തൃശൂര്‍: കെ. മുരളീധരന്റെ തോല്‍വി സംബന്ധിച്ച് അന്വേഷണക്കമ്മീഷന്റെ റിപ്പോര്‍ട്ടു പുറത്തുവിട്ട മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ പോലീസില്‍ പരാതി നല്‍കിയ കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കരയുടെ നടപടി കെപിസിസിയെ തിരിഞ്ഞു കൊത്തും. തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ക്കും ഡിജിപിക്കും നല്‍കിയ പരാതിയില്‍ ഉടന്‍ നടപടിയെടുക്കാന്‍ ഡിജിപി നിര്‍ദേശം നല്‍കി.
അന്വേഷണ കമ്മീഷന്‍ അംഗമായ കെ.സി. ജോസഫ് ‘റിപ്പോര്‍ട്ടില്‍ ഇങ്ങനെയൊരു പരാമര്‍ശമില്ല’ എന്നു ഫോണില്‍ വിളിച്ച് അറിയിച്ചെന്നു ചൂണ്ടിക്കാട്ടിയാണ് അനിലിന്റെ പരാതി. ഇക്കാര്യം മാധ്യമങ്ങളോടുള്ള പ്രതികരണത്തിലും കെ.സി. ജോസഫ് ആവര്‍ത്തിച്ചിട്ടുണ്ട്. എന്നാല്‍, തൃശൂര്‍ ജില്ലയിലെ പ്രശ്‌നങ്ങള്‍ കണ്ടെത്തി, പരിഹാരമടക്കം കെപിസിസിക്കുള്ള നല്‍കുകയാണ് അന്വേഷണ കമ്മീഷന്റെ ചുമതല. ഇതില്‍ തീരുമാനമെടുക്കേണ്ടത് കെപിസിസിയും കോണ്‍ഗ്രസ് അധ്യക്ഷനായ കെ. സുധാകരനുമാണ്.
കെ. സുധാകരന്‍ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. റിപ്പോര്‍ട്ടിലെ കാര്യങ്ങള്‍ അറിയില്ലെന്ന ഒഴുക്കന്‍ മറുപടിയാണു പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും നല്‍കിയത്. ആരോപണ വിധേയര്‍ക്കു റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്നു ചൂണ്ടിക്കാട്ടി തൃശൂര്‍ ജില്ലയിലെ വിമത വിഭാഗം ഇപ്പോള്‍തന്നെ രംഗത്തുവന്നിട്ടുണ്ട്. റിപ്പോര്‍ട്ട് പുറത്തുവന്നാല്‍തന്നെ അതിലെ നിഷ്പക്ഷതയിലും സംശയം ഉയരും. വിവാദത്തിന്റെ പശ്ചാത്തലത്തില്‍ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ മാറ്റിയെഴുതാനുള്ള സാധ്യതയും ഇവര്‍ തള്ളിക്കളയുന്നു. എന്നാല്‍, തങ്ങളടക്കമുള്ളവര്‍ ഉന്നയിച്ച പരാതി റിപ്പോര്‍ട്ടില്‍ ഉള്‍ക്കൊള്ളിച്ചില്ലെങ്കില്‍ വീണ്ടും പ്രതിഷേധവുമായി രംഗത്തെത്തുമെന്ന് ഇവര്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.
അനില്‍ അക്കരയുടെ പരാതി അടിയന്തരമായി അന്വേഷിക്കണമെന്നാണ് ഡിജിപിയുടെ നിര്‍ദേശം. മാധ്യമ പ്രവര്‍ത്തകര്‍ക്കു ചോര്‍ന്നു കിട്ടിയ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ വിവരം വ്യജമാണെന്നും പരാതിയില്‍ പറയുന്നു. ഈ സാഹചര്യത്തില്‍ തെളിവെടുപ്പിന്റെ ഭാഗമായി ഒറിജിനല്‍ റിപ്പോര്‍ട്ടോ, റിപ്പോര്‍ട്ടിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പോ പോലീസിനു കൈമാറേണ്ടിവരും. അനിലിന്റെ പരാതിയോടെ അന്വേഷണ റിപ്പോര്‍ട്ട് അനന്തകാലത്തേക്കു പൂഴ്ത്താനുള്ള കോണ്‍ഗ്രസിന്റെ നീക്കത്തിനും തടസമാകും. റിപ്പോര്‍ട്ട് കെപിസിസിക്കു സമര്‍പ്പിച്ച് ഏഴുമാസത്തിലേറെയായിട്ടും ഒരുവരിപോലും വെളിച്ചംകണ്ടിട്ടില്ല. പോലീസ് അന്വേഷണം മുന്നോട്ടു പോകണമെങ്കില്‍ യഥാര്‍ഥ പ്രതി ലഭിക്കുകയല്ലാതെ മാര്‍ഗമില്ല. മാധ്യമങ്ങളെ പ്രതിചേര്‍ത്ത് അന്വേഷണം മുന്നോട്ടുപോയാല്‍ പ്രതിഭാഗം മാധ്യമങ്ങള്‍ക്കും റിപ്പോര്‍ട്ടിന്റെ കോപ്പി ലഭിക്കും. അവനവന്‍ കുഴിച്ച കുഴിയില്‍ വീഴുന്നതിനു തുല്യമാകും ആരോപണ വിധേയരായ നേതാക്കളുടെ സ്ഥിതി.
അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവരുന്നതിനു വിമത നേതാക്കള്‍ തന്ത്രപൂര്‍വം കളിച്ച കളിയില്‍ അനില്‍ അക്കര വീഴുകയായിരുന്നെന്നും ചൂണ്ടിക്കാട്ടുന്നു. ഡല്‍ഹിയിലെ മലയാളി നേതാവിന്റെ മൗന സമ്മതവും ഇതിനു പിന്നിലുണ്ടെന്നാണു വിവരം. റിപ്പോര്‍ട്ടിന്റെ പകര്‍പ്പിന്റെ ഏതാനും പേജുകള്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി മാധ്യമ പ്രവര്‍ത്തകര്‍ക്കു ലഭിച്ചിരുന്നു. ഇതിന്റെ ആധികാരികത വ്യക്തമല്ലാത്തതിനാല്‍ പുറത്തുവിട്ടില്ല. എന്നാല്‍, റിപ്പോര്‍ട്ട് യഥാര്‍ഥമാണെന്നു ചില നേതാക്കള്‍ പരോക്ഷമായി സമ്മതിച്ചതോടെ മാധ്യമങ്ങള്‍ പുറത്തുവിടുകയായിരുന്നു.
വിവാദങ്ങളെ അവഗണിക്കുന്നതിനു പകരം അനാവശ്യമായി ചര്‍ച്ചയിലേക്കു കൊണ്ടുവരുന്നത് അനിലിന്റെ ഇത്തരം നീക്കങ്ങളാണെന്ന് ഇപ്പോള്‍തന്നെ പരാതിയുണ്ട്. മറ്റുള്ളവര്‍ക്കെതിരേ ലൈസന്‍സില്ലാതെ എന്തും വിളിച്ചു പറയുന്ന അനില്‍ അക്കര, തനിക്കെതിരേ വരുന്ന ആരോപണങ്ങളെ സഹിഷ്ണുതയോടെ നേരിടാന്‍ പഠിക്കണമെന്നും ഇവര്‍ പറയുന്നു. മുമ്പ് എ.സി. മൊയ്തീന്‍ എംഎല്‍എയ്‌ക്കെതിരേ അനില്‍ നടത്തിയ പരാമര്‍ശം വാര്‍ത്തയാക്കിയ മാധ്യമങ്ങള്‍ക്കു പോലും കോടികളുടെ മാനനഷ്ടക്കേസ് നേരിടേണ്ട സ്ഥിതിയാണ്.