കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിക്കെട്ടിടം തകർന്നുവീണു മരിച്ച തലയോലപ്പറമ്പ് ഉമ്മാംകുന്ന് മേപ്പത്തുകുന്നേൽ ഡി. ബിന്ദുവിന്റെ വീട്ടിൽ മന്ത്രി ആർ. ബിന്ദു സന്ദർശിച്ചു. ‘‘എന്റെ പേരും ബിന്ദുവെന്നാണ്. അമ്മയെപ്പോലെ കാണണം’’ എന്ന് ബിന്ദുവിന്റെ മകൻ നവനീതിനോട് മന്ത്രി പറഞ്ഞു.
സഹോദരി നവമി ചികിത്സയ്ക്കായി മെഡിക്കൽ കോളേജ് ആശുപത്രിയിലാണെന്നും, പൂർണ ആരോഗ്യത്തോടെ തിരിച്ചുവേണമെന്നും നവനീത് പറഞ്ഞു. അതിനായി ആരോഗ്യവകുപ്പ് എല്ലാ സജ്ജീകരണങ്ങളും ചെയ്തിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ബിന്ദുവിന്റെ ഭർത്താവ് വിശ്രുതനെയും അമ്മ സീതാലക്ഷ്മിയെയും മന്ത്രി ആശ്വസിപ്പിച്ചു.
ഇവരുടെ വീടിന്റെ നിർമാണം ഉന്നതവിദ്യാഭ്യാസവകുപ്പിന് കീഴിലുള്ള എൻഎസ്എസ് യൂണിറ്റുകൾ ചേർന്ന് പൂർത്തീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. ഇതുസംബന്ധിച്ച കരാർ കൈമാറി. 12.80 ലക്ഷം രൂപയുടെ എസ്റ്റിമേറ്റാണ്. അടുത്തദിവസംതന്നെ നിർമാണം തുടങ്ങും. 50 ദിവസത്തിനകം പൂർത്തിയാക്കും. എൻഎസ്എസ് വിദ്യാർഥികൾ സമാഹരിക്കുന്ന തുകയ്ക്കൊപ്പം സുമനസ്സുകളും സഹകരിക്കുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി പറഞ്ഞു.
സി.കെ. ആശ എംഎൽഎ, എൻഎസ്എസ് സംസ്ഥാന ഓഫീസർ ഡോ. ആർ.എൻ. അൻസാർ, എൻഎസ്എസ് മഹാത്മാഗാന്ധി സർവകലാശാലാ കോഡിനേറ്റർ ഡോ. ഇ.എൻ. ശിവദാസ് എന്നിവരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.