തൃശൂർ: രാത്രി പതിനൊന്നുമണിയോടെ ആണ് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍റെ വീടിനു മുമ്പില്‍ സ്ഫോടന ശബ്ദം കേൾക്കുന്നത്. അതിന് ശേഷം നാടകീയ സംഭവങ്ങളാണ് തൃശര് നഗരത്തിൽ നടന്നത്. ഉല്‍സവം, പെരുന്നാള്‍ ആഘോഷങ്ങളൊന്നുമില്ല. ക്രിക്കറ്റ്, ഫുട്ബോള്‍ മല്‍സരങ്ങളില്‍ ആവേശ പോരാട്ടങ്ങളും ഉണ്ടായില്ല. പിന്നെ എന്തായിരുന്നു സ്ഫോടനത്തിന് കാരണം..
സ്ഫോടനം നടന്ന ഉടൻതന്നെ ശോഭാ സുരേന്ദ്രന്‍ ഉടനെ ബി.ജെ.പി. നേതാക്കളെ അറിയിച്ചു. അവര്‍ പൊലീസിനേയും അറിയിച്ചു. വിവരമറിഞ്ഞ് തൃശൂര്‍ എ.സി.പി.: സലീഷ് എന്‍. ശങ്കരനും വന്‍പൊലീസ് സംഘവും സ്ഥലത്തെത്തി. അര്‍ധരാത്രിയില്‍ അയ്യന്തോളില്‍ വലിയ പടയൊരുക്കംതന്നെ പൊലീസ് നടത്തി. ബി.ജെ.പിയുടെ പ്രധാനപ്പെട്ട നേതാവായതിനാല്‍ അന്വേഷണത്തില്‍ ഗൗരവം കുറച്ചില്ല. പൊലീസ് കണ്‍ട്രോള്‍ റൂമില്‍ നിന്നും ഈസ്റ്റ്, വെസ്റ്റ് പൊലീസ് സ്റ്റേഷനുകളില്‍ നിന്നും ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി. പടക്കം പൊട്ടിച്ചവരെ തേടി അന്വേഷണം വ്യാപകമാക്കി. ശോഭാ സുരേന്ദ്രന്‍റെ തൊട്ടുമുമ്പിലുള്ള വീടിന്‍റെ ഗേറ്റിനു സമീപമായിരുന്നു പൊട്ടിത്തെറിയുടെ അവശിഷ്ടങ്ങള്‍.
ഫൊറന്‍സിക് പരിശോധന കഴിയാതെ എന്താണ് പൊട്ടിയതെന്ന് പൊലീസ് ഔദ്യോഗികമായി പറഞ്ഞില്ല. സിറ്റി പൊലീസ് കമ്മിഷണര്‍ ആര്‍. ഇളങ്കോ നടത്തിയ പ്രാഥമിക പരിശോധനയില്‍ പടക്കമാണെന്ന് പറഞ്ഞു. പിന്നെ, ആര് പൊട്ടിച്ചെന്നായി. സിസിടിവി നോക്കി ആ സമയം കടന്നുപോയ ബൈക്ക് കണ്ടെത്തി. ആ ബൈക്ക് ആരുടേതാണെന്ന അന്വേഷണം ചെന്നുപ്പെട്ടത് അയ്യന്തോള്‍ സ്വദേശികളായ വിദ്യാര്‍ഥികളുടെ അടുത്താണ്. ശോഭാ സുരേന്ദ്രന്‍റെ അയല്‍പക്കത്തെ വീട്ടിലുള്ള യുവാവിനെ കാണാന്‍ വന്നപ്പോള്‍ സുഹൃത്തുക്കള്‍ ചെറിയ ഗുണ്ട് പൊട്ടിച്ചതായിരുന്നു.
ഇവര്‍ പിരിഞ്ഞ ശേഷമാണ് പൊലീസ് വരുന്നതും പ്രശ്നമാകുന്നതും. ഇതോടെ, അവര്‍ മിണ്ടാതിരുന്നു. പൊലീസ് പിടികൂടുമോയെന്ന പേടിയിലാണ് ഇവര്‍ മൗനം പാലിച്ചത്. മാധ്യമങ്ങളില്‍ വാര്‍ത്ത കൂടി വന്നതോടെ മൗനം തുടര്‍ന്നു. മൂന്നു യുവാക്കളും പടക്കം പൊട്ടിച്ചതിന്‍റെ കഥ പൊലീസിനോട് വിവരിച്ചു. ഈസ്റ്ററിനു പൊട്ടിക്കാന്‍ വാങ്ങിയ പടക്കമാണിതെന്ന് യുവാക്കള്‍ പൊലീസിനോട് പറഞ്ഞു. മുപ്പത്തിയഞ്ചു രൂപയുടെ ചെറിയ ഗുണ്ടാണിതെന്ന് യുവാക്കള്‍ പൊലീസിനോട് പറഞ്ഞു. തൃശൂര്‍ കുട്ടനെല്ലൂരില്‍ നിന്നാണ് വാങ്ങിയത്. നിസാര കേസെടുത്ത് വിദ്യാര്‍ഥികളെ പൊലീസ് വിട്ടയ്ക്കാന്‍ തീരുമാനിച്ചു. സംഭവത്തിന്‍റെ നിജസ്ഥിതി പുറത്തുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി. നഗരത്തില്‍ പ്രകടനം നടത്തിയിരുന്നു. ഇന്നുരാവിലെ ശോഭാ സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞത് എനിക്ക് നേരെയുള്ള ആക്രമണമാണ് ഇതെന്നായിരുന്നു.