തിരുവനന്തപുരം: മന്ത്രി വീണാ ജോര്‍ജിനെതിരേ ആക്രമണം കടുപ്പിച്ച ഏഷ്യാനെറ്റ് ന്യൂസിനെതിരേ തിരിച്ചടിയുമായി മന്ത്രിയും. കഴിഞ്ഞ ദിവസങ്ങളിലായി മന്ത്രിയെ ഉന്നമിട്ട് ചാനല്‍ നല്‍കിയ വാര്‍ത്തകള്‍ പലതിനും അപ്പപ്പോള്‍ മറുപടി നല്‍കിയാണു മന്ത്രി മുന്നോട്ടു പോകുന്നത്. ‘ഇനി പറയാതെ വയ്യ’ തലക്കെട്ടോടെയാണു മാധ്യമങ്ങളുടെ നിലപാടുകള്‍ മന്ത്രി തുറന്നു കാട്ടുന്നത്. വയനാട് വൈത്തിരി താലൂക്ക് ആശുപത്രിയുടെ ഉദ്ഘാടന ചടങ്ങിന് സംഘാകടര്‍ കരിമരുന്നു പ്രയോഗവും വാദ്യമേളങ്ങളും ഉപയോഗിച്ചതാണു ‘അത്യാഹിത വിഭാഗമാണെങ്കിലും പടക്കം പൊട്ടിക്കാതെ മന്ത്രി വീണയെ എങ്ങനെ വരവേല്‍ക്കും’ എന്ന തലക്കെട്ടോടെ വാര്‍ത്ത നല്‍കിയത്.
എന്നാല്‍, യുഡിഎഫ് ഭരിക്കുന്ന ബ്ലോക്ക് പഞ്ചായത്തിനു കീഴിലുള്ള ആശുപത്രി വികസന സമിതി ഒറ്റക്കെട്ടായി എടുത്ത തീരുമാന പ്രകാരമാണ് സ്വീകരണം ഒരുക്കിയതെന്നും ആഘോഷങ്ങളെക്കുറിച്ച് മുന്‍കൂര്‍ അറിഞ്ഞിരുന്നില്ലെന്നു മന്ത്രി പറഞ്ഞു. ആശുപത്രി പരിസരത്തു ചടങ്ങുകളോട് അനുബന്ധിച്ച് കരിമരുന്നു പ്രയോഗം പാടില്ലെന്നു ചൂണ്ടിക്കാട്ടി 2023ല്‍ പുറത്തിറക്കിയ സര്‍ക്കുലറും മന്ത്രി ചൂണ്ടിക്കാട്ടി. ഇതൊക്കെ മറച്ചുവച്ചാണു തനിക്കെതിരേ ചാനല്‍ വാര്‍ത്തകള്‍ പടച്ചുവിടുന്നതെന്നും മന്ത്രി പറഞ്ഞു.
മന്ത്രിയുടെ പോസ്റ്റ്
‘അത്യാഹിത വിഭാഗമായാലും പടക്കം പൊട്ടിക്കാതെ മന്ത്രി വീണയെ എങ്ങനെ വരവേല്‍ക്കും…’ ഇന്ന് ഏഷ്യാനെറ്റ് ന്യൂസ് പോസ്റ്റ് ചെയ്ത വാര്‍ത്തയുടെ ടൈറ്റിലാണ് ഇത്. പകയുടെ മാധ്യമപ്രവര്‍ത്തനം എങ്ങനെയാണ് ഏഷ്യാനെറ്റ് ന്യൂസ് എന്ന മാധ്യമസ്ഥാപനം നടത്തുന്നതെന്ന് ഈ വരികള്‍ അടിവരയിട്ട് വ്യക്തമാക്കുന്നു. 2016ല്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇറങ്ങിയപ്പോള്‍ തുടങ്ങിയതാണ് ഈ പക. നിരന്തരം വ്യക്തിപരമായി അക്രമിക്കുകയാണ് ഏഷ്യാനെറ്റ് ന്യൂസ്.
ഇനി ഇന്ന് അവര്‍ പോസ്റ്റ് ചെയ്ത നുണക്കഥയുടെ പൊരുളിലേക്ക്. വയനാട് വൈത്തിരി താലൂക്ക് ആശുപത്രിയുടെ ഉദ്ഘാടന ചടങ്ങിന് പടക്കം പൊട്ടിച്ചും ചെണ്ട കൊട്ടിയതുമാണ് വിഷയം. ചെണ്ട കൊട്ടുന്നതിലേയും പടക്കം പൊട്ടിക്കുന്നതിലേയും എന്റെ നിലപാട് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതും അത് തടഞ്ഞു കൊണ്ടുള്ള സര്‍ക്കുലര്‍ ഇറക്കിയിട്ടുള്ളതുമാണ്. ഇന്നത്തെ ഉദ്ഘാടന ചടങ്ങിലെ പ്രസംഗത്തിലും ഇത്തരം ചെണ്ട കൊട്ടലും പടക്കം പൊട്ടിക്കലും പാടില്ലെന്ന് ആവര്‍ത്തിച്ചു പറഞ്ഞിട്ടുണ്ട്. (ഇക്കാര്യം ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തയില്‍ ഇല്ല).
ചില ആശുപത്രി പരിപാടികളില്‍ വാദ്യവും പടക്കവുമൊക്കെ കണ്ടതിനെ തുടര്‍ന്ന് ഞാന്‍ നിര്‍ദേശിച്ചത് അനുസരിച്ച് 2023 മാര്‍ച്ച് 5ന് സര്‍ക്കാര്‍ (ആരോഗ്യവകുപ്പ് അഡീഷണല്‍ സെക്രട്ടറി) ഒരു സര്‍ക്കുലര്‍ ഇറക്കിയിരുന്നു. വിവിധ രോഗങ്ങളാല്‍ വലയുന്നവര്‍ക്കും ഗര്‍ഭിണികള്‍ക്കും നവജാത ശിശുക്കള്‍ക്കും പ്രയാസമുണ്ടാക്കും എന്നതു കൊണ്ട് ആശുപത്രി കോമ്പൗണ്ടിനുള്ളില്‍ ബാന്റ് മേളം, വാദ്യഘോഷങ്ങള്‍, കരിമരുന്ന് പ്രയോഗം മുതലായവ ഒഴിവാക്കുന്നു എന്ന് ഉറപ്പുവരുത്തേണ്ടതാണെന്ന് ആ സര്‍ക്കുലറില്‍ വ്യക്തമായി നിര്‍ദേശിച്ചിട്ടുള്ളതാണ്.
ആശുപത്രി വികസന സമിതി തീരുമാനിച്ച സ്വാഗത സംഘമാണ് വൈത്തിരിയില്‍ പരിപാടി നടത്തിയിരിക്കുന്നത്. യു.ഡി.എഫ് ഭരിക്കുന്ന ബ്ലോക്ക് പഞ്ചായത്തിന് പരിധിയിലാണ് ആശുപത്രി. ആശുപത്രി വികസന സമിതിയിലെ എല്ലാ പാര്‍ട്ടി അംഗങ്ങളും ചേര്‍ന്നാണ് ഉദ്ഘാടന ചടങ്ങ് എങ്ങനെ നടത്തണമെന്ന് തീരുമാനിച്ചതെന്നാണ് പിന്നീട് അന്വേഷിച്ചപ്പോള്‍ അറിയാന്‍ കഴിഞ്ഞത്.
ഇതാണ് യാഥാര്‍ത്ഥ്യമെന്നിരിക്കെ അങ്ങേയറ്റം പരിഹസിച്ച് കൊണ്ടും അല്ലെങ്കില്‍ ഞാന്‍ പറഞ്ഞിട്ട് ചെയ്തതാണെന്ന് വരുത്തിത്തീര്‍ക്കാനും കള്ളപ്രചരണം നടത്തിയും ദുഷ്ടലാക്കോടെയുള്ള തലക്കെട്ടുകള്‍ നല്‍കിയും പൊതുജനമധ്യത്തില്‍ അപകീര്‍ത്തിപ്പെടുത്തുകയാണ് ഏഷ്യനെറ്റ് ന്യൂസ്. തെറ്റ് റിപ്പോര്‍ട്ട് ചെയ്യുക തന്നെ വേണം. എന്നാല്‍ അതിനെക്കുറിച്ച് മുന്‍കൂട്ടി അറിയാത്ത എന്നെ ടാര്‍ജറ്റ് ചെയ്തുകൊണ്ടുള്ള വാര്‍ത്തയ്ക്കും ടൈറ്റിലിനും പിന്നില്‍ എന്നോടുള്ള വ്യക്തിപരമായ പക മാത്രമാണെന്ന് തിരിച്ചറിയാന്‍ ആര്‍ക്കും കഴിയും. മാധ്യമ ധാര്‍മ്മികത മറന്നുള്ള ഈ പക പോക്കല്‍ വരും തലമുറയ്ക്ക് നല്‍കുന്നത് തെറ്റായ സന്ദേശമാണ്. ഒരു കാലത്ത് പ്രഗത്ഭരായ മാധ്യമ പ്രവര്‍ത്തകരുണ്ടായിരുന്ന സ്ഥാപനത്തിന്റെ ഈ അധഃപതനം ദയനീയമാണ്.