കൊൽക്കത്ത: ഐഐഎം ക്യാമ്പസിലെ പീഡന പരാതിയിൽ വൻ ട്വിസ്റ്റ്. തന്റെ മകൾ പീഡിപ്പിക്കപ്പെട്ടില്ലെന്നും ഓട്ടോറിക്ഷയിൽ നിന്ന് വീണാണ് പരുക്കേറ്റതെന്നും വ്യക്തമാക്കി പിതാവ് രംഗത്തെത്തി. തന്റെ മകൾ പീഡിപ്പിക്കപ്പെട്ടുവെന്ന്കാണിച്ചു പോലീസിന് പരാതി നൽകിയിട്ടില്ലെന്നും വൈദ്യ പരിശോധയ്ക്കിടെ പോലീസ് മകളോട് ചില കാര്യങ്ങൾ അങ്ങോട്ടു പറയാൻ ആവശ്യപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.
പീഡനത്തിനിരയായി എന്ന യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കോളേജിലെ രണ്ടാം വർഷ വിദ്യാർഥിയെ പോലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് അച്ഛന്റെ വെളിപ്പെടുത്തൽ. ഇതിനിടെ അറസ്റ്റിലായ പ്രതിയെ കോടതി ഏഴു ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു.
അതേസമയം ഐഐഎമ്മിലെ ആൺകുട്ടികളുടെ ഹോസ്റ്റലിൽ വച്ച് വിദ്യാർഥിനി ബലാത്സംഗത്തിനിരയായെന്ന പരാതിയിലാണ് കർണാടക സ്വദേശിയായ പർമാനന്ദ് ടോപ്പൗൻവാർ എന്ന സീനിയർ വിദ്യാർഥിയെ പോലീസ് അറസ്റ്റ് ചെയ്തത്. മറ്റൊരു കോളേജിൽ നിന്ന് കൗൺസിലിംഗ് സെഷനായി ഐഐഎമ്മിൽ എത്തിയ വിദ്യാർഥിനിയെ പ്രതി പീഡിപ്പിച്ചെന്നാണ് പോലീസ് കേസ്. ഐഐഎമ്മിലെത്തിയ വിദ്യാർഥിനിയെ യുവാവ് പരിചയപ്പെടുകയും കൗൺസിലിങ് നടക്കുന്ന സ്ഥലത്തിന് പകരം ഹോസ്റ്റലിലേക്ക് കൊണ്ടുപോയി പീഡിപ്പിച്ചെന്നും യുവതി ആരോപിച്ചതായി പോലീസ് പറഞ്ഞിരുന്നു. ഹോസ്റ്റലിലെത്തിച്ച പ്രതി പിസയും വെള്ളവും നൽകിയെന്നും ഇതിൽ മയക്കുമരുന്ന് കലർത്തിയിരുന്നതായും യുവതിയെ ഉദ്ധരിച്ച് എഫ്ഐആറിൽ രേഖപ്പെടുത്തിയിരുന്നു.
ഇതിൻപ്രകാരം ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 64, 123 എന്നീ വകുപ്പുകൾ പ്രകാരമാണ് പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. പക്ഷെ കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 9:34 ന് മകൾ ഒരു ഓട്ടോയിൽ നിന്ന് വീണു ബോധം നഷ്ടപ്പെട്ടുവെന്ന് അറിയിച്ച് തനിക്ക് ഫോൺ കോൾ വന്നിരുന്നുവെന്ന് പിതാവ് പറയുന്നു. പോലീസ് അവളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി തന്നോട് പറഞ്ഞിരുന്നു. കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അറിഞ്ഞു. താൻ മകളോട് സംസാരിച്ചു. ആരും തന്നെ പീഡിപ്പിക്കുകയോ, മോശമായി പെരുമാറുകയോ ചെയ്തിട്ടില്ലെന്നാണ് അവൾ പറയുന്നത്. എന്റെ മകൾ തിരിച്ചെത്തി, അവൾ സുഖമായിരിക്കുന്നു. അറസ്റ്റിലായ ആളുമായി അവൾക്ക് യാരൊരു ബന്ധവുമില്ലെന്നും പിതാവ് പറയുന്നു.
















































