മഞ്ചേരി: 18കാരിയുടെ ആത്മഹത്യയില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കാരക്കുന്നില്‍ ജീവനൊടുക്കിയ യുവതിയ്ക്ക് നിക്കാഹിന് സമ്മതക്കുറവുണ്ടായിരുന്നതായി പോലീസ്. യുവതിക്ക് അയല്‍വാസിയുമായി പ്രണയം ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു. ആമയൂർ റോഡ് പുതിയത്ത് വീട്ടിൽ പരേതനായ ഷർഷ സിനിവറിന്റെ (ഇബ്നു) മകൾ ഷൈമ സിനിവറിനെ (18) ആണ് ഇന്നലെ (ഫെബ്രുവരി 3, തിങ്കളാഴ്ച) വൈകീട്ട് അഞ്ചരയോടെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഷൈമ അയല്‍വാസിയുമായി ഇഷ്ടത്തിലായിരുന്നു. ഇയാളെ വിവാഹം കഴിക്കാനായിരുന്നു ഷൈമയ്ക്ക് താത്പര്യം. എന്നാൽ, മറ്റൊരാളുമായുള്ള വിവാഹമാണ് വീട്ടുകാര്‍ ഉറപ്പിച്ചത്.
പെണ്‍കുട്ടി ആത്മഹത്യ ചെയ്തതിന് പിന്നാലെ അയല്‍വാസിയായ 19കാരനും ആത്മഹത്യയ്ക്ക് ശ്രമിച്ചു. കൈ ഞെരമ്പ് മുറിച്ചാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇയാളെ മഞ്ചേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. പിതാവിന്‍റെ മരണത്തെ തുടര്‍ന്ന് അദ്ദേഹത്തിന്‍റെ സഹോദരന്‍റെ കാരക്കുന്നിലെ വീട്ടിലായിരുന്നു ഷൈമയുടെ താമസം. വീടിന്‍റെ ടെറസിലുള്ള കമ്പിയിൽ കഴുത്തിൽ ഷാൾ ഉപയോഗിച്ച് തൂങ്ങിയനിലയിലായിരുന്നു ഷൈമയെ കണ്ടെത്തിയത്. വെള്ളിയാഴ്ചയായിരുന്നു ഷൈമയുടെ നിക്കാഹ് നടന്നത്.
ഷൈമയുടെ മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് ഉച്ചയ്ക്ക് കാരക്കുന്ന് വലിയ ജുമാമസ്ജിദിൽ കബറടക്കി. കാരക്കുന്ന് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു പഠനത്തിന് ശേഷം പിഎസ്‌സി പരീക്ഷാ പരിശീലനം നടത്തുകയായിരുന്നു ഷൈമ.