പാലക്കാട്: പാലക്കാട് കല്ലടിക്കോട് വിദ്യാർഥിനികൾക്കിടയിലേക്ക് ലോറി ഇടിച്ചുകയറി വൻ ദുരന്തം. അപകടത്തിൽ നാലു കുട്ടികൾക്ക് ദാരുണാന്ത്യം. വ്യാഴാഴ്ച വൈകിട്ട് മൂന്നരയോടെയാണ് അപകടമുണ്ടായത്. ക്രിസ്തുമസ് പരീക്ഷകഴിഞ്ഞ് നടന്നുപോവുകയായിരുന്ന വിദ്യാർഥിനികൾക്കിടയിലേക്ക് അമിത വേഗത്തിലെത്തിയ ലോറി നിയന്ത്രണം വിട്ട് പാഞ്ഞുകയറുകയായിരുന്നു. സംഭവസ്ഥലത്തുവച്ച് മൂന്നു വിദ്യാർഥിനികളും പിന്നീട് ഒരാളുടെകൂടി മരണം സ്ഥിരീകരിക്കുകയായിരുന്നു. ലോറിയിലുണ്ടായിരുന്ന രണ്ടുപേർ ഇസാഫ് ആശുപത്രിയിൽ ചികിത്സിലാണ്. ഇവരുടെ പരുക്ക് സാരമുള്ളതല്ലയെന്നാണ് അറിയുന്നത്. അപകടത്തിൽപ്പെട്ട വിദ്യാർഥികളെ തിരിച്ചറിഞ്ഞുവരുന്നതേയുള്ളു,
മരിച്ച ഒരാളുടെ മൃതദേഹം മദർകെയർ ആശുപത്രിയിലും മറ്റു മൂന്നു പേരുടെ മൃതദേഹം ഇസാഫ് ആശുപത്രിയിലുമാണ് സൂക്ഷിച്ചിരിക്കുന്നത്.
സിമന്റ് ലോഡുമായി പോവുകയായിരുന്ന ലോറിയാണ് അപകടമുണ്ടാക്കിയത്. അമിത വേഗത്തിലായിരുന്ന ലോറി കുട്ടികളെ ഇടിച്ചുതെറുപ്പിച്ച ശേഷം മറിയുകയായിരുന്നു. പാലക്കാട് കരിമ്പ ഹൈസ് സ്കൂളിലെ പ്ലസ് വൺ, പ്ലസ് ടു വിദ്യാർഥിനികളാണ് അപകടത്തിൽപ്പെട്ടത്. പരീക്ഷ കഴിഞ്ഞ് അഞ്ചുപേരടങ്ങിയ വിദ്യാർഥിനികൾ നടന്നുപോവുകയായിരുന്നു. ഇവർക്കിടയിലേക്ക് ലോറി നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഇതിൽ ഒരാൾ ഓടി രക്ഷപ്പെടുകയായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു.
ലോറിയ്ക്കടിയിൽപ്പെട്ട വിദ്യാർഥികളെ നാട്ടുകാർ രക്ഷപ്പെടുത്തി മണർക്കാട്ടെ ഇസാഫ് ആശുപത്രിയിലെത്തിച്ചെങ്കിലും മൂന്നു വിദ്യാർഥിനികൾ അപ്പോഴേക്കും മരിച്ചിരുന്നുവെന്നാണ് അറിയുന്നത്.
അപകടത്തിൽ നിയന്ത്രണം വിട്ട് മറിഞ്ഞ ലോറി ബെസിബിയുടെ സഹായത്തോടെ ഉയർത്തി. ലോറിയുടെ മുൻഭാഗം പൂർണമായും തകർന്ന നിലയിലാണ്. ഈ മേഖലയിൽ എപ്പോഴും അപകടങ്ങൾ നടക്കാറുണ്ടെന്നു നാട്ടുകാർ പറഞ്ഞു.