടന്നതോടെയാണ്, ഫൈനല്‍ വേദി പാക്കിസ്ഥാന് കൈവിട്ടുപോയത്. പാക്കിസ്ഥാനില്‍ കളിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ മത്സരങ്ങള്‍ ദുബായിലേക്ക് മാറ്റിയിരുന്നു. ഫൈനല്‍ ഉള്‍പ്പെടെ ഇന്ത്യ കളിക്കുന്ന മത്സരങ്ങളെല്ലാം ദുബായില്‍ നടത്താനാണ് തീരുമാനം.
ഓസീസിനെ വീഴ്ത്തി ഇന്ത്യ ഫൈനലില്‍ കടന്നതോടെ കലാശപ്പോരാട്ടം ദുബായില്‍ നടക്കുന്ന സാഹചര്യത്തിലാണ് പാക്കിസ്ഥാനിലെ ചാംപ്യന്‍സ് ട്രോഫി മത്സരങ്ങള്‍ ഇന്നത്തോടെ അവസാനിക്കുന്നത്. ഇന്ത്യ ഫൈനലില്‍ കടന്നിരുന്നില്ലെങ്കില്‍ പാക്കിസ്ഥാനാണ് ഫൈനല്‍ പോരാട്ടത്തിന് വേദിയാകേണ്ടിയിരുന്നത്. ലഹോറിലെ ഗദ്ദാഫി സ്റ്റേഡിയാണ് ഇതിനായി നിശ്ചയിച്ചത്. ഇന്ത്യ ഫൈനലില്‍ കടന്നതോടെ ‘കരാര്‍ പ്രകാരം’ ഫൈനല്‍ ദുബായില്‍ നടക്കും.
ലഹോര്‍ ഗദ്ദാഫി സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 2.30 മുതലാണ് ന്യൂസീലന്‍ഡ് ദക്ഷിണാഫ്രിക്ക രണ്ടാം സെമിഫൈനല്‍. ഗ്രൂപ്പ് ബിയില്‍ ഒന്നാം സ്ഥാനക്കാരായാണ് ദക്ഷിണാഫ്രിക്ക സെമി ഉറപ്പിച്ചതെങ്കില്‍ ഗ്രൂപ്പ് എയില്‍ ഇന്ത്യയ്ക്കു പിന്നില്‍ രണ്ടാം സ്ഥാനക്കാരായാണ് ന്യൂസീലന്‍ഡിന്റെ സെമി പ്രവേശം.