ന്യൂഡല്‍ഹി: അയോദ്ധ്യയ്ക്ക് പിന്നാലെ വാരണാസിയിലെ ഗ്യാന്‍വ്യാപി മസ്ജിദിന്റെയും മഥുരയിലെ ഈദ്ഗാഹിന്റെയും സ്ഥലങ്ങള്‍ കൂടി ഹിന്ദുക്കള്‍ക്ക് വിട്ടുകൊടുക്കണമെന്ന് ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭഗവത്. ഈ രണ്ട് ആവശ്യത്തെയും സംഘം പിന്തുണയ്ക്കുന്നതായി ആര്‍എസ്എസ് സര്‍സംഘചാലക് സൂചിപിച്ചു. ആര്‍എസ്എസിന്റെ നൂറാം വര്‍ഷത്തിന്റെ ഭാഗമായി നടന്ന മൂന്ന് ദിവസത്തെ പ്രഭാഷണ പരമ്പരയുടെ മൂന്നാമത്തെയും അവസാനത്തെയും ദിവസം നടത്തിയ പ്രഭാഷണത്തിലാണ് ഈ ആവശ്യം ഉന്നയിച്ചത്.
വാരണാസിയിലെ ഗ്യാന്‍വാപി മസ്ജിദിന്റെയും മഥുരയിലെ ഈദ്ഗാഹിന്റെയും സ്ഥലങ്ങള്‍ ഹിന്ദുക്കള്‍ക്ക് വിട്ടുകൊടുക്കണമെന്ന ആവശ്യത്തെ സംഘം പിന്തുണയ്ക്കുന്നതായി ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് സൂചിപ്പിച്ചു. ഈ സ്ഥലങ്ങള്‍ക്കുവേണ്ടിയുള്ള ഏതൊരു പ്രസ്ഥാനവുമായും ബന്ധപ്പെടാന്‍ സംഘ് സ്വയംസേവകര്‍ക്ക് സ്വാതന്ത്ര്യമുണ്ട്. വെറും മൂന്ന് സ്ഥലങ്ങളുടെ കാര്യമായതിനാല്‍ അവകാശവാദം ഉപേക്ഷിച്ചുകൊണ്ട് മറുഭാഗത്തിന് ഇതിനോട് പ്രതികരിക്കാമെന്നും ഭാഗവത് പറഞ്ഞു.
മുസ്ലിങ്ങള്‍ സ്വമേധയാ ഈ സ്ഥലങ്ങള്‍ കൈമാറണമെന്ന് ഭാഗവത് നിര്‍ദ്ദേശിച്ചു. ഹിന്ദു സംഘടനയുടെ നേതാവായ എന്നോട് സ്വയംസേവകര്‍ പോലും ചോദ്യങ്ങള്‍ ചോദിക്കാറുണ്ട്. ഇത് സാഹോദര്യത്തിലേക്കുള്ള വലിയൊരു ചുവടുവെപ്പായിരിക്കും ഈ മൂന്ന് സ്ഥലങ്ങളും എടുത്തോളൂ എന്ന് പറയാന്‍ അതുകൊണ്ട് അപ്പുറത്തുള്ളവരും അല്പം വിട്ടുവീഴ്ച ചെയ്യേണ്ടതുണ്ട്.
രാമക്ഷേത്രമായിരുന്നു സംഘം പങ്കെടുത്ത ഒരേയൊരു പ്രസ്ഥാനം, അത് ഞങ്ങള്‍ അവസാനം വരെ കൊണ്ടുപോയി. ഇനി മറ്റ് പ്രസ്ഥാനങ്ങളില്‍ സംഘം പങ്കെടുക്കില്ല. എന്നാല്‍ ഹിന്ദു മനസുകളില്‍ കാശി, മഥുര, അയോധ്യ എന്നീ മൂന്നിനും പ്രാധാന്യമുണ്ട്. രണ്ടെണ്ണം ജന്മസ്ഥലങ്ങളാണ്, ഒന്ന് നിവാസ സ്ഥലമാണ്. ഹിന്ദു സമൂഹം ഇതിനുവേണ്ടി ആവശ്യപ്പെടും. ഇതില്‍ സംഘ് സ്വയംസേവകര്‍ക്ക് പങ്കെടുക്കാം. എന്നാല്‍ ഈ മൂന്ന് സ്ഥലങ്ങളൊഴികെ, ഞാന്‍ പറഞ്ഞതുപോലെ, എല്ലാ സ്ഥലങ്ങളിലും അമ്പലമോ ശിവലിംഗമോ തിരയരുതെന്നും പറഞ്ഞു.
2019-ല്‍ ബാബരി മസ്ജിദ് പൊളിച്ച സ്ഥലത്ത് അമ്പലം പണിയുന്നതിനായി ഹിന്ദു പക്ഷത്തിന് വിട്ടുകൊടുത്തുകൊണ്ടുള്ള അയോധ്യ വിധിക്ക് ശേഷം, കാശി, മഥുര തര്‍ക്കങ്ങളുമായി ബന്ധപ്പെട്ട് ആര്‍എസ്എസ് ഒരു പ്രക്ഷോഭങ്ങളിലും ഏര്‍പ്പെടില്ലെന്ന് ഭാഗവത് സൂചിപ്പിച്ചിരുന്നു. ആര്‍എസ്എസിന്റെ ‘സംഘ് യാത്രയുടെ 100 വര്‍ഷങ്ങള്‍ – പുതിയ ചക്രവാളങ്ങള്‍’ എന്ന പ്രഭാഷണ പരമ്പരയുടെ സമാപനമായിരുന്നു വ്യാഴാഴ്ച. പരിപാടിയില്‍ പങ്കെടുത്തവര്‍ നല്‍കിയ 218 ചോദ്യങ്ങള്‍ക്ക് ഭാഗവത് ഉത്തരം നല്‍കി.