ദുബായ്: ഗൾഫ് രാജ്യങ്ങൾക്കു പിന്തുണയും സൈനിക സേവനവും ഉറപ്പു നൽകി യുക്രെയിൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി. യുക്രെയിൻ എന്നാൽ ഇന്നു സഹായം തേടുന്ന ഒരു രാജ്യം മാത്രമല്ല, മറ്റുള്ളവരെ സഹായിക്കാനും ശേഷിയുള്ള രാജ്യമാണെന്ന് സെലെൻസ്കി പറഞ്ഞു.
പ്രതിരോധ രംഗത്തു 10 വർഷം നീളുന്ന സഹകരണത്തിന് സൗദിയുമായും ഖത്തറുമായും സെലെൻസ്കി കരാർ ഒപ്പുവച്ചു. ഉൽപാദന മേഖലയിൽ സഹകരണ സ്ഥാപനങ്ങൾ വരും. പുതിയ പ്ലാന്റുകൾ ഗൾഫിലും യുക്രെയിനിലും നിർമിക്കുമെന്നും അദ്ദേഹം പറഞ്ഞു. യുഎഇയിൽ വ്യോമ പ്രതിരോധ മേഖലയിൽ പ്രവർത്തിക്കുന്ന യുക്രെയിൻ സൈനികരുമായി സെലൻസ്കി കൂടിക്കാഴ്ച നടത്തി.
ഇറാൻ നടത്തുന്ന തീവ്രവാദ ആക്രമണങ്ങളെ അങ്ങേയറ്റം വിവേകത്തോടെയാണ് യുഎഇ നേരിടുന്നതെന്നു സെലെൻസ്കിയുമായി കൂടിക്കാഴ്ചയിൽ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞു. സ്വയം പ്രതിരോധത്തിനു യുഎഇ സുസജ്ജമാണ്.
ഇറാൻ തീവ്രവാദികൾ യുഎഇയുടെ ജനങ്ങളെയും സമ്പത്തിനെയുമാണ് ലക്ഷ്യമിടുന്നതെന്നും അതിനെ എന്തു വിലകൊടുത്തും ചെറുത്തു തോൽപിക്കുമെന്നും ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. സമഗ്ര സാമ്പത്തിക സഹകരണം ഉൾപ്പെടെ വിവിധ സഹകരണ പദ്ധതികൾ സംബന്ധിച്ചും യുഎഇ –യുക്രെയിൻ ചർച്ച നടന്നു.
















































