കൊൽക്കത്ത: പശ്ചിമ ബംഗാളിൽ നടന്നുകൊണ്ടിരിക്കുന്ന പ്രത്യേക ഇൻ്റൻസീവ് റിവിഷനിൽ (എസ്ഐആർ) കഴിഞ്ഞ 20 വർഷമായി ആരും മരിക്കുകയോ, സ്ഥലം മാറുകയോ, ആർക്കെങ്കിലും ഇരട്ട വോട്ടുണ്ടാകുകയോ ചെയ്തിട്ടില്ലെന്ന് കണ്ടെത്തൽ. ഇതോടെ വ്യാപക ക്രമക്കേടുകൾ നടക്കുന്നതായി ആരോപണമുയർന്നു. 2,208 ബൂത്തുകളിൽ വിതരണം ചെയ്ത എൻന്യൂമറേഷൻ ഫോമുകൾ പൂർണമായും തിരികെ ലഭിച്ചതാണ് സംശയങ്ങൾക്ക് വഴിവച്ചത്. അതായത് ഈ ബൂത്തുകളിൽ ആരും മരിക്കുകയോ സ്ഥലം മാറുകയോ ആർക്കെങ്കിലും ഇരട്ട വോട്ടുണ്ടാകുകയോ ചെയ്തിട്ടില്ല. ഇതോടെ പലകോണുകളിൽ നിന്നും വ്യാപക പ്രതിഷേധമുയർന്നു. ഇതോടെ തിരഞ്ഞെടുപ്പ് കമ്മിഷൻ ജില്ലകളിൽ നിന്ന് വിശദമായ റിപ്പോർട്ടുകൾ ആവശ്യപ്പെട്ടു. പിന്നാലെ ബൂത്തുകളുടെ എണ്ണം 2,208 ൽ നിന്ന് 480 ആയി ചുരുങ്ങി.
‘2,200-ൽ അധികം ബൂത്തുകളിൽ എൻന്യൂമറേഷൻ ഫോമുകൾ പൂർണമായും തിരികെ ലഭിച്ചു, അതായത് അവിടെ ആരും മരിക്കുകയോ സ്ഥലം മാറുകയോ ചെയ്തിട്ടില്ല. എന്നാൽ തിരഞ്ഞെടുപ്പ് കമ്മിഷൻ ജില്ലാ കളക്ടറോട് റിപ്പോർട്ട് ആവശ്യപ്പെട്ടപ്പോൾ അത് പെട്ടെന്ന് 480 ബൂത്തുകളായി കുറഞ്ഞു. ഇത് മാന്ത്രികവിദ്യയാണോ? ബംഗാളിൽ മാത്രമേ ഇത് സംഭവിക്കൂ’ ബിജെപി കേന്ദ്രമന്ത്രി സുകാന്ത മജുംദാർ പറഞ്ഞു.
അതേസമയം 24 മണിക്കൂറിനുള്ളിൽ സംഭവിച്ച ഈ ഗണ്യമായ കുറവ് ക്രമക്കേടുകൾ നടക്കുന്നതായുള്ള ആരോപണങ്ങൾ ശക്തമാക്കുന്നു. ഇത്രയും വലിയ മാറ്റം എങ്ങനെ സംഭവിച്ചു എന്നതാണ് ഉയരുന്ന ചോദ്യം. ഡാറ്റ അപ്ഡേഷൻ തുടർച്ചയായി നടക്കുന്നതാണ് വ്യത്യാസങ്ങൾക്ക് കാരണമെന്നും എന്നാൽ വിഷയം നിരീക്ഷിക്കുന്നുണ്ടെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കുന്നു. ഇതിനിടെ പശ്ചിമ ബംഗാളിൽ തിങ്കളാഴ്ച വൈകുന്നേരം 5 മണി വരെ 46.20 ലക്ഷം എൻന്യൂമറേഷൻ ഫോമുകളാണ് തിരികെ ലഭിച്ചത്. 22.28 ലക്ഷം പേർ മരിച്ചതായും 6.41 ലക്ഷം ആളുകളെ കണ്ടെത്താനായില്ലെന്നും 16.22 ലക്ഷം ആളുകൾ സ്ഥലം മാറിയതായും 1.05 ലക്ഷം ഇരട്ട വോട്ടുകൾ ഉള്ളതായും ഇതുവരെ കണ്ടെത്തിയിട്ടുണ്ട്.

















































