ശബരിമല: കനത്ത മൂടല്‍മഞ്ഞും മഴയും കാരണം ശബരിമലയിലേക്കുള്ള പരമ്പരാഗത കാനനപാതയായ സത്രം-പുല്ലുമേട് കാനനപാത വഴി തിങ്കളാഴ്ച ഭക്തരെ കടത്തിവിടില്ലെന്ന് വനം വകുപ്പ് അറിയിച്ചു. വനംവകുപ്പിന്റെ നിര്‍ദേശം ജില്ലാ ഭരണകൂടവും അംഗീകരിച്ചതോടെ സത്രത്തില്‍ എത്തിയിരുന്ന ഭക്തരെ പ്രത്യേകം കെഎസ്ആര്‍ടിസി ബസ് തയ്യാറാക്കി പമ്പയിലെത്തിക്കാൻ നടപടിയായി. ഇവിടെയെത്തിയ ചിലർ സ്വന്തം വാഹനത്തിലും പമ്പയിലേക്ക് മടങ്ങി.
സത്രത്തില്‍നിന്ന് പുല്ലുമേടിലേക്ക് ആറ് കിലോമീറ്ററും പുല്ലുമേട്ടിൽനിന്ന് സന്നിധാനത്തേക്ക് ആറ് കിലോമീറ്ററുമാണുള്ളത്. ഇതില്‍ സത്രത്തില്‍നിന്ന് തുടങ്ങുന്ന ഭാഗം ഒന്നര കിലോമീറ്ററോളം ചെങ്കുത്തായ കയറ്റമാണ്. ഈ ഭാഗങ്ങളിലൊക്കെ ഞായറാഴ്ച മുതല്‍ക്കുതന്നെ ശക്തമായ മൂടല്‍ മഞ്ഞായിരുന്നു.
കാലാവസ്ഥ അനുകൂലമായാല്‍ മാത്രമേ ഇതുവഴി കടത്തിവിടുകയുള്ളൂവെന്ന് കഴിഞ്ഞ ദിവസംതന്നെ വനംവകുപ്പ് ഉദ്യോഗസ്ഥരും മറ്റും പ്രത്യേക അറിയിപ്പ് നല്‍കിയിരുന്നു. പക്ഷെ, മൂടല്‍മഞ്ഞും മഴയും മാറാതെ വന്നതോടെയാണ് വഴി താല്‍ക്കാലികമായി അടച്ചത്. കാലാവസ്ഥ അനുകൂലമായാല്‍ ഈ വഴി വീണ്ടും തുറന്നുകൊടുക്കും.
അതേ സമയം വനത്തില്‍ ശക്തമായ മഴ തുടര്‍ന്നാല്‍ പമ്പയില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ടെന്നാണ് പത്തനംതിട്ട ജില്ലാ ഭരണകൂടത്തിന്റെ മുന്നറിയിപ്പുണ്ട്. അതിനാൽ പമ്പയിൽ കുളിക്കാനിറങ്ങുന്നവർ ജാഗ്രത പാലിക്കണമെന്ന് ഭരണകൂടം മുന്നറിയിപ്പ് നൽകി.
കനത്ത മഴയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് എല്ലാ ജില്ലകളിലും 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന താലൂക്ക്-ജില്ലാ കണ്ട്രോള് റൂമുകള്‍ പ്രര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.

















































