മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റ് താരം യുസ്‍വേന്ദ്ര ചെഹലും ധനശ്രീ വർമയും വിവാഹ ബന്ധം അവസാനിപ്പിക്കാനുണ്ടായ കാരണം പുറത്ത്. പരസ്പര സമ്മതത്തോടെ വിവാഹ ബന്ധം പിരിയാനായി കോടതിയെ സമീപിച്ച ചെഹലിനും ധനശ്രീക്കും മാർച്ച് 20നാണ് കോടതി വിവാഹമോചനം അനുവദിച്ചത്. യുസ്‌വേന്ദ്ര ചെഹലിന് ഐപിഎല്ലിൽ കളിക്കേണ്ടതിനാൽ നിയമനടപടികൾ വേഗത്തില്‍ തീർക്കുകയായിരുന്നു. താമസിക്കുന്ന സ്ഥലത്തെച്ചൊല്ലിയാണ് ചെഹലിനും ധനശ്രീക്കും ഇടയിൽ പ്രശ്നങ്ങൾ തുടങ്ങുന്നതെന്ന് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.
വിവാഹത്തിനു പിന്നാലെ ചെഹലും ധനശ്രീയും ഹരിയാനയിൽ ചെഹലിന്റെ കുടുംബ വീട്ടിലാണു താമസിച്ചിരുന്നത്. എന്നാൽ മുംബൈയിൽ താമസിക്കണമെന്നായിരുന്നു ധനശ്രീയുടെ ആഗ്രഹം. ഇതു നടക്കില്ലെന്നും രക്ഷിതാക്കളെ ഒറ്റയ്ക്കാക്കി പോകില്ലെന്നുമായിരുന്നു ചെഹലിന്റെ നിലപാട്. ഇതോടെ ഇരുവരും തമ്മിലുള്ള ബന്ധത്തിൽ പ്രശ്നങ്ങളും തുടങ്ങി. അത്യാവശ്യം വരുമ്പോൾ മുംബൈയിൽ വന്നുപോകാം എന്നായിരുന്നു ധനശ്രീയുടെ ആവശ്യത്തിന് ചെഹൽ നൽകിയ മറുപടി.
2020 ഡിസംബറിലാണു ചെഹലും ധനശ്രീയും വിവാഹിതരാകുന്നത്. എന്നാൽ 2022 മുതൽ ഇരുവരും വേർപിരിഞ്ഞു കഴിയുകയാണ്. ഇതുകൂടി പരിഗണിച്ചാണ് വിവാഹമോചനം വേഗത്തിലാക്കാൻ കോടതി തീരുമാനിച്ചത്. സാധാരണ വിവാഹ മോചനക്കേസുകളിൽ ആറു മാസത്തെ കാലതാമസം കോടതി തന്നെ അനുവദിക്കാറുണ്ട്. പക്ഷേ പ്രത്യേക സാഹചര്യം പരിഗണിച്ച് ചെഹലിനും ധനശ്രീക്കും ഇക്കാര്യത്തിൽ ഇളവു നൽകി.
4.75 കോടി രൂപയാണ് ചെഹലിൽനിന്ന് ധനശ്രീ ജീവനാംശമായി വാങ്ങിയത്. 2.37 കോടി രൂപ നേരത്തേ നൽകിയതായും, ബാക്കി തുക ഉടൻ നൽകുമെന്നും ചെഹൽ കോടതിയെ അറിയിച്ചിരുന്നു. ഐപിഎൽ മത്സരങ്ങൾക്കായി പഞ്ചാബ് കിങ്സിന്റെ ക്യാംപിലാണ് ചെഹൽ ഇപ്പോഴുള്ളത്.